ഇനി വൃത്തിയുള്ള കോട്ടയം

mega cleening

ഉദയനാപുരം പഞ്ചായത്തിൽ നടന്ന മെഗാ ക്ലീനിങ്‌

വെബ് ഡെസ്ക്

Published on Mar 25, 2025, 03:22 AM | 1 min read

കോട്ടയം മാലിന്യമുക്ത ജില്ലയായി കോട്ടയത്തെ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയിലാകെ രണ്ടുദിവസം നീണ്ട മെഗാ ക്ലീനിങ്‌ നടത്തി. മുഴുവൻ പഞ്ചായത്തുകളിലും നഗരസഭകളിലും ബഹുജനപങ്കാളിത്തത്തോടെ നടത്തിയ പരിപാടിയിൽ ഒട്ടനവധി പൊതുഇടങ്ങൾ വൃത്തിയാക്കി. തെരുവുകൾ, ജലാശയങ്ങൾ എന്നിവയെല്ലാം മാലിന്യമുക്തമാക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. രാഷ്ട്രീയസംഘടനകൾ, യുവജനസംഘടനകൾ, വനിതാസംഘടനകൾ, ട്രേഡ് യൂണിയനുകൾ, സർവീസ് സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സന്നദ്ധപ്രവർത്തകർ, ക്ലബ്‌- –- വായനശാലാ പ്രവർത്തകർ, തൊഴിലുറപ്പ്‌ തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെയെല്ലാം സഹകരണത്തോടെയാണ് ശുചീകരണം നടത്തിയത്‌. വൃത്തിയിലൂടെ ആരോഗ്യമെന്ന സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുകളിലൊന്നായിരുന്നു മെഗാ ക്ലീനിങ്‌. ഇതിന്‌ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും വലിയ പിന്തുണ ലഭിച്ചു. ഞായറാഴ്‌ചത്തെ വിശ്രമം മാറ്റിവച്ചും ആയിരക്കണക്കിന്‌ പേർ തെരുവ്‌ വൃത്തിയാക്കാനിറങ്ങി. ഹരിതകേരളം മിഷൻ നേതൃത്വം നൽകിയ പരിപാടിയിൽ മാലിന്യം ശേഖരിക്കാൻ ജി–-ബിന്നുകൾ വിതരണം ചെയ്‌തു. പൊതുഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. ഉപയോഗം കഴിഞ്ഞ കുപ്പികൾ വലിച്ചെറിയാതെ ബോട്ടിൽ ബൂത്തുകളിൽ ഇടാം. ഈ മാസം അവസാനത്തോടെ ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളും മാലിന്യമുക്തമാക്കും. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവ 30ന് മുമ്പ് സർക്കാർ നിർദ്ദേശിച്ച പ്രകാരം ഹരിത ഗ്രേഡ് നേടണം. രണ്ട്‌ പ്രധാനപദ്ധതികളും 
വരുന്നു; ജില്ലയുടെ മുഖം മാറും കോട്ടയം ജില്ലയെ സൗന്ദര്യവൽക്കരിക്കാനും വൃത്തിയാക്കാനും രണ്ട്‌ സുപ്രധാന പദ്ധതികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്‌. ജില്ലാ ഭരണകേന്ദ്രം മുൻകൈയെടുത്ത്‌ നടപ്പാക്കുന്ന നഗരസൗന്ദര്യവൽക്കരണമാണ്‌ ഒന്ന്‌. എല്ലാ നഗരസഭകളിലും ഇതു സംബന്ധിച്ച്‌ കലക്ടർ പങ്കെടുക്കുന്ന ആലോചനായോഗങ്ങൾ നടന്നുവരുന്നു. ജില്ലാ പഞ്ചായത്തിന്റെ "ഐ ലവ് കോട്ടയമാ'ണ്‌ മറ്റൊരു പദ്ധതി. മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നതാണ്‌ "ഐ ലവ് കോട്ടയം'. വിവാഹങ്ങളും സൽക്കാരങ്ങളും നടക്കുന്ന ഓഡിറ്റോറിയങ്ങളിലെ ഭക്ഷണമാലിന്യം ട്രീറ്റ് ചെയ്ത് വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റും. കക്കൂസ്‌ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാൻ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുമായി സഹകരിച്ച് മൊബൈൽ സെപ്റ്റേജ് ട്രീറ്റ്‌മെന്റ്‌ പ്ലാന്റ് സ്ഥാപിക്കും. ഡബിൾ ചേമ്പർ ഇൻസിനറേറ്റർ സ്ഥാപിക്കാൻ വിഹിതം നൽകും. തീർഥാടന കേന്ദ്രങ്ങളിലും ഉത്സവ, ആഘോഷ കേന്ദ്രങ്ങളിലും മാലിന്യം നീക്കം ചെയ്യാൻ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തും.



deshabhimani section

Related News

0 comments
Sort by

Home