7 കോടിയുടെ നവീകരണം തുടങ്ങി
പാലാ സ്റ്റേഡിയത്തിന് പുതിയ സിന്തറ്റിക് മുഖം ഒരുങ്ങുന്നു

പാലാ
സ്റ്റേഡിയത്തിന് പുതിയ സിന്തറ്റിക് മുഖം ഒരുങ്ങുന്നു പാലാ നഗരസഭ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് ആധുനിക സൗന്ദര്യം പകരാൻ സംസ്ഥാന കായികവകുപ്പ് ഏഴ് കോടി രൂപ ചെലവിൽ നടപ്പാക്കുന്ന നവീകരണ ജോലികൾക്ക് തുടക്കമായി. തകർന്ന പഴയ സിന്തറ്റിക്ക് ട്രാക്ക് നീക്കം ചെയ്ത് പുതിയ ട്രാക്ക് സ്ഥാപിക്കുന്ന ജോലികളാണ് ആരംഭിച്ചത്. മില്ലർ മെഷീൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിലവിലെ ടാക്ക് പൊളിച്ച് പൊടിയാക്കിയാണ് നിക്കം ചെയ്യുന്നത്. എട്ട് ട്രാക്കുകളോടു കൂടിയ 800 മീറ്റർ ട്രാക്ക് പൂർണ്ണമായി നീക്കം ചെയ്ത് ആധുനിക സിന്തറ്റിക് ട്രാക്ക് സ്ഥാപിക്കും. ഡൽഹി ആസ്ഥാനമായുള്ള നിർമ്മാണ കമ്പനിയുടെ നേതൃത്വത്തിൽ നടത്തുന്ന നവീകരണ ജോലികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കും. സംസ്ഥാന, ജില്ലാതല കായിക മേളകൾക്ക് വേദിയാകുന്ന ജില്ലയിലെ മുഖ്യ സ്റ്റേഡിയമാണ് പാലായിലേത്. 2018ലെ പ്രളയത്തിൽ സ്റ്റേഡിയം വെള്ളത്തിൽ മുങ്ങിയതോടെയാണ് സിന്തറ്റിക് ട്രാക്ക് തകർന്നത്. സ്റ്റേഡിയം നവീകരിക്കാൻ സംസ്ഥാന ബജറ്റിൽ എഴ് കോടി രൂപ അനുവദിച്ചിരുന്നു. തുടർച്ചയായ കായിക മേളകൾ പൂർത്തിയാക്കി അനുയോജ്യമായ കാലാവസ്ഥ സംജാതമായതോടെയാണ് നവീകരണം ആരംഭിച്ചത്. സ്ഥിരമായ കായിക പരിശീലന വേദി കൂടിയായ പാലാ സ്റ്റേഡിയത്തിന് പുതിയ സിന്തറ്റിക് ട്രാക്ക് വരുന്നതോടെ കായികതാരങ്ങൾക്കും ഏറെ ആശ്വാസമാകും.








0 comments