ഒമ്പതിനായിരം പാടശേഖരത്തിൽ നെല്ലുസംഭരണം തുടങ്ങി

കോട്ടയം ജെ ബ്ലോക്ക് 9000 പാടശേഖരത്തിൽ നെല്ലുസംഭരണം ആരംഭിച്ചു. കലക്ടർ ജോൺ വി സാമുവലിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ രണ്ട് കിലോ കിഴിവ് കൊടുക്കാൻ ധാരണയായ സാഹചര്യത്തിലാണ് സംഭരണം ആരംഭിച്ചത്. ആഴ്‌ചകളായി നെല്ല് സംഭരിക്കാതെ കെട്ടികിടക്കുന്നതിനാൽ കർഷകർ ആശങ്കയിലായിരുന്നു. ഞായർ രാവിലെ മുതൽ മില്ലുകാരുടെ വാഹനമെത്തി നെല്ല് ശേഖരിച്ചുതുടങ്ങി. നെല്ലിന് 100 കിലോയ്‌ക്ക് മൂന്ന് കിലോ കിഴിവാണ് മില്ലുകാർ ആദ്യം ആവശ്യപ്പെട്ടത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. എന്നാൽ നെല്ല് ഇനിയും കെട്ടിക്കിടന്നാൽ ഉപയോഗശൂന്യമാകുമെന്നതിനാൽ രണ്ട് കിലോ കിഴിവിന് കർഷകർ സമ്മതിക്കുകയായിരുന്നു. അതേസമയം ഇതിൽ ഇപ്പോഴും എതിർപ്പുകളുണ്ട്. തൊട്ടടുത്തുള്ള തിരുവായ്‌ക്കരി പാടത്ത് കിഴിവുണ്ടായിരുന്നില്ല. ജെ ബ്ലോക്കിലേത് ഗുണമേന്മയുള്ള നെല്ലാണ്. പാടത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ കൊയ്‌ത്തും നടക്കുന്നുണ്ട്.
0 comments