തെരുവുനായക്ക് പേവിഷബാധ: പശുക്കൾക്ക് ദയാവധം

കുറുപ്പന്തറ മാഞ്ഞൂർ സൗത്തിൽ വളർത്ത് നായകൾക്കും മൂന്ന് പശുക്കൾക്കും കടിയേറ്റ സംഭവത്തിൽ കടിച്ചത് പേപ്പട്ടിയെന്ന് സ്ഥിരീകരണം. മാഞ്ഞൂർ സൗത്ത് മുല്ലൂർ ഉണ്ണികൃഷ്ണന്റെ വളർത്തുനായ ഉൾപ്പെടെ സമീപത്തുള്ള നിരവധി നായ്ക്കൾക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. ഇൻഡിക്കുഴിയിൽ മാത്തുകുട്ടിയുടെ കറവയുള്ള രണ്ട് പശുക്കൾക്കും കിടാവിനുമാണ് കടിയേറ്റത്. ശനി പകൽ 11നാണ് തെരുവ് നായയെ മാത്തൂർ സൗത്തിൽ കണ്ടത്. ഉച്ചയോടെയാണ് നായ്ക്കളെയും പശുക്കളെയും കടിച്ചത്. ഭീതി വിതച്ച തെരുവ് നായയെ ജനപ്രതിനിധികളും, വെറ്ററിനറി വിഭാഗവും ആരോഗ്യ പ്രവർത്തകരും ഇടപെട്ട് പട്ടി പിടിത്തക്കാരെ എത്തിച്ച് പിടികൂടിയെങ്കിലും അവശനായ നായ രാത്രിയാടെ ചത്തു. നായയെ ഞായറാഴ്ച രാവിലെ തിരുവല്ല എവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലെത്തിച്ച് എത്തിച്ച് പോസ്റ്റുമാർട്ടം നടത്തി. ഉച്ചയ്ക്ക് ശേഷം പരിശോധന ഫലം വന്നപ്പോൾ പേവിഷ ബാധ സ്ഥിരീകരിച്ചു. പശുക്കളേയും നായ്ക്കളെയും മാഞ്ഞൂർ വെറ്ററിനറി ഡോക്ടർ എത്തി പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തു. പശുക്കളുമായും നായ്ക്കളുമായി സമ്പർക്കമുണ്ടായിട്ടുള്ളവർ കുറവിലങ്ങാട് തലൂക്ക് ആശുപത്രിയിൽ എത്തി കുത്തിവയ്‌പ്പ് എടുക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കടിയേറ്റ പശുക്കളെ സമ്മതപത്രം വാങ്ങി ദയാവധം നടത്തുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
0 comments