ആഘോഷം വിപുലം, ജനകീയം

ജനകീയ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു
കോട്ടയം വിപുലവും ജനകീയവുമായ പരിപാടികളുമായി കോട്ടയത്ത് സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷം നടക്കും. എന്റെ കേരളം പ്രദർശന വിപണനമേള ഏപ്രിൽ 25 മുതൽ മേയ് ഒന്നുവരെ നാഗമ്പടം മൈതാനത്ത് നടക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ടവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കൂടിക്കാഴ്ച ഏപ്രിൽ 29ന് രാവിലെ 10.30ന് കോട്ടയം ഈരയിൽക്കടവ് ആൻസ് കൺവൻഷൻ സെന്ററിൽ നടക്കും. വാർഷികാഘോഷപരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രി വി എൻ വാസവൻ ചെയർമാനായും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കോട്ടയം നഗരസഭാധ്യക്ഷ, എംജി സർവകലാശാല വൈസ് ചാൻസലർ എന്നിവർ വൈസ് ചെയർമാന്മാരുമായി സംഘാടകസമിതി രൂപീകരിച്ചു. കലക്ടർ ജോൺ വി സാമുവൽ ജനറൽ കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ അരുൺകുമാർ കൺവീനറുമാണ്. സംഘാടകസമിതി രൂപീകരണയോഗം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. എന്റെ കേരളം പ്രദർശന വിപണനമേളയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ വികസനനേട്ടങ്ങളുടെ പ്രദർശനവും പൊതുജനങ്ങൾക്കുള്ള വിവിധ സേവനവും ലഭ്യമാക്കും. മേളയോടനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്ര, വിവിധ മേഖലകളിലുള്ളവരെ ആദരിക്കൽ, ഭക്ഷ്യമേള, പുസ്തകമേള, കാർഷികമേള എന്നിവ സംഘടിപ്പിക്കും. ദിവസവും കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും. സ്വാഗതസംഘം രൂപീകരണയോഗത്തിൽ കലക്ടർ ജോൺ വി സാമുവൽ വാർഷികാഘോഷ രൂപരേഖ അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ്, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ മേനോൻ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, എഡിഎം എസ് ശ്രീജിത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ അരുൺകുമാർ, അഡ്വ. വി ബി ബിനു, പോൾസൺ പീറ്റർ, രാജീവ് നെല്ലിക്കുന്നേൽ, പ്രശാന്ത് നന്ദകുമാർ, ബെന്നി മൈലാടൂർ, സണ്ണി തോമസ്, ഔസേപ്പച്ചൻ തകടിയേൽ, ഡോ. തോമസ് സി കാപ്പൻ, ജിയാഷ് കരീം എന്നിവർ സംസാരിച്ചു.
0 comments