അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം; ജോസ് കെ മാണി എംപി

കോട്ടയം കേരളത്തിലെ വന്യജീവി–- തെരുവുനായ ആക്രമണഭീഷണി ചർച്ചചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമഭേദഗതിയും നിയമനിർമാണവും നടത്തണം. മനുഷ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ പിടികൂടി തിരികെ കാട്ടിൽ കൊണ്ട് വിടുന്ന അശാസ്ത്രീയമായ രീതികൾ ഉപേക്ഷിക്കണം. വന്യമൃഗങ്ങൾക്ക് വനത്തിൽ മാത്രം സംരക്ഷണം നൽകിയാൽ മതിയെന്ന കർശന നിലപാട് കൈകൊണ്ടില്ലെങ്കിൽ ദൂരവ്യാപക ഭവിഷ്യത്തുകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായ ശല്യം കാരണം പലയിടത്തും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. കാൽനടയും ഇരുചക്രവാഹന യാത്രയും അസാധ്യമായിരിക്കുന്നു. പേവിഷബാധ സ്ഥിരീകരിക്കുന്ന പ്രദേശത്തിന് ചുരുങ്ങിയത് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ തെരുവുനായ്ക്കളെയും പിടികൂടി കൊല്ലണം. പക്ഷിപ്പനി ബാധിക്കുമ്പോൾ ആ പ്രദേശത്തുള്ള മുഴുവൻ പക്ഷികളെയും കൊന്നുകളയുന്നത് ഇക്കാര്യത്തിൽ മാതൃകയാക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.
0 comments