കണ്ണിമല വളവ് നിവരും അപകടം ഒഴിയും

കാഞ്ഞിരപ്പള്ളി മുണ്ടക്കയം –-എരുമേലി റോഡിൽ വാഹനമോടിക്കുന്നവരുടെ പേടിസ്വപ്‌നമായിരുന്ന കണ്ണിമല എസ് വളവ് ഇനി ഉണ്ടാകില്ല. നാലുവരി പാതയായി വിഭാവനം ചെയ്തിട്ടുള്ള നിർദിഷ്‌ട ഭരണിക്കാവ്–മുണ്ടക്കയം 183 എ ദേശീയപാതയുടെ സ്ഥലമേറ്റെടുക്കലിന് വിജ്ഞാപനമായതോടെയാണ് എസ് വളവിന് ശാപമോക്ഷമാകുന്നത്. ഈ നാലുവരിപാത യാഥാർഥ്യമാകുന്നതോടെ പാതയുടെ ഭാഗമായ കണമലയിലെ വളവും ഒഴിവാകും. സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസമാണ് അധികൃതർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ശബരിമല സീസണിൽ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെട്ടിട്ടുള്ളത്. അപകടങ്ങളൊക്കെ അറുതിയാകും പുതിയ പാത വരുന്നതോടെ. ശബരിമല സീസണിൽ ദിവസങ്ങളോളം വാഹനങ്ങൾ റോഡിൽ ഗതാഗത സ്തംഭനത്തിലായ മുൻ വർഷങ്ങളിലെ സ്ഥിതി പാത യാഥാർഥ്യമാകുന്നതോടെ ഒഴിയും. അതിവേഗം ശബരിമലയ്ക്ക് പുതിയ പാത യാഥാർഥ്യമാവുന്നതോടെ അതിവേഗം ശബരിമലയിലേക്കും എത്താനാകും. പത്തനംതിട്ട– പമ്പ റോഡിലൂടെ ഇലവുങ്കൽ വരെയാണ് ഈ പാത എത്തുന്നത്. ഇലവുങ്കൽ നിന്ന് കണമല–എരുമേലി വഴിയാണ് മുണ്ടക്കയത്തേക്ക് എത്തുന്നത്. ശബരിമല തീർഥാടനകാലത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന രണ്ട് പ്രധാന പാതകളാണിവ. ഇലവുങ്കലിൽ നിന്ന് ഇവിടെനിന്ന് കണമല വഴി എരുത്വാപ്പുഴയിലൂടെ മുക്കൂട്ടുതറ ടൗൺ ഒഴിവാക്കി എംഇഎസ് ജങ്ഷൻ പ്രപ്പോസ് വഴി പേരൂർത്തോട് എത്തി മുണ്ടക്കയം റോഡിൽ പ്രവേശിച്ച് മഞ്ഞളരുവി കണ്ണിമല വഴി മുണ്ടക്കയത്ത് എത്തുന്ന വിധമാണ് വഴി. നേരത്തെ ഈ റൂട്ട് മാറ്റി കണമലയിൽനിന്ന് മൂക്കൻപെട്ടി വഴി കാളകെട്ടി,- കോരുത്തോട്,- മടുക്ക വഴി മുണ്ടക്കയത്ത് എത്തുന്ന റൂട്ട് പരിഗണിച്ചിരുന്നു. കണമല–എരുത്വാപുഴ ഭാഗം ദേശീയപാതയുടെ അംഗീകൃത ഗ്രേഡിയന്റ് പ്രകാരം ചെയ്യുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാലാണ് കോരുത്തോട് വഴിയുള്ള റൂട്ട് തെരഞ്ഞെടുത്തതെങ്കിലും ഇത് പിന്നീട് ഒഴിവാക്കി. പാതയിങ്ങനെ കൊല്ലം ജില്ലയിലെ ഭരണിക്കാവിൽ നിന്ന് തുടങ്ങി പത്തനംതിട്ട, കോട്ടയം ജില്ലകളിലൂടെയാണ് നിർദിഷ്‌ട ഭരണിക്കാവ് – മുണ്ടക്കയം 183 എ ദേശീയപാത കടന്നുപോകുന്നത്. 119 കിലോമീറ്റർ ആണ് പാതയുടെ ആകെ ദൂരം. 24മീറ്റർ ആണ് വീതി. നിർമാണത്തിനുള്ള എസ്റ്റിമേറ്റ് അംഗീകരിച്ച് 2600 കോടി രൂപ അനുവദിച്ചു. ഡൽഹിയിലെ സ്റ്റപ്പ് കൺസൽട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്ക് നിർമാണ ചുമതലയും നൽകി. പാതയ്ക്കുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആണ് ഇനി ആരംഭിക്കേണ്ടത്. എസ് വളവ് നിവരും നിർദിഷ്‌ട പാതയെത്തുന്നതോടെ കണ്ണിമല എസ് വളവിൽ സ്ഥലം ഏറ്റെടുത്ത് വളവ് മാറ്റി പുതിയ റോഡ് നിർമിക്കാനാണ് രൂപരേഖയിലെ നിർദേശം. നിലവിൽ ഈ വളവിൽ അപകടങ്ങൾ കുറയ്ക്കാൻ താൽക്കാലികമായി കരിങ്കല്ലുകൊണ്ട് സംരക്ഷണഭിത്തിയും ക്രാഷ്ബാരിയർ സ്ഥാപിക്കലും മാത്രമാണ് നടന്നിട്ടുള്ളത്. എസ് ആകൃതിയിലുള്ള ഈ വളവിൽ സമാന്തര റോഡ് നിർമിക്കണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.
0 comments