പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രം

കോട്ടയം
നേതാക്കൾക്ക് കട്ടുമുടിക്കാൻ മാത്രമുള്ള സംവിധാനമായി കോട്ടയം നഗരസഭയെ യുഡിഎഫ് മാറ്റി. . അഴിമതിയും സ്വജനപക്ഷപാതവുമാണ് കോട്ടയത്തെ യുഡിഎഫ് ഭരണത്തിന്റെ മുഖമുദ്ര. ഒടുവിൽ പുറത്തുവന്ന കോടികളുടെ ചെക്ക് തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രം. കൃത്യമായി നടത്തേണ്ട കണക്കുകളുടെ പരിശോധന വർഷങ്ങളായി ബോധപൂർവം മുടക്കിയാണ് 211 കോടി രൂപയുടെ ക്രമക്കേടിന് കോൺഗ്രസ് ഭരണസമിതി കളമൊരുക്കിയത്. നഗരസഭയിലെ തനത് ഫണ്ടിനത്തിലും മറ്റിനങ്ങളിലും വാങ്ങിയ ചെക്കുകൾ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയിട്ടില്ലെന്നാണ് ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയത്. മൂന്ന് ബാങ്കുകളിലെ ഏഴ് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ഈ വലിയ തട്ടിപ്പ് പുറത്തായത്. നഗരസഭയ്‌ക്ക് വിവിധ ബാങ്കുകളിലായി നിരവധി അക്കൗണ്ടുകളുണ്ട്. ഇവയുടെ കൃത്യമായ പരിശോധന നടന്നാലേ തട്ടിപ്പിന്റെ ആഴം ബോധ്യപ്പെടൂ. ഇത്ര വലിയ തട്ടിപ്പ് നടന്നിട്ടും സാങ്കേതിക പ്രശ്‌നമെന്ന് പറഞ്ഞൊഴിയുകയാണ് നഗരസഭ. ചെക്കുകളുടെ വിവരങ്ങൾ സൂക്ഷിക്കുന്ന രജിസ്‌റ്റർ തന്നെ നശിപ്പിച്ചതിലൂടെ യഥാർഥ അഴിമതി മറച്ചുവയ്‌ക്കാനുള്ള യുഡിഎഫിന്റെ ശ്രമമാണ് വ്യക്തമായത്. ഒരാഴ്‌ച്ചകൊണ്ട് വിശദമായ പരിശോധന നടത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തും എന്ന് പറഞ്ഞാണ് കൗൺസിലിൽനിന്ന് ചെയർപേഴ്‌സൺ ബിൻസി സെബാസ്‌റ്റ്യൻ തടിയൂരിയത്. എന്നാൽ കഴിഞ്ഞ ദിവസം രേഖകൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് സെക്രട്ടറി ചെയർപേഴ്‌സണ് കത്ത് നൽകി. ഗുരുതരമായ അഴിമതി പുറത്തായിട്ടും സ്ഥലം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണനോ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷോ പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഇക്കാലമത്രയും തട്ടിപ്പ് നടത്തിയതെന്ന് വ്യക്തം
Related News

0 comments