പാചകവാതക വിലവർധന
നടുവൊടിഞ്ഞ് ജനം

കോട്ടയം കേന്ദ്രസർക്കാർ പാചകവാതകവില വീണ്ടും കുത്തനെ കൂട്ടിയതോടെ നടുവൊടിഞ്ഞ് ജനങ്ങളും വ്യാപാരികളും. ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽനിന്ന് 920 രൂപയായാണ് ഉയർന്നത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1768.50 രൂപയിൽനിന്ന് 1883 രൂപയായി ഉയർന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ സബ്‌സിഡിയില്ലാത്ത ഗാർഹിക എൽപിജി സിലിണ്ടറിന് 853 രൂപ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും നിരക്ക് കൂട്ടിയത്. വാണിജ്യ സിലിണ്ടറിന്റെ വിലക്കയറ്റം ഹോട്ടൽ മേഖലയെയും ചെറുകിട ഭക്ഷ്യോൽപ്പന്ന നിർമാണ മേഖലയ്‌ക്കും തിരിച്ചടിയാകും. തട്ടുകടകൾ നടത്തി ഉപജീവനം നടത്തുന്നവർക്കുൾപ്പടെ തലവേദനയാണ് വിലവർധന. ഇറാൻ-–ഇസ്രയേൽ യുദ്ധത്തിന്റെ മറവിൽ എണ്ണക്കമ്പനികൾക്ക് ലാഭമുണ്ടാക്കാൻ കേന്ദ്രം കൂട്ടുനിൽക്കുകയാണെന്നാണ് ആക്ഷേപമുയരുന്നത്.










0 comments