മില്ലുകൾ പിടിവാശിയിൽ; നെഞ്ചുലഞ്ഞ് കർഷകർ

കോട്ടയം
ജില്ലയിലെ പടിഞ്ഞാറൻ മേഖലയിലെ കർഷകരെ ആശങ്കയിലാക്കി നെല്ല് ശേഖരിക്കാതെയുള്ള മില്ലുടമകളുടെ പിടിവാശി തുടരുന്നു. കോട്ടയത്തേക്ക് സർക്കാർ നിയോഗിച്ചത് 39 മില്ലുകളെയാണെങ്കിലും ഇവരിൽ 19 പേർ മാത്രമേ എത്തിയിട്ടുള്ളൂ. ഇവരാകട്ടെ, സംഭരണം വൈകിപ്പിക്കുകയും അന്യായമായ ഇളവ് ആവശ്യപ്പെടുകയുമാണ്. കൊയ്‌തിട്ടിരിക്കുന്ന നെല്ല് ഇനിയും എടുക്കാതിരുന്നാൽ ഉണ്ടാകുന്ന നഷ്ടമോർത്ത് ആധിയിലാണ് കർഷകർ. കർഷകരുടെ അവസ്ഥ മുതലെടുത്ത് പരമാവധി കിഴിവ് നേടിയെടുക്കുകയാണ് മാഫിയയെപ്പോലെ സംഘടിച്ച മില്ലുകളുടെ ലക്ഷ്യം. കഴിഞ്ഞദിവസം ഒമ്പതിനായിരം പാടശേഖരത്തിൽ നൂറ് കിലോ നെല്ലെടുക്കുമ്പോൾ രണ്ടുകിലോ കിഴിവ് വാങ്ങിയിരുന്നു. സാഹചര്യത്തിന്റെ സമ്മർദം മൂലമാണ് നിലവാരമുള്ള നെല്ലായിട്ടും കർഷകർ കിഴിവിന് സമ്മതിച്ചത്. ജില്ലയിൽ എത്തിയിരിക്കുന്ന മില്ലുകൾ പാലക്കാടുനിന്ന് നെല്ല് സംഭരിക്കാനാണ് ശ്രമിക്കുന്നത്. മില്ലുകൾ ആവശ്യപ്പെടുന്ന കിഴിവ് രണ്ട് കിലോയിൽനിന്ന് ഇപ്പോൾ 22 കിലോ വരെ എത്തിയിട്ടുണ്ട്. പാടശേഖരസമിതികൾ ഇതിനെതിരെ പ്രതിഷേധമുയർത്തുന്നുണ്ട്. കേരള കർഷകസംഘവും സമരപരിപാടികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്. നെല്ല് കരയ്‌ക്കെത്തിക്കാനും കർഷകൻ പണം മുടക്കണം. ഇതുകുടാതെയാണ് നടുവൊടിക്കുന്ന ഇളവും ചോദിക്കുന്നത്. ഗ്രാവ്, ഒമ്പതിനായിരം, പെരുനിലം, നടവിലക്കരി തുടങ്ങിയ പാടങ്ങളിലെല്ലാം പ്രശ്‌നമുണ്ട്. നഷ്ടം സംഭവിച്ചാൽ അടുത്തവർഷം കൃഷിയിറക്കാൻ കർഷകർ മടിക്കും. വായ്‌പയെടുത്താണ് പലരും കൃഷിയിറക്കിയത്. മഴ പെയ്‌തത് സാഹചര്യം രൂക്ഷമാക്കി. നെല്ല് കേടാകാതെ ചാക്കിൽ കെട്ടിവയ്‌ക്കണം. ഇനിയുമിരുന്നാൽ ഉപയോഗശൂന്യമാകും. ആറായിരം പാടശേഖരത്തിലും മറ്റും നെല്ല് കൊയ്യാൻ ബാക്കിയുണ്ട്. ഒരുതവണകൂടി ശ മഴയും കാറ്റുമുണ്ടായാൽ നെല്ല് നശിച്ചേക്കുന്ന ഭീതിയുമുണ്ട് കർഷകർക്ക്. വെള്ളം കയറിയ പാടങ്ങളിൽ കൊയ്‌ത്ത് യന്ത്രം ഇറക്കാനാകുന്നില്ല. ഇറക്കിയാൽ യന്ത്രം താഴ്‌ന്നുപോകുന്ന സ്ഥിതിയാണ്.
0 comments