കാർഷിക - ക്ഷീരമേഖലയ്ക്ക് പ്രധാന്യം നൽകി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

ഏറ്റുമാനൂർ കാർഷിക - ക്ഷീര മേഖലകൾക്കു ഊന്നൽ നൽകി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ്. 48, 56, 74, 840 രൂപ വരവും 48,43,94,840 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് എ എം ബിന്നു അവതരിപ്പിച്ചത്. കാർഷിക-ക്ഷീര മേഖലകൾക്കും വൃക്കരോഗമുള്ളവർക്കും ഡയാലിസിസ് ധനസഹായം ഉൾപ്പെടെ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ പ്രദേശങ്ങളുടെയും സമഗ്രവികസനം ലക്ഷ്യമാക്കിയുള്ളതാണ് ബജറ്റ്. ഡയാലിസിസ് ധനസഹായത്തിനായി 10 ലക്ഷം രൂപ നീക്കിവെച്ചു. കുമരകം, അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവിതശൈലീ രോഗ ക്ലിനിക്കുകൾ ആഴ്ചയിൽ 5 ദിവസം പ്രവർത്തിപ്പിക്കുന്നതിനും ബജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ട്. ക്ഷീരകർഷകർക്ക് വൈക്കോൽ വാങ്ങാൻ ധനസഹായം, കുട്ടികളിൽ വായനാശീലം വളർത്താൻ സ്‌കൂൾ ലൈബ്രറികൾക്ക് പുസ്തകങ്ങൾ വാങ്ങി നൽകുന്നതിനുള്ള അക്ഷരമുറ്റം പദ്ധതി, വിത്ത് വിതയ്ക്കാനും മരുന്ന് തളിക്കാനും ഡ്രോൺ ഉപയോഗിക്കുന്നതിന് കർഷകർക്ക് ധനസഹായം എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ജെസി നൈനാൻ, കെ കെ ഷാജിമോൻ, കവിതമോൾ ലാലു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപ്, സെക്രട്ടറി വി സീന, ബ്ലോക്ക് പഞ്ചായത്ത് നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
0 comments