കർഷകന് കണ്ണീർമഴ

കോട്ടയം കാലവർഷക്കെടുതിയിൽ ജില്ലയിലെ കർഷകർക്കുണ്ടായത് ഒമ്പതുകോടിയുടെ നഷ്‌ടം. 2025 മെയ് 25 മുതൽ ചൊവ്വാഴ്‌ച വരെയുള്ള കണക്ക് പ്രകാരമാണിത്. 5992 കർഷകരുടെ കൃഷിയാണ് ഇക്കാലയളവിൽ നശിച്ചത്. 346.69 ഹെക്ടറിലാണ് കൃഷിനാശം. അതിശക്തമായ മഴയും വീശിയടിച്ച കാറ്റുമാണ് കർഷകന് കനത്തനഷ്ടമുണ്ടാക്കിയത്. വാഴക്കർഷകരാണ് കൂടുതൽ നാശംനേരിട്ടത്. 2046 കർഷകരുടെ 61,596 കുലച്ചവാഴ നശിച്ചതിലൂടെ 3.69കോടിയുടെ നഷ്ടമാണുണ്ടായത്. 1195 കർഷകരുടെ 33,443 കുലയ്‌ക്കാത്ത വാഴ ഒടിഞ്ഞ് 1.33 കോടിയുടെ നഷ്‌ടം. 146 ഹെക്ടറിലെ നെൽകൃഷിയും നാശംനേരിട്ടു, നഷ്‌ടം 2.20 കോടി. ഇതുമൂലം 194 കർഷകരാണ് ദുരിതത്തിലായത്. ടാപ്പ്‌ചെയ്യുന്ന 3873 റബർമരങ്ങളും ടാപ്പുചെയ്യാത്ത 1073 മരങ്ങളും ഒടിഞ്ഞു. ആകെ 93.56 ലക്ഷത്തിന്റെ നഷ്‌ടം. 483 കർഷരെയാണ് ബാധിച്ചത്. കായ്‌ഫലമുള്ള 828 ജാതിയും കായ്‌ഫലമില്ലാത്ത 291 ജാതിയും നശിച്ചു, ആകെ നഷ്ടം 39.17 ലക്ഷം. 177 കർഷകരുടെ കായ്‌ഫലമുള്ള 317 തെങ്ങ് നശിച്ചതിലൂടെ 15.85 ലക്ഷം നഷ്ടമായി. ഒരുവർഷത്തിന് മുകളിൽ പ്രായമുള്ള 73 തെങ്ങ് നശിച്ച് 2.19 ലക്ഷത്തിന്റെ നഷ്‌ടം. 101 ഹെകട്‌റിലെ കപ്പക്കൃഷിയാണ് നശിച്ചത്, നഷ്‌ടം 13.25 ലക്ഷം. പന്തലിൽ വളർത്തുന്ന 20 ഹെക്ടറിലെയും പന്തലില്ലാത്ത 18 ഹെക്ടറിലെയും പച്ചക്കറികൃഷി നശിച്ചു, ആകെ നഷ്ടം 16.64 ലക്ഷം. 1.8 ഹെക്‌ടറിലെ പഴങ്ങൾ നശിച്ച് 10.80 ലക്ഷത്തിന്റെ നഷ്ടമാണുണ്ടായത്. ഇഞ്ചി, മഞ്ഞൾ, കുരുമുളക്, കൊക്കോ, ചക്ക തുടങ്ങിയവും കാലവർഷക്കെടുതിയിൽ നാശം നേരിട്ടു.
0 comments