സമരമുഖങ്ങളിലെ കരുത്ത്

സിപിഐ എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടി ആർ രഘുനാഥനെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഹസ്‌തദാനം ചെയ്യുന്നു
കോട്ടയം വിദ്യാർഥി പ്രസ്ഥാനത്തിൽ തുടങ്ങി, യുവജന പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന ടി ആർ രഘുനാഥൻ എന്നും തൊഴിലാളിവർഗത്തിന്റെ അവകാശപ്പോരാട്ടങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. യുവജനപ്രസ്ഥാനത്തിലെ പ്രവർത്തനകാലം മുതൽ അനിതരസാധാരണമായ സംഘാടനപാടവവും വാക്‌ചാതുരിയും പ്രകടിപ്പിച്ചു. പന്ത്രണ്ട് വർഷമായി ജില്ലയിലെ സിഐടിയുവിന്റെ അമരക്കാരനായ ടി ആർ സിപിഐ എം ജില്ലാ സെക്രട്ടറിയായി സ്ഥാനമേൽക്കുമ്പോൾ ഇടതുപക്ഷ പുരോഗമനവീക്ഷണമുള്ള തൊഴിലാളികളാകെ ആഹ്ലാദത്തിലാണ്. അധ്വാനവർഗത്തിന്റെ അവകാശസമരങ്ങളിൽ എന്നും നേതൃനിരയിൽത്തന്നെയായിരുന്നു ടി ആർ രഘുനാഥന്റെ സ്ഥാനം. പഠനകാലം മുതൽ മികച്ച രാഷ്‌ട്രീയ അടിത്തറയിലൂടെ ഉയർന്ന അദ്ദേഹം പൊതുവിഷയങ്ങളിൽ വ്യക്തമായ നിലപാടുകളെടുത്തു. ബസേലിയസ് കോളേജിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. ഡിവൈഎഫ്‌ഐയിലും യൂണിറ്റ് ഭാരവാഹി മുതൽ ജില്ലാ പ്രസിഡന്റ് സ്ഥാനം വരെയെത്തി. ഏരിയ സെക്രട്ടറിയായി അയർക്കുന്നത്തെ പാർടിയെ നയിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ച് ബ്ലോക്ക് പ്രസിഡന്റായി ഭരണരംഗത്തും മികവുകാട്ടി. അയർക്കുന്നത്തെ ബിവറേജസ് വെയർഹൗസുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളികൾ നടത്തിയ 75 ദിവസം നീണ്ട ശക്തമായ സമരത്തിന് നേതൃത്വം നൽകിയത് ടി ആർ രഘുനാഥനായിരുന്നു. പുന്നത്തുറ, ആറുമാനൂർ ഭാഗങ്ങളിൽ ഇഷ്‌ടികനിർമാണ മേഖലയിലെ ചുമട്ടുതൊഴിലാളികളുടെ ഉജ്വലസമരത്തിലും നേതൃനിരയിൽ ടി ആർ ഉണ്ടായിരുന്നു. എൽഡിഎഫ് ജില്ലാ കൺവീനറെന്ന നിലയിൽ ജില്ലയിലെ എൽഡിഎഫിനെ കെട്ടുറപ്പോടെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 10 വർഷമായി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗമാണ്. ഇക്കഴിഞ്ഞ കൊല്ലം സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.സിഐടിയു ജില്ലാ പ്രസിഡന്റും ട്രഷററുമായിരുന്നു. ട്രേഡ് യൂണിയൻ ഭാരവാഹിയെന്ന നിലയിൽ വിവിധ മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പഠിച്ച് ഇടപെടുന്നതിലും അവരെ സംഘടിപ്പിക്കുന്നതിലും കഴിവുതെളിയിച്ചു. വെള്ളൂരിൽ പുതുതായി ആരംഭിച്ച കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിലെ(കെപിപിഎൽ) എംപ്ലോയീസ് യൂണിയൻ പ്രസിഡന്റാണ്. പാമ്പാടി മദ്യവ്യവസായത്തൊഴിലാളി യൂണിയൻ സെക്രട്ടറിയാണ്. ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് അസോസിയേഷൻ അയർക്കുന്നം ഏരിയ മുൻ സെക്രട്ടറിയാണ്. പ്ലാന്റേഷൻ കോർപറേഷൻ ബോർഡ് അംഗമായിരുന്നു. കോട്ടയം സഹകരണ അർബൻ ബാങ്ക് ചെയർമാനെന്ന നിലയിൽ മികച്ച സഹകാരിയായും പാർടി പരിപാടികളുടെ മികച്ച സംഘാടകനായും കഴിവ് തെളിയിച്ചു.
0 comments