കുമിൾരോഗം: വൻ ഉൽപാദനനഷ്ടം

കോട്ടയം കുമിൾരോഗ ബാധ മൂലം റബർതോട്ടങ്ങളിൽ 30 ശതമാനത്തിലധികം ഉൽപാദനനഷ്ടം ഉണ്ടാകുന്നതായി റബർ ബോർഡ്. റബറിന് ന്യായമായ വില ലഭിക്കാതെ വലയുന്ന കർഷകന് ഇരുട്ടടിയായി മാറുകയാണ് കുമിൾരോഗം. മഴക്കാലത്താണ് രോഗം കൂടുതൽ ബാധിക്കുന്നത്. ഈ വർഷം വേനൽമഴ കൂടുതൽ ലഭിക്കുന്നത് കുമിൾരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടും. അതുകൊണ്ട് കർഷകർ മഴക്കാലത്തിനു മുമ്പ് മരുന്നുതളിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ബോർഡിന്റെ നിർദേശം. രോഗം ബാധിച്ചാൽ ഉൽപാദനക്കുറവിനു പുറമെ മരങ്ങളുടെ വളർച്ചയും കുറയും. കുമിൾ ഒരു മരത്തിൽനിന്ന് മറ്റു മരത്തിലേക്ക് പടരും. രോഗം ബാധിച്ച ഭാഗം പിങ്ക് നിറത്തിലോ വെള്ളനിറത്തിലോ ആകും. എന്നിട്ട് റബർകറ പൊട്ടിയൊഴുകും. ഇല കൊഴിയുന്നതു കൂടാതെ, ശിഖരം മൊത്തത്തിൽ ഉണങ്ങിപ്പോകാറുമുണ്ട്. പ്രതിരോധനടപടിയായി മരുന്നുതളിക്കുന്നത് മഴക്കാലത്തെ കുമിൾരോഗങ്ങളിൽനിന്ന് റബറിന് സംരക്ഷണം നൽകും. കേരളത്തിൽ സാധാരണമായി മഴക്കാലം തുടങ്ങുന്നത് ജൂണിലായതിനാൽ മെയ് മാസത്തിൽ തന്നെ മരുന്നുതളി നടത്തണം. നിരവധി കർഷകർ റബറിന് മഴക്കാല സംരക്ഷണമൊരുക്കി ടാപ്പിങ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനിടെ കുമിൾരോഗം ബാധിച്ച് ഉൽപാദനം കുറഞ്ഞാൽ വലിയ സാമ്പത്തിക നഷ്ടമാണുണ്ടാകുക. റബറിന് വില കുറഞ്ഞപ്പോൾ മരുന്നുതളി പോലുള്ള പ്രതിരോധനടപടി തോട്ടങ്ങളിൽ കുറഞ്ഞിരുന്നു. ഇതും കുമിൾരോഗ സാധ്യത വർധിപ്പിക്കുന്നു. ചെറുകിട കർഷകർക്ക് തങ്ങളുടെ തോട്ടത്തിൽ മരുന്നുതളി നടത്താൻ റബർ ബോർഡ് ഹെക്ടറിന് 4,000 രൂപ സഹായം റബറുൽപാദക സംഘങ്ങളിലൂടെ നൽകുന്നുണ്ട്. കൃത്യസമയത്തുതന്നെ മരുന്നുതളിച്ച് ഈ ആനുകൂല്യം കൈപ്പറ്റാം. ഫോൺ: റബർ ബോർഡ് കോൾ സെന്റർ –- 0481 2576622.
0 comments