‘അരങ്ങ് കലോത്സവം 2025’ സംഘാടകസമിതി രൂപീകരിച്ചു

കോട്ടയം കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടക്കുന്ന സംസ്ഥാനതല "അരങ്ങ് കലോത്സവത്തിന് 2025’ സംഘാടകസമിതി രൂപീകരിച്ചു. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. 14 ജില്ലകളിൽനിന്നുള്ള പ്രതിഭകൾ മാറ്റുരയ്ക്കുന്ന അരങ്ങ് 2025 ന്റെ സംസ്ഥാനതല മത്സരമാണ് അക്ഷരനഗരിയായ കോട്ടയത്ത് നടക്കുന്നത്. ഇതിന്റെ ഭാഗമായി അയൽക്കൂട്ടം, ഓക്സിലറി ഗ്രൂപ്പ് എന്നിവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കാനുമുള്ള അവസരം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ എഡിഎസ്, സിഡിഎസ്, താലൂക്ക്, ജില്ലാ തലങ്ങളിൽ കലാ മത്സരങ്ങൾ നടന്നു വരികയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അധ്യക്ഷയായി. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ കെ യു ശ്യാം കുമാർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സി സി നിഷാദ്, ജില്ലാ ഡിവിഷൻ മെമ്പർ പ്രൊഫ. റോസമ്മ സോണി, ജില്ലാ ഡിവിഷൻ മെമ്പർ കെ വി ബിന്ദു, ഏറ്റുമാനൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ലൗലി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ മേനോൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ഏറ്റുമാനൂർ ബ്ലോക്ക് ഡിവിഷൻ മെമ്പർ ജെയിംസ് കുര്യൻ എന്നിവർ സംസാരിച്ചു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അഭിലാഷ് കെ ദിവാകർ സ്വാഗതവും അസി. ജില്ലാമിഷൻ കോ ഓർഡിനേറ്റർ പ്രകാശ് ബി നായർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മന്ത്രി വി എൻ വാസവൻ(ചെയർമാൻ), എച്ച് ദിനേശൻ ഐഎഎസ്(കൺവീനർ ), കെ യു ശ്യാം കുമാർ(ജനറൽ കൺവീനർ), അഭിലാഷ് കെ ദിവാകർ(വർക്കിങ് കൺവീനർ).
0 comments