വടയാറിൽ നൂറിലധികം വീടുകൾ വെള്ളത്തിൽ

വടയാർ പഴമ്പട്ടിയിൽ വീടുകളിൽ വെള്ളം കയറിയ നിലയിൽ
തലയോലപ്പറമ്പ് കനത്ത മഴയിൽ തലയോലപ്പറമ്പ് പഞ്ചായത്തിലെ വടയാറിൽ നൂറിലധികം വീടുകളിൽ വീണ്ടും വെള്ളം കയറി. കോരിക്കൽ, പഴമ്പട്ടി, മനക്കച്ചിറ, പന്ത്രണ്ടിൽ, മുണ്ടോടിയിൽ, വട്ടക്കേരിൽ, കാളിവേലിൽ, കുന്നുതറക്കരി, എട്ടടി എന്നീ ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മെയ് അവസാനമുണ്ടായ കനത്തമഴയിൽ പ്രദേശത്തെ വീടുകളിൽ മുട്ടോളം വെള്ളം കയറിയിരുന്നു. തുടർന്ന് തലയോലപ്പറമ്പ് എ ജെ ജോൺ മെമോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലേക്കും കുറേ കുടുംബങ്ങൾ താമസംമാറ്റിയിരുന്നു. വീണ്ടും മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങൾ ഒറ്റപ്പെട്ടു. വെള്ളം കയറിയ വീടുകളിൽനിന്ന് ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റാൻ അധികൃതർ തയ്യാറാണെങ്കിലും വളർത്തുമൃഗങ്ങളെയും മറ്റും സംരക്ഷിക്കേണ്ടതിനാൽ പലരും ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകുന്നില്ല. ചൊവ്വാഴ്ചയും കനത്തമഴ പെയ്തതിനാൽ ജലനിരപ്പിൽ വലിയ മാറ്റമൊന്നുമില്ലാതെ തുടരുകയാണ്.
0 comments