സമരപ്രചാരണജാഥയ്‌ക്ക് ഗംഭീര വരവേൽപ്പ്

കെഎസ്‌ആർടിഇഎ (സിഐടിയു) സമരപ്രചാരണജാഥയുടെ ഈരാറ്റുപേട്ടയിൽ നടന്ന സമാപനയോഗത്തിൽ ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ സംസാരിക്കുന്നു
കോട്ടയം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‌ആർടിഇഎ(സിഐടിയു) നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ചിന് മുന്നോടിയായുള്ള സമരപ്രചരണജാഥയ്‌ക്ക് കോട്ടയം ജില്ലയിൽ ഗംഭീര വരവേൽപ്പ്. കെഎസ്‌ആർടിഇഎ ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ ക്യാപ്‌റ്റനായ ജാഥ ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി ബുധനാഴ്‌ച വൈകിട്ടോടെയാണ് ജില്ലയിലേക്ക് പ്രവേശിച്ചത്. പാലായിൽ എത്തിയ ജാഥയ്‌ക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ കെഎസ്‌ആർടിഇഎ പാലാ യൂണിറ്റ് പ്രസിഡന്റ് പി എം സുനിൽ അധ്യക്ഷനായി. ജാഥാ ക്യാപ്ടൻ ഹണി ബാലചന്ദ്രൻ, ജാഥാംഗം സുജിത്ത് സോമൻ, എസ് വിനോദ്, യൂണിറ്റ് സെക്രട്ടറി കെ വി പ്രകാശ് എന്നിവർ സംസാരിച്ചു. സമാപന കേന്ദ്രമായ ഈരാറ്റുപേട്ടയിലെത്തിയ ജാഥയെ സിപിഐ എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ചെണ്ടമേളത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് ജാഥയെ വരവേറ്റത്. സമാപനയോഗം സിഐടിയു പൂഞ്ഞാർ ഏരിയ സെക്രട്ടറി സി എം സിറിയക്ക് ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിഇഎ യൂണിറ്റ് പ്രസിഡന്റ് കെ ടി ഷിബു അധ്യക്ഷനായി. ജാഥാ ക്യാപ്ടൻ ഹണി ബാലചന്ദ്രൻ, ജാഥാംഗങ്ങളായ പി എ ജോജോ, പി റഷീദ് , യൂണിറ്റ് സെക്രട്ടറി എം വി നോബി എന്നിവർ സംസാരിച്ചു. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, പെൻഷൻ പരിഷ്‌കരണം നടപ്പാക്കുക, എൻഡിആർ, എൻപിഎസ് കുടിശ്ശിക പൂർണമായും അടച്ചുതീർക്കുക, മിനിമം ഡ്യൂട്ടി മാനദണ്ഡത്തിൽ വാർഷിക ഇൻക്രിമെന്റ് നിഷേധിക്കുന്നത് പിൻവലിക്കുക, ഡിഎ, പ്രൊമോഷൻ, സ്ഥലം മാറ്റം ഉൾപ്പെടെ തടഞ്ഞുവച്ചിട്ടുള്ള ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പുതിയ ബസുകൾ നിരത്തിലിറക്കുക, വർക്‌ഷോപ്പുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ഇന്ധനവില കുറയ്ക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ. വ്യാഴാഴ്‌ച്ച എരുമേലി, പൊൻകുന്നം, ചങ്ങനാശേരി, കോട്ടയം എന്നീ കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷം ജാഥ ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും.
Related News

0 comments