ജില്ല ക്ലീനാക്കാൻ എക്‌സൈസ്‌, ഏഴ്‌ ദിവസം 157 അറസ്റ്റ്‌

aharimarunnu vyaapanam
വെബ് ഡെസ്ക്

Published on Mar 16, 2025, 02:36 AM | 2 min read

കോട്ടയം വർധിച്ചു വരുന്ന ലഹരിമരുന്ന്‌ വ്യാപനം തടയാൻ സംസ്ഥാന വ്യാപകമായി എക്സൈസ് വകുപ്പ്‌ ആരംഭിച്ച ‘ഓപറേഷൻ ക്ലീൻ സ്ലേറ്റ്’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ ഏഴ്‌ ദിവസംകൊണ്ട്‌ പിടിയിലായത്‌ 157 പേർ. മയക്കുമരുന്ന്‌, അബ്‌കാരി, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം തുടങ്ങി 309 കേസുകളും രജിസ്റ്റർചെയ്തു. വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിലുള്ള ലഹരി ഉപയോഗം തടയാൻ ആരംഭിച്ച ‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്‌’ മാർച്ച്‌ മൂന്നിനാണ്‌ ആരംഭിച്ചത്‌. 12 വരെ വരെയായിരുന്നു നേരത്തെ സ്പെഷ്യൽ ഡ്രൈവ്‌ തീരുമാനിച്ചതെങ്കിലും ഒരാഴ്ച കൂടെ നീട്ടും. മയക്കുമരുന്ന്‌ വിപണനവുമായി ബന്ധപ്പെട്ട്‌ 85 കേസുകളിൽ 88 പേരും 66 അബ്‌കാരി കേസുകളിൽ 69 പേരുമാണ്‌ പിടിയിലായത്‌. ഇക്കാലയളവിൽ 312 റെയ്‌ഡുകൾ നടത്തി. 978 വാഹനങ്ങൾ പരിശോധിച്ചു. ക്യാമ്പയിന്റെ ഭാഗമായി വാറന്റുള്ള ലഹരിക്കേസ് പ്രതികളെകണ്ടെത്തി അറസ്റ്റുചെയ്യും. തുടർച്ചയായി ലഹരി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന പ്രതികളെ കരുതൽ തടങ്കലിലാക്കും. ലഹരിവിൽപ്പന വ്യാപകമായ ജില്ലയിലെ പ്രത്യേക കേന്ദ്രങ്ങൾ എക്‌സൈസ്‌ നിരീക്ഷണത്തിലാണ്‌. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച്‌ 15 പരിശോധനകളാണ്‌ നടത്തിയത്‌. സ്‌കൂൾ പരിസരങ്ങളിൽ 164 തവണ പരിശോധന നടത്തി. കൂടാതെ ടൂറിസ്റ്റ് ബസുകളിലും അന്തർസംസ്ഥാന ബസുകളിലും പരിശോധന നടത്തും. 1.41 കിലോ കഞ്ചാവുമായി അസം സ്വദേശി 
പിടിയിൽ ചങ്ങനാശേരി ചങ്ങനാശേരി തെങ്ങണയ്ക്ക് സമീപം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽനിന്ന് 1.41 കിലോഗ്രാം കഞ്ചാവുമായി അസാം സ്വദേശി പിടിയിൽ. ആസാം ദീമാംജി ജില്ലയിലെ ഗുൻഗുഹ സ്വദേശി അസിം ചങ്മയ് (35) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് കഞ്ചാവിനൊപ്പം 10,800 രൂപ, കഞ്ചാവ് ചുരുട്ടി വലിക്കാൻ ഉപയോഗിക്കുന്ന ചെറിയ ഉപകരണങ്ങൾ എന്നിവയും കണ്ടെത്തി. ഓൺലൈനിൽ നിന്ന് വാങ്ങിയ ഈ ഉപകരണം ചേർത്താണ് ഇയാൾ കഞ്ചാവ് വിറ്റിരുന്നത് എന്നതിനാൽ വിദ്യാർഥികളും യുവാക്കളും അടക്കമുള്ള ആവശ്യക്കാർ ഏറെയായിരുന്നുവെന്ന്‌ എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്തെ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയും ഉപയോഗവും നടക്കുന്നുവെന്ന്‌ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ എം നൗഷാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്‌. ഇയാളുടെ പക്കൽനിന്ന്‌ കഞ്ചാവ് വാങ്ങി വിൽപ്പന നടത്തുന്ന ചെറുകിട കച്ചവടക്കാർ ഏറെയുണ്ടെന്നാണ്‌ വിവരം. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസി. എക്സൈസ് ഇൻസ്പെക്ടർ പി ജി രാജേഷ്, ഉദ്യോഗസ്ഥരായ അരുൺ സി ദാസ്, ദീപക് സോമൻ, അരുൺ ലാൽ, നിഫി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. കഞ്ചാവുമായി 4 യുവാക്കളെ 
പിടികൂടി പെരുവ മുളക്കുളത്ത് കഞ്ചാവുമായി നാല് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. വടുകുന്നപ്പുഴ സ്വദേശികളായ ബേസിൽ ബിനോയി, അവനീത്, വെള്ളൂർ പൊലീസ് സ്റ്റേഷൻപടി സ്വദേശി അനന്തു അനീഷ്, ആഷിഷ് എന്നിവരെയാണ് കടുത്തുരുത്തി എക്സൈസ് സംഘം പിടികൂടിയത്. ഇവരുപയോഗിച്ച ഒരു ആക്ടീവ സ്കൂട്ടറും കഞ്ചാവ് പൊതികളും പിടിച്ചെടുത്തു. ഇതോടെ തുടർച്ചയായി രണ്ട് ദിവസംകൊണ്ട് ഇവിടെനിന്ന്‌ പിടികൂടിയത് എട്ടുപേരെയാണ്. എക്സൈസ് സംഘത്തെകണ്ട് രക്ഷപെടാൻ ശ്രമിച്ച ബേസിൽ ബിനോയിയെ ഓടിച്ചിട്ടാണ് പിടിച്ചത്. പിന്നീട് ബാക്കി മൂന്നു പേരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിൽപ്പനയ്ക്കായി തയ്യാറാക്കിയ നിരവധി കഞ്ചാവ് പൊതികളും ഇവരിൽനിന്ന്‌ കണ്ടെടുത്തു. മുളക്കുളത്തുനിന്ന്‌ കാക്കത്തുരുത്തിയിലേക്ക് പോകുന്ന വഴിയിൽവച്ചാണ് ഇവരെ പിടികൂടിയത്. ബുധനാഴ്ച ഇതേസ്ഥലത്ത് നിന്ന് മറ്റു നാലുപേരെ പിടികൂടിയിരുന്നു. കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടർ കെ എസ് അനിൽകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ്‌ ഇൻസ്പെക്ടർമാരായ ഡി സൈജു, കെ സുരേഷ്, പ്രിവന്റീവ് ഓഫീസർമാരായ പ്രമോദ്, രജനീഷ്, ഹരികൃഷ്ണൻ, ലിജേഷ്, വനിതാ സിവിൽ ഓഫീസർ പ്രീതി എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

0 comments
Sort by

Home