കോട്ടയം മെഡിക്കൽ കോളേജ്
ശസ്‌ത്രക്രിയ ഇന്നുമുതൽ; പുതിയ ബ്ലോക്കിൽ എംആർഐയും സജ്ജം

സർജിക്കൽ ബ്ലോക്കിൽ സജ്ജമായ പുതിയ എംആർഐ
കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒഴിപ്പിച്ച ബ്ലോക്കിലെ ശസ്‌ത്രക്രിയകൾ തിങ്കൾ മുതൽ പുതിയ ഓപറേഷൻ തിയറ്ററുകളിൽ നടക്കും. അത്യാഹിതവിഭാഗം പ്രവർത്തിക്കുന്ന ബ്ലോക്കിലെ രണ്ട് തിയറ്ററും രണ്ട് ട്രോമ തിയറ്ററുമാണ് ഇതിനായി ഉപയോഗിക്കുക. ഓപറേഷൻ തിയറ്റർ മാനേജ്‌മെന്റ് കമ്മിറ്റി ഇതിനാവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കി. ഉപയോഗശൂന്യമായ ശുചിമുറി ഇടിഞ്ഞുവീണതിനെത്തുടർന്ന് എല്ലാ രോഗികളെയും പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. കെട്ടിടത്തിന്റെ ഭൂഗർഭ നിലകളിലെ ഏറ്റവും താഴത്തേതിൽ എക്‌സ്‌റേ വിഭാഗം സജ്ജമായി. ഈ നിലയിൽ 15 കോടി രൂപ വിലയുള്ള ത്രീ ടെസ്‌ല എംആർഐ യന്ത്രം സ്ഥാപിച്ചു. രണ്ട് കോടി രൂപയുടെ ഡിആർ മെഷീനും അൾട്രാസൗണ്ട് മെഷീനും പ്രവർത്തനക്ഷമമായി. എക്‌സ്‌റേ വിഭാഗം ഇതോടെ പൂർണസജ്ജമായി. ഫ്ലൂറോസ്‌കോപ്പി യന്ത്രം, 256 സ്ലൈസ് സിടി സ്‌കാൻ എന്നിവ ഉടനെത്തും.
0 comments