ജനമഹാസാഗരം

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിൽ എൽഡിഎഫ് സംഘടിപ്പിച്ച മഹായോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം പെരുമഴയ്‌ക്കും കാറ്റിനും കോട്ടയത്തിന്റെ ആവേശം ചോർത്താനായില്ല. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹായോഗത്തിലെത്തിയത് പതിനായിരങ്ങൾ. ദുഷ്‌പ്രചാരണങ്ങളെ തകർത്തെറിഞ്ഞ് ജനഹൃദയത്തിലേറി അഞ്ചാം വർഷത്തേക്ക് കടക്കുന്ന സർക്കാരിന് അക്ഷരനഗരി അഭിവാദ്യമർപ്പിച്ചു. കേരളത്തിന് കരുത്തായി എന്നും എൽഡിഎഫ് ഉണ്ടാകുമെന്ന വിളംബരമായിരുന്നു മഹായോഗം. ജില്ലയിലെ എല്ലാ ഭാഗത്തുനിന്നുമുള്ള എൽഡിഎഫ് പ്രവർത്തകർ നാഗമ്പടം നെഹ്‌റുസ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. യോഗത്തിൽ മുഖ്യമന്ത്രിയെത്തിയപ്പോൾ ആവേശം അലതല്ലി. മുദ്രാവാക്യങ്ങളോടെ പ്രവർത്തകർ ജനനായകനെ സ്വീകരിച്ചു. എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയായിരുന്നു യോഗത്തിലെ ജനസഞ്ചയം. ഓരോ മേഖലയിലെയും നേട്ടങ്ങൾ എണ്ണിയെണ്ണി മുഖ്യമന്ത്രി വിവരിച്ചു. യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. ജോസ് കെ മാണി എംപി അധ്യക്ഷനായി. മന്ത്രിമാരായ വി എൻ വാസവൻ, പി പ്രസാദ്, എ കെ ശശീന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, എൽഡിഎഫ് നേതാക്കളായ കാസിം ഇരിക്കൂർ, ജേക്കബ് ഉമ്മൻ, എം ടി കുര്യൻ, സ്‌റ്റീഫൻ ജോർജ്, സണ്ണി തോമസ്, ഫ്രാൻസിസ് തോമസ്, ജിയാഷ് കരീം, ബോബൻ ടി തെക്കേൽ, ഔസേപ്പച്ചൻ തകിടിയേൽ, പ്രശാന്ത് നന്ദകുമാർ, സി കെ ശശിധരൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, ടി വി വർഗീസ് എന്നിവർ സംസാരിച്ചു. പ്രസീദ ചാലക്കുടിയുടെ സംഗീതപരിപാടിയും അരങ്ങേറി
0 comments