ഡിസിസി പ്രസിഡന്റാകാൻ പിടിവലി തുടങ്ങി

കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി പിടിക്കാൻ ഗ്രൂപ്പുകൾ കച്ചമുറുക്കി. എ ഗ്രൂപ്പും ഐ ഗ്രൂപ്പും പ്രസിഡന്റ് സ്ഥാനം നേടാനുള്ള ചരടുവലികൾ ശക്തമാക്കി. ജില്ലയിൽ എ ഗ്രൂപ്പിനാണ് എക്കാലത്തും ആധിപത്യം. ഇപ്പോൾ എ ഗ്രൂപ്പ്‌തന്നെ പലതായി പിരിഞ്ഞത് പാർടിയിൽ കൂട്ടക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. എന്നാൽ, നിലവിലെ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ മാറ്റണമെന്ന കാര്യത്തിൽ ഏതാണ്ട് എല്ലാവരും ഒരേ അഭിപ്രായക്കാരാണ്. എ ഗ്രൂപ്പിന് നേതൃത്വം നൽകുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന് വെല്ലുവിളിയായാണ് ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ മറ്റൊരു എ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. മുമ്പ് ഐ വിഭാഗത്തിൽനിന്ന് എ ഗ്രൂപ്പിലേക്ക് കാലുമാറിയാണ് തിരുവഞ്ചൂർ ഗ്രൂപ്പ് നേതാവായത്. നിലവിലെ ഡിസിസി പ്രസിഡന്റും തിരുവഞ്ചൂരിനൊപ്പമാണെങ്കിലും ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ ഒരുപറ്റം നേതാക്കൾ പ്രസിഡന്റ് സ്ഥാനത്തിന് ശക്തമായി പിടിമുറുക്കുന്നുണ്ട്. ചാണ്ടി ഉമ്മനെ പ്രസിഡന്റാക്കണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നു. ഇതിന് കെപിസിസിയുടെ പിന്തുണ നേടിയെടുക്കാനാണ് ഇവരുടെ ശ്രമം. കെപിസിസി ഇത്തവണ സാമുദായിക സമവാക്യങ്ങളാകും പ്രധാനമായി പരിഗണിക്കുകയെന്നാണ് സൂചന. എ ഗ്രൂപ്പിനുവേണ്ടി യുഡിഎഫ് ജില്ലാ കൺവീനർകൂടിയായ ഫിൽസൺ മാത്യൂസ്, ഐ ഗ്രൂപ്പിനു വേണ്ടി ട്രേഡ് യൂണിയൻ നേതാവ് ഫിലിപ്പ് ജോസഫ് എന്നിവരുടെ പേരുകളാണ് പ്രധാനമായും ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്. നിലവിലെ വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, സെക്രട്ടറി സിബി ചേനപ്പാടി, യൂജിൻ തോമസ് എന്നിവർക്കും സാധ്യത കൽപ്പിക്കുന്നുണ്ട്. കഴിഞ്ഞ തവണ ഫിൽസൺ മാത്യൂസിന് ഏറെ സാധ്യത കൽപ്പിച്ചെങ്കിലും അവസാനനിമിഷം നാട്ടകം സുരേഷിനെ പ്രസിഡന്റാക്കുകയായിരുന്നു. സംസ്ഥാന നേതൃത്വവുമായി പലതവണ ഇടഞ്ഞ സുരേഷ്, കോട്ടയത്തെ ചില യുഡിഎഫ് പരിപാടികളിൽനിന്ന് വിട്ടുനിന്ന് വിവാദവും സൃഷ്ടിച്ചിരുന്നു. കോട്ടയം ഡിസിസി വർഷങ്ങളായി എ ഗ്രൂപ്പിന്റെ കൈയിലായതിനാൽ, ഇത്തവണ എങ്ങനെയും പിടിച്ചെടുക്കണമെന്ന വാശി ഐ ഗ്രൂപ്പിനുണ്ട്.
0 comments