നെല്ല് എടുത്തുതുടങ്ങി; കർഷകർ ആശ്വാസത്തിൽ

കോട്ടയം കർഷകർ ആശ്വാസതീരത്തേക്ക്; മില്ലുകൾ നെല്ല് ശേഖരിച്ചുതുടങ്ങി. ജില്ലയിൽ പടിഞ്ഞാറൻ പാടശേഖരങ്ങളിലാകെ സംഭരിക്കാതെ കിടന്ന നെല്ല് കർഷകരുടെ കണ്ണീരിൽ കുതിരുന്ന അവസ്ഥ വന്നപ്പോഴാണ് സർക്കാർ ഇടപെട്ടത്. ഇതിന്റെ ഫലമായാണ് ശേഖരണം പുനരാരംഭിച്ചത്. മാടേക്കാട്, ഗ്രാവ്, ചെങ്ങളം പാടങ്ങളിൽ സംഭരണം ആരംഭിച്ചു. ഒമ്പതിനായിരം പാടത്തിൽ കൊയ്‌ത്ത് നടക്കുന്നുണ്ട്. ഇത് കാലതാമസമില്ലാതെ ശേഖരിക്കും. മണ്ണങ്കര പാടത്ത് നെല്ല് കൂട്ടിയിട്ടിരിക്കുന്നിടത്തേക്ക് ലോറി എത്തിയില്ല. ചാക്ക് ഇട്ടിട്ട് പോകുകയാണ് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞദിവസം കർഷകരും കർഷകസംഘം നേതാക്കളും കലക്ടറുമായി നടത്തിയ ചർച്ചയിലാണ് നെല്ല് സംഭരണം പുനരാരംഭിക്കാൻ തീരുമാനമായത്. ജില്ലയിലേക്ക് നിയോഗിച്ച മില്ലുകളിൽ പകുതിപോലും സംഭരണത്തിന് വന്നിരുന്നില്ല. മഴപെയ്‌തതോടെ നെല്ല് നശിച്ചുപോകുന്ന സ്ഥിതിയായിരുന്നു. അപ്പോഴും വഴങ്ങാതിരുന്ന മില്ലുകാർ അന്യായമായ കിഴിവും ആവശ്യപ്പെട്ടതോടെ കർഷകർ വൻ പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു. നിലവിൽ മില്ലുകാരുടെ ലോറിയെത്തി പലയിടത്തും നെല്ല് കൊണ്ടുപോകുന്നുണ്ട്. കൊയ്‌ത്ത് നടക്കുന്നതിനു മുമ്പുതന്നെ പാടശേഖരസമിതിക്ക് അവരുടെ പാടത്തിനുള്ള മില്ല് നിശ്‌ചയിച്ച് നൽകാൻ കലക്ടറുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. കോട്ടയത്തെ പാടങ്ങളെ ഒഴിവാക്കി, പാലക്കാടുനിന്ന് നെല്ല് ശേഖരിക്കാനായിരുന്നു മില്ലുകാരുടെ നീക്കം. ഇതാണ് കർഷകപ്രതിഷേധത്തിലൂടെ പൊളിഞ്ഞത്. മില്ലുകാർ ഇനിയും ചൂഷണത്തിന് ശ്രമിച്ചാൽ അധികൃതരുടെ കർശനനടപടി നേരിടേണ്ടിവരും. മഴ പെയ്‌തതിനാൽ കൊയ്‌ത്ത് പലയിടത്തും പ്രതിസന്ധി നേരിടുന്നുണ്ട്. കൊയ്‌ത്ത് യന്ത്രം മണ്ണിൽ താഴ്‌ന്നുപോകുന്ന സാഹചര്യമാണ്.
0 comments