സംഭരിച്ച നെല്ലിന് ഉടനെ വിലകിട്ടണം: കർഷകർ സമരത്തിലേക്ക്

കോട്ടയം സംഭരണത്തിലെയും വില നൽകുന്നതിലെയും അപാകം പരിഹരിച്ച് കാലതാമസം കൂടാതെ നെല്ലുവില ലഭ്യമാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിരന്തരമായ പ്രക്ഷോഭത്തിന്റെ ഫലമായാണ് സിവിൽ സപ്ലൈസ് സംഭരണത്തിലെ അപാകം പരിഹരിച്ചത്. ഇപ്പോൾ കൺസോർഷ്യത്തിൽ ഉൾപ്പെട്ട കനറബാങ്കും എസ്ബിഐയും തൊടുന്യായങ്ങൾ പറഞ്ഞ് കർഷകരെ വെല്ലുവിളിക്കുന്നു. ബാങ്ക് അധികൃതർ നിലപാട് തിരുത്തിയില്ലെങ്കിൽ കർഷകസംഘം ശക്തമായ പ്രക്ഷോഭം തുടങ്ങും. സംഭരിക്കുന്നതിലും നെല്ലിന് വില ലഭ്യമാകുന്നതിനും സാങ്കേതിക ന്യായങ്ങളല്ല കർഷകർക്ക് വേണ്ടത്. കനറ ബാങ്ക് പിആർഎസ് വാങ്ങുന്നില്ല. എസ്‌ബിഐ പിആർഎസ് വാങ്ങി വെയ്ക്കുന്നതല്ലാതെ പണം നൽകുന്നില്ല. 9.5 ശതമാനം പലിശ വേണമെന്നാണ് കനറ ബാങ്ക് സമീപനം. കേരള ബാങ്കിന് പിആർഎസ് വായ്പ നൽകിയതിൽ 700 കോടി സിവിൽ സപ്ലൈസ് നൽകാനുണ്ട്. ഈ കുടിശ്ശിക നൽകി കേരള ബാങ്കിനെ കൺസോർഷ്യത്തിൽ ഉൾപ്പെടുത്തി കനറ ബാങ്കിന്റെയും എസ്ബിഐയുടേയും വിലപേശലിൽനിന്ന് കർഷകരെ രക്ഷിക്കണം. മാർച്ച് 15 മുതൽ ഏപ്രിൽ 31 വരെ സപ്ലൈകോ സംഭരിച്ച നെല്ലിന് 660 കോടി രൂപ നൽകാനുണ്ട്. ഇത് താങ്ങാൻ കർഷകർക്കാവില്ല. വായ്‌പകളെടുത്തും സ്വർണം പണയപ്പെടുത്തിയും മറ്റുമാണ് കൃഷിയിറക്കുന്നത്. ഇങ്ങനെ പോയാൽ കൃഷി ഉപേക്ഷിച്ച് പാടങ്ങൾ തരിശിടുന്ന സാഹചര്യമുണ്ടാകും. കേന്ദ്ര സർക്കാർ നെല്ല് സംഭരണത്തിന്റെ ഇനത്തിൽ 1,100 കോടിയിലേറെ രൂപ കേരളത്തിന് നൽകാനുണ്ട്. കർഷകർക്ക് നെല്ല് വില യഥാസമയം കിട്ടാൻ അടിയന്തര നടപടി വേണമെന്ന് കർഷകസംഘം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
0 comments