ആശങ്കവേണ്ട, അനന്തസാധ്യതകൾ

കോട്ടയം എസ്‌എസ്‌എൽസിക്കുശേഷം ഉപരിപഠനം എങ്ങനെയെന്ന് ആശങ്കവേണ്ട, വിദ്യാർഥികളെ കാത്ത് അനന്തസാധ്യതകൾ. ജില്ലയിൽ എച്ച്‌എസ്‌ഇ, വിഎച്ച്‌എസ്‌ഇ, ഐടിഐ, പോളിടെക്‌നിക് അടക്കം ആകെ 29,305 സീറ്റുകളുണ്ട്. 9,302 ആൺകുട്ടികളും 9,193 പെൺകുട്ടികളും അടക്കം 18,495 വിദ്യാർഥികളാണ് ജില്ലയിൽ എസ്‌എസ്‌എൽസി പരീക്ഷയെഴുതി ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇവർക്കെല്ലാം ജില്ലയിൽ തന്നെ ഉപരിപഠനം നടത്താനുള്ള സീറ്റുകളുമുണ്ട്. എച്ച്‌എസ്‌ഇ –- 21,989, വിഎച്ച്‌എസ്‌ഇ –-2,250, ഐടിഐ–- 4,086, പോളിടെക്‌നിക്–-980 എന്നിങ്ങനെയാണ് ജില്ലയിലെ സീറ്റുകളുടെ എണ്ണം. പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായി അപേക്ഷ സ്വീകരിച്ചു തുടങ്ങി. 20 വരെ ഓൺലൈനായി സമർപ്പിക്കാം. പൂർണമായും ഓൺലൈനായാണ് പ്രവേശന നടപടി. ട്രയൽ അലോട്ട്‌മെന്റ് 24നും ആദ്യ അലോട്ട്‌മെന്റ് ജൂൺ രണ്ടിനും രണ്ടാം അലോട്ട്‌മെന്റ് ജൂൺ 10നും മൂന്നാം അലോട്ട്‌മെന്റ് ജൂൺ 16നും നടക്കും. ജൂൺ 18ന് പ്ലസ്‌വൺ ക്ലാസുകൾ ആരംഭിക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ഒഴിവുകൾ നികത്തി ജൂലൈ 23ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂളുകളിലെ പ്രവേശനവും ഏകജാലക സംവിധാനത്തിലൂടെയാണ്. ഉപരിപഠനത്തിന് യോഗ്യത നേടാത്ത റെഗുലർ വിദ്യാർഥികൾക്കുള്ള സേ പരീക്ഷ 28 മുതൽ ജൂൺ രണ്ടുവരെ നടക്കും. ജൂൺ അവസാനം ഫലം പ്രഖ്യാപിക്കും. മൂന്ന് വിഷയങ്ങൾക്കുവരെ സേ പരീക്ഷ എഴുതാം. എല്ലാ ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളിലും ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കൻഡറി പ്രവേശന വെബ്‌സൈറ്റായ https://hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.
0 comments