നക്കരക്കുന്നിൽ പെയ്തിറങ്ങി പൂരാവേശം

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന പകൽപ്പൂരത്തിനായി കിഴക്കേ ചേരുവാരത്തിലും പടിഞ്ഞാറേ ചേരുവാരത്തിലും ഗജവീരന്മാർ അണിനിരന്നപ്പോൾ ഫോട്ടോ: മനു വിശ്വനാഥ്

സ്വന്തം ലേഖകൻ
Published on Mar 22, 2025, 12:54 AM | 1 min read
കോട്ടയം
നെറ്റിപ്പട്ടമണിഞ്ഞ് വെഞ്ചാമരത്തിന്റെയും ആലവട്ടത്തിന്റെയും മേളവാദ്യങ്ങളുടെയും അകമ്പടിയോടെ കൊമ്പൻ വേമ്പനാട് വാസുദേവൻ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ നിന്നു പുറത്തേക്ക് വന്നതോടെ തിരുനക്കര പൂരത്തിന് തുടക്കമായി. ചമയങ്ങളണിയിച്ച കൊമ്പൻമാർ പിന്നെ ഒന്നൊന്നായി പൂരപ്പറമ്പിലേക്കിറങ്ങി. മീനച്ചൂടിൽ വെന്തുരുകുമ്പോഴും ആനപ്രേമികളുടെയും പൂരപ്രേമികളുടെയും ആവേശം ഒട്ടും ചോർന്നില്ല. ആയിരങ്ങളാണ് തിരുനക്കരയിലെ പൂരാവേശത്തിൽ അലിയാൻ എത്തിയത്. കിഴക്കൻ ചേരുവാരത്തിൽ(ഗണപതി കോവിൽ ഭാഗം) തിടമ്പേറ്റി പാമ്പാടി രാജൻ എത്തി. തുടർന്ന് തിരുനക്കര തേവരുടെ പൊൻതിടമ്പുമായി തൃക്കടവൂർ ശിവരാജുമെത്തി. ഇരുചേരുവാരത്തിലുമായി 11 വീതം ഗരവീരൻമാർ മുഖാമുഖം നിന്നതോടെ പെരുവനം കുട്ടൻമാരാരും 111 ൽപരം കലാകാരമാരും ചെണ്ടയിൽ പാണ്ടിമേളം തീർത്തു. ക്ഷേത്രം തന്ത്രി കണ്‌ഠര് മോഹനര് പൂരത്തിന് ഭദ്രദീപം കൊളുത്തി. മന്ത്രി വി എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, അഡ്വ. കെ അനിൽകുമാർ എന്നിവരും എത്തിയിരുന്നു. തിരുനക്കര മഹാദേവക്ഷേത്ര ഉത്സവത്തിന്റെ ഏഴാം ഉത്സവ ദിവസമാണ് പകൽപ്പൂരം നടക്കുന്നത്. വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ചെറുപൂരങ്ങൾ രാവിലെ തന്നെ ക്ഷേത്രത്തിലെത്തി. പാറമേക്കാവ് ദേവസ്വമാണ് ആനച്ചമയം ഒരുക്കിയത്. കനത്ത മഴയെ തുടർന്ന് വെെകിട്ട് മേളം നിർത്തിവച്ചു. ആനകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ജില്ലാ ഭരണകൂടം, തിരുവിതാംകൂർ ദേവസ്വം ബോർഡ്, ക്ഷേത്രോപദേശക സമിതി, നക്കരകുന്ന് ആന പ്രേമി സംഘം എന്നിവരുടെ നേതൃത്വത്തിലാണ് പൂരം നടന്നത്. സുരക്ഷാവലയം തീർത്ത് പൊലീസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം 400 പൊലീസുകാരാണ് സുരക്ഷയ്‌ക്കായി വിന്യസിച്ചത്. ആൾതിരക്കുള്ളതിനാൽ സ്‌ത്രീസുരക്ഷയ്ക്ക് പ്രാധന്യം നൽകി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ കൂടുതൽ നിയോഗിച്ചിട്ടുണ്ട്. മഫ്‌ടിയിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എക്‌സൈസ്, പൊലീസ് ഉദ്യോഗസ്ഥരുടെ പരിശോധനയയും നടന്നു. ഫയർഫോഴ്‌സിന്റെ സംഘവും ഉണ്ടായിരുന്നു. ക്ഷേത്രവും പരിസരവും പൂർണമായും സിസി ടിവി നിരീക്ഷണത്തിലായിരുന്നു.
0 comments