സൂപ്പർഹിറ്റാകാൻ കൂടുതൽ ഉൽപന്നങ്ങളെത്തുന്നു

കുമ്മനത്തെ കേരള ചിക്കൻ ഔട്ട്‌ലെറ്റ്
കോട്ടയം
കുടുംബശ്രീ കേരള ചിക്കൻ ബ്രാൻഡിൽ ഫ്രോസൺ മേഖലയിൽ കൂടുതൽ ഉൽപന്നങ്ങൾ വിപണിയിലേക്ക്. ചിക്കൻ ബിരിയാണി കട്ട്, ഡ്രംസ്‌റ്റിക്, ചിക്കൻ ബ്രസ്‌റ്റ് എന്നിവയും മറ്റ് മൂല്യവർധിത ഉൽപന്നങ്ങളും ഈവർഷം പകുതിയോടെ ജില്ലയിൽ പൊതുവിപണിയിലെത്തും. ലൈവ് ഔട്ട്‌ലെറ്റുകൾക്ക് പുറമെ ഫ്രോസൺ ചിക്കൻ മേഖലയിലേക്കും വിപണനം വ്യാപിപ്പിച്ച് സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും കേന്ദ്രീകരിച്ചാണ് ഉൽപന്നങ്ങൾ ലഭ്യമാക്കുന്നത്. നിലവിൽ ഫ്രോസൺ ചിക്കൻ കറികട്ട് മാത്രമാണ് കേരള ചിക്കൻ ബ്രാൻഡിൽ വിപണിയിലെത്തിക്കുന്നത്. ജില്ലയിൽ കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്ക് മികച്ച വിറ്റുവരവാണുള്ളത്. നാലുവർഷത്തിനിടെ 52,59,565കിലോ ചിക്കനാണ് കേരള ചിക്കൻവഴി വിറ്റഴിച്ചത്. ഈവർഷം മാത്രം 14,67,58,280.20രൂപയാണ് (2024 ഏപ്രിൽ മുതൽ 2025 മാർച്ച് 23വരെ) വിറ്റുവരവ്. വിൽപനയിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനത്താണ് ജില്ല. ഒന്നാമത് കോഴിക്കോടും. 2021ലാണ് ജില്ലയിൽ പദ്ധതി തുടങ്ങിയത്. നിലവിൽ 45 ഫാമുകളിലായി 148000-–- 150000 കോഴികളെ വളർത്തുന്നു. ഇവ ജില്ലയിലെ 15 കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ വഴി വിറ്റഴിക്കുന്നു. ഗുണമേന്മയുള്ള ബ്രോയിലർ കോഴിയിറച്ചി ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനാൽ വിപണിയിൽ കേരളചിക്കൻ പ്രിയപ്പെട്ടതായി. തിങ്കളാഴ്‌ച പൊതുവിപണിയിൽ കിലോയ്‌ക്ക് 130 രൂപ വിലയുള്ളപ്പോൾ കേരള ചിക്കന് 115രൂപയാണ്. കുടുംബശ്രീ അംഗങ്ങളുടെ ഫാമുകൾക്ക് കമ്പനി ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞും തീറ്റയും മരുന്നും നൽകും. 35 ദിവസത്തിനുശേഷം കർഷകരിൽനിന്ന് കോഴിക്കുഞ്ഞുങ്ങളെ ശേഖരിച്ച് ഔട്ട്‌ലെറ്റുകൾവഴി വിൽക്കും. ഫാമുകളും ഔട്ട്‌ലെറ്റുകളും നടത്തുന്നത് കുടുംബശ്രീ അംഗങ്ങളാണ്. ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കി നൽകുന്നതും മരുന്നും തീറ്റയും ലഭ്യമാക്കുന്നതും കമ്പനി നേരിട്ടാണ്. ഫാമുകളിൽ ഇവയെ വളർത്തിയെടുക്കാൻ മികച്ച കമീഷൻ കമ്പനി നൽകുന്നുണ്ട്. ഔട്ട്‌ലെറ്റുകളിൽ വിൽക്കുന്ന കോഴികൾക്ക് ഒരുകിലോയിൽ നിശ്ചിത മാർജിനിൽ തുക നൽകുന്നു. വിശേഷദിവസങ്ങൾ കേന്ദ്രീകരിച്ച് വമ്പിച്ച വിൽപനയാണ് നടക്കുന്നത്. ഈസ്റ്റർ വിപണി മുന്നിൽകണ്ട് മുഴുവൻ ഫാമുകളിലും കോഴിക്കുഞ്ഞുങ്ങളെ വളർത്തിയിട്ടുണ്ടെന്നും ന്യായമായ വിലയിൽ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. ജില്ലയിലെ ഔട്ട്‌ലെറ്റുകൾ കൊടുങ്ങൂർ, മാന്തുരുത്തി, കറുകച്ചാൽ (പനയമ്പാല), തെങ്ങണ, ചങ്ങനാശേരി, വെണ്ണിമല, ഇല്ലിവളവ്, കളത്തിപ്പടി, കുമ്മനം, ഏറ്റുമാനൂർ, കിടങ്ങൂർ, ചേർപ്പുങ്കൽ, പാലാ, പുതുവേലി, -കാഞ്ഞിരപ്പള്ളി. എലിക്കുളത്ത് ഔട്ട്‌ലറ്റ് ഉടൻ തുടങ്ങും.
0 comments