വേനൽ മധുരിച്ചു; തണ്ണിമത്തനിലൂടെ

തണ്ണിമത്തനുമായി നീണ്ടൂരിലെ കർഷകർ
ഏറ്റുമാനൂർ
‘‘രാവിലെയും വൈകിട്ടുമായി 300ലധികം ചോടുകളിലായി മൂന്നുമണിക്കൂറോളം വെള്ളം തളിക്കണം. വലിയ വീപ്പയിൽ വെള്ളം ശേഖരിച്ച് കുടത്തിൽ ചുമന്നായിരുന്നു വെള്ളം തളിച്ചത്. ഏറെ കഷ്‌ടപ്പെട്ടെങ്കിലും ഫലമുണ്ടായി ’’ ബിന്ദുവിന്റെ വാക്കുകളിൽ നിറഞ്ഞ സന്തോഷവും സംതൃപ്‌തിയും. നീണ്ടൂർ പഞ്ചായത്ത് അഗ്രി സി ആർ പിയാണ് ബിന്ദു അജിത്. നിറഞ്ഞുവിളഞ്ഞ തണ്ണിമത്തനാണ് ഇവരുടെ സന്തോഷത്തിന് പിന്നിൽ. വേനൽച്ചൂടിനെ വകവയ്‌ക്കാതെ നീണ്ടൂരിലെ വീട്ടമ്മമാർ കൃഷിയിലേക്ക് ഇറങ്ങിയപ്പോൾ വിളഞ്ഞത് നൂറുമേനി. മുക്കാസ ഇനത്തിൽപ്പെട്ട കിരൺ മത്തനായിരുന്നു പ്രധാന കൃഷി. അകം ഓറഞ്ച്, മഞ്ഞ നിറത്തിലാകുന്ന കിരൺ മത്തനുകളും പരീക്ഷിച്ചു. കുടുംബശ്രീ വേനൽമധുരം തണ്ണിമത്തൻ കാർഷിക ക്യാമ്പയിന്റെ ഭാഗമായി ഒരുക്കിയ കൃഷിയിടങ്ങളിൽ ആയിരക്കണക്കിന് തണ്ണിമത്തനുകളാണ് വിളഞ്ഞത്. ജെഎൽജി ഗ്രൂപ്പുകളുടെ നേതൃത്വത്തിലായിരുന്നു കൃഷി. കൈപ്പുഴ തിരുനെല്ലി പറമ്പിൽ 50 സെന്റിലും പുളിക്കൽ അനിൽ കുമാറിന്റെ ഒരേക്കർ സ്ഥലത്തും പുളിക്കൽ വേണുഗോപാലിന്റെ അരയേക്കർ സ്ഥലത്തുമായിരുന്നു കൃഷി. ഏകദേശം 3,000 തൈകൾ വച്ചു. ഒരുമ, അനശ്വര ജെഎൽജി ഗ്രൂപ്പുകളിലെ 25ഓളം വീട്ടമ്മമാരാണ് പ്രയത്നത്തിന് പിന്നിൽ. കൃഷി അവസാനഘട്ടത്തിലാണ്. പൂർണ വളർച്ചയിലേക്ക് അടുക്കുകയാണ് വിളകൾ. അടുത്തമാസം വിളവെളുപ്പ് നടത്താനൊരുങ്ങുകയാണ് കർഷകർ. ജനുവരി ഒമ്പതിന് മന്ത്രി വി എൻ വാസവൻ തൈകൾ കൈമാറി കൃഷിക്ക് തുടക്കമിട്ടു. കൃത്യമായ ഇടവേളകളിൽ നീണ്ടൂർ കൃഷിഭവന്റെ നിർദേശങ്ങളും പരിശോധനകളും കൃഷിക്ക് കരുത്തേകി. കൃഷി അസി. ഓഫീസർ ഗോപകുമാർ വീട്ടമ്മമാർക്ക് ക്ലാസെടുത്തു. വേപ്പിൻപിണ്ണാക്ക്, രാജ്‌ഫോസ്, എല്ലുപൊടി, ചാണകപ്പൊടി, സൂഡോമോണാസ്, പൊട്ടാഷ്, യൂറിയ, ഫിഷ് അമിനോ ആസിഡ് തുടങ്ങിയ വളങ്ങളിട്ടും ആഴ്‌ചയിലൊരിക്കൽ എൻപികെ സ്‌പ്രേയടിച്ചും മൂന്നുദിവസം സൂക്ഷിച്ച കടല പിണ്ണാക്ക് –- ശർക്കര മിശ്രിതം വെള്ളത്തിൽ ലയിപ്പിച്ച് തളിച്ചുമായിരുന്നു പരിപാലനം. സിഡിഎസ് ചെയർപേഴ്‌സൺ എൻ ജെ റോസമ്മ, ജയശ്രീ വേണുഗോപാൽ, മിനി ലൂക്ക, പൊന്നമ്മ ദാമോദരൻ, മഞ്ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി.
0 comments