ഈ മികവിനുണ്ടൊരു മേൽവിലാസം ‘അനാഥ’

കടുത്തുരുത്തി അനാഥാലയത്തിന്റെ കാരുണ്യത്തിൽ വളർന്ന അമ്മുവിന് എംജി സർവകലാശാലയിൽ ഫാമിലി ആൻഡ് കമ്യൂണിറ്റി സയൻസിൽ നാലാം റാങ്ക്. അച്ഛനെയും അമ്മയെയും ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത അമ്മുവിന്റെ റാങ്ക് നേട്ടത്തിന് ഇരട്ടി മധുരം. പ്ലസ്‌ടു വരെ അനാഥാലയത്തിൽ വളർന്ന അമ്മുവിന് 18 വയസായപ്പോൾ അവിടെനിന്നു പടിയിറങ്ങേണ്ടി വന്നു. അതുവരെ ഒപ്പം ജീവിച്ചവരിൽനിന്ന് അകന്ന് കല്ലറ മഹിളാ മന്ദിരത്തിന്റെ സ്‌നേഹത്തണലിലായി പിന്നെ ജീവിതം. 2022ൽ കോട്ടയം ബിസിഎം കോളേജിൽ പ്രവേശനം ലഭിക്കുന്നത് വരെ ഷോർട്ട് ഹാൻഡ് പഠിച്ചു. റാങ്ക് വാങ്ങണം മോളേ എന്ന മഹിളാമന്ദിരം സൂപ്രണ്ട് ഗീതാകുമാരിയുടെ ഉപദേശം പ്രചോദനമായി. അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പ്രോത്‌സാഹനം കൂടിയായപ്പോൾ ഇരുളടഞ്ഞ ജീവിതത്തിൽ അമ്മു അറിവിന്റെ തിരിതെളിച്ചു. തന്നെപ്പോലെ അനാഥരായവർക്ക് താങ്ങും തണലുമാകുമെന്ന് മനസ്സിൽ ഉറപ്പിച്ചാണ് പാഠ്യവിഷയം തെരഞ്ഞെടുത്തത്. ബിരുദാനന്തര ബിരുദം നേടി ഐസിഡിഎസ് സൂപ്രണ്ട് ജോലി നേടണമെന്നാണ് ആഗ്രഹം. പാട്ടിലും ഡാൻസിലും ഈ മിടുക്കി നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. റാ ങ്ക് ജേതാവിനെ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പിള്ളിയും മുൻ പ്രസിഡന്റ് പി വി സുനിലും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും അനുമോദിച്ചു.
0 comments