Deshabhimani

കുടുംബശ്രീ തൊഴിലൊരുക്കിയത്‌ 13,812 വനിതകൾക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 23, 2025, 03:36 AM | 1 min read

കോട്ടയം ജില്ലയിൽ സൂക്ഷ്മസംരംഭ മേഖലയിൽ 13,812 വനിതകൾക്ക് തൊഴിൽ ലഭ്യമാക്കി കുടുംബശ്രീ. 5,393 വ്യക്തിഗത സംരംഭങ്ങളും 1,521 ഗ്രൂപ്പ് സംരംഭങ്ങളും ഉൾപ്പെടെ 6,914 സംരംഭങ്ങൾ രൂപീകരിച്ചാണ്‌ വനിതകൾക്ക് ഉപജീവന മാർഗമൊരുക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച പ്രത്യേക ഉപജീവന കാമ്പയിൻ കെ- ലിഫ്റ്റ് വഴി 5,862 പേർക്ക്‌ തൊഴിൽ ലഭിച്ചു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട്‌ കുടുംബശ്രീ നടപ്പാക്കുന്ന സുപ്രധാന പദ്ധതിയാണ് സൂക്ഷ്മസംരംഭങ്ങൾ. വിവിധ പദ്ധതികളുടെ ഭാഗമായി ഉൽപാദന സേവന മേഖലകളിലടക്കം കുടുംബശ്രീ വനിതകൾക്ക് സ്വയംതൊഴിൽ ലഭ്യമാക്കുന്നുണ്ട്. സേവനമേഖലയിൽ 2,149ഉം വ്യാപാരരംഗത്ത് 1,521 സംരംഭങ്ങളും രൂപീകരിച്ചിട്ടുണ്ട്. ഭക്ഷ്യോൽപാദനത്തിൽനിന്ന്‌ മൂല്യവർധിത ഉൽപന്ന നിർമാണവും ഭക്ഷ്യ-സംസ്കരണവുമടക്കമുള്ള മേഖലകളിലും ശ്രദ്ധേയമായ ചുവടുവയ്പ് നടത്താനായി. അജൈവ മാലിന്യ ശേഖരണത്തിനായി രൂപീകരിച്ച 78 ഹരിതകർമ സേനകളിലെ 2,301 വനിതകൾക്കും മികച്ച വരുമാനം ലഭിക്കുന്നു. പാവപ്പെട്ടവർക്ക് 20 രൂപയ്ക്ക് ഗുണനിലവാരമുള്ള ഉച്ചഭക്ഷണം ലഭ്യമാക്കാനായി 46 ജനകീയ ഹോട്ടലുകളും നടത്തുന്നു. കാലാനുസൃതമായി പുതിയ സംരംഭങ്ങൾ ആരംഭിക്കാനും വനിതകളുടെ സംരംഭകത്വ ശേഷി വികസിപ്പിക്കാനും കുടുംബശ്രീ പ്രത്യേക പരിഗണന നൽകുന്നു. ജില്ലയിൽ ആരംഭിച്ച പ്രീമിയം കഫേ റസ്‌റ്ററന്റാണ്‌ ഇതിൽ പ്രധാനം. നാൽപത്തിയഞ്ചോളം വനിതകൾക്ക്‌ ഇതിലൂടെ മികച്ച വരുമാനം ലഭിക്കുന്നുണ്ട്. വയോജന രോഗീപരിചരണ മേഖലയിൽ ലഭ്യമാകുന്ന തൊഴിലവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനായി ആവിഷ്‌കരിച്ച കെ4കെയർ പദ്ധതിയാണ് മറ്റൊന്ന്. ഇതിലൂടെ മുപ്പതോളം പേർക്ക് തൊഴിൽ ലഭിച്ചു. സ്വയംതൊഴിൽ മേഖലയിലേക്ക് കടന്നുവരുന്ന വനിതകൾക്ക് പൊതുഅവബോധന പരിശീലനം, സംരംഭകത്വ വികസന പരിശീലനം, നൈപുണ്യ വികസന പരിശീലനം, വിവിധ സാമ്പത്തിക പിന്തുണകൾ എന്നിവയും കുടുംബശ്രീ ലഭ്യമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home