ലീഗിന്റെ ഭീഷണിക്ക് വഴങ്ങി
നാണംകെട്ട് കോൺഗ്രസ്

കോട്ടയം ജില്ലാ പഞ്ചായത്തിൽ മത്സരിക്കാൻ സീറ്റിനു വേണ്ടിയുള്ള മുസ്ലിംലീഗിന്റെ ഭീഷണിക്ക് വഴങ്ങി കോൺഗ്രസ്. സീറ്റില്ലെങ്കിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് വെള്ളിയാഴ്ചത്തെ ചർച്ചയിലും ലീഗ് ആവർത്തിച്ചതോടെ ഒരു സീറ്റ് നൽകാമെന്ന് കോൺഗ്രസ് സമ്മതിച്ചു. കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന് ഇതിൽ എതിർപ്പുണ്ട്. ജില്ലാ പ്രസിഡന്റ് അസീസ് ബഡായിലിന് മത്സരിക്കാൻ മുണ്ടക്കയം സീറ്റ് വേണമെന്നായിരുന്നു ലീഗിന്റെ ആവശ്യം. ഇത് തുടക്കത്തിലേ കോൺഗ്രസ് തള്ളി. പിന്നീട് എരുമേലി സീറ്റ് മതിയെന്നായി. ഇതിന്റെ പേരിൽ ഇരുപാർടികളും തമ്മിൽ ദിവസങ്ങൾ നീണ്ട ചർച്ചയും വാഗ്വാദങ്ങളും നടന്നു. ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിൽ ലീഗിന് അമർഷമുണ്ടായിരുന്നു. തങ്ങളേക്കാൾ ദുർബലരായ കേരള കോൺഗ്രസിന്(പി ജെ ജോസഫ് വിഭാഗം) എട്ട് സീറ്റ് നൽകിയിട്ടും തങ്ങൾക്ക് ഒറ്റ സീറ്റും നൽകാത്തത് അപമാനിക്കലാണെന്ന് ലീഗ് നേതാക്കൾ പറഞ്ഞു. ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചുനിന്നതോടെ ഒടുവിൽ കോൺഗ്രസ് വഴങ്ങി. സീറ്റ് ഏതാണെന്ന് പിന്നീട് പ്രഖ്യാപിക്കാനാണ് തീരുമാനം. മുണ്ടക്കയമോ എരുമേലിയോ നൽകില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ലീഗിന്റെ ബ്ലാക്ക്‌മെയിലിങ്ങിന് വഴങ്ങരുതായിരുന്നു എന്നാണ് കേരള കോൺഗ്രസിന്റെയും നിലപാട്. തദ്ദേശതെരഞ്ഞെടുപ്പിൽ ഇത് മുന്നണിയെ വലിയതോതിൽ ബാധിക്കുമെന്ന ആശങ്കയും ഇവർ കോൺഗ്രസിനെ അറിയിച്ചു. വിഷയം കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയുടെ സൂചനകൾ കാണിച്ചുതുടങ്ങിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിൽ ലീഗിന് ആദ്യമായാണ് സീറ്റ് ലഭിക്കുന്നത്.









0 comments