തമിഴകത്തെ ചുവപ്പിച്ച സൂര്യോദയങ്ങൾ

photo credit:x

കെ വി മോഹൻ കുമാർ
Published on Mar 30, 2025, 08:52 AM | 9 min read
‘ഒരാൾക്കുപോലും ഭക്ഷണം നൽകാനില്ലെങ്കിൽ ആ ലോകത്തെ ഇല്ലാതാക്കൂ' എന്ന് പാടിയത് തമിഴകത്തിന്റെ മഹാനായ കവി സുബ്രഹ്മണ്യ ഭാരതിയാണ്. ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ മുൻനിര പോരാളിയായിരുന്ന ഭാരതിയാർ മഹാനായ ലെനിൻ നയിച്ച ഒക്ടോബർ വിപ്ലവത്തിൽ ആകൃഷ്ടനായിരുന്നു. റഷ്യൻ വിപ്ലവത്തെ പ്രകീർത്തിച്ച് ഭാരതിയാർ കവിതയെഴുതി. റഷ്യയിലെ സാമൂഹ്യജീവിതത്തിലെ അസമത്വങ്ങൾ അവസാനിച്ചതിനെയും അധികാരം ജനങ്ങളുടെ കൈകളിലേക്ക് എത്തിച്ചേർന്നതിനെയും വാഴ്ത്തുന്ന ആ കവിതയിൽ സ്വേച്ഛാധിപതിയായിരുന്ന സാർ ചക്രവർത്തിയുടെ നിഷ്ഠുരതകളെ അപലപിച്ചിരുന്നു. റഷ്യൻ വിപ്ലവം അരങ്ങേറി നാലു വർഷത്തിനുള്ളിൽ, മുപ്പത്തൊമ്പതാം വയസ്സിൽ ആ മഹാജീവിതത്തെ മരണം ഗ്രസിച്ചില്ലായിരുന്നെങ്കിൽ, ഒരുപക്ഷേ കമ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒട്ടേറെ കവിതകൾ ആ തൂലികയിൽനിന്ന് തമിഴിൽ പിറവികൊണ്ടേനേ. റഷ്യയിൽ അരങ്ങേറിയ സാമൂഹ്യമാറ്റങ്ങളെ ഭാരതീയാർ അത്രയേറെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.
സുബ്രഹ്മണ്യ ഭാരതി
തമിഴകത്ത് ദ്രാവിഡ കഴകത്തിന്റെ പിതാവായ പെരിയാർ ഈ വി രാമസ്വാമി നായ്ക്കർ കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ പലതും തന്റെ കർമപരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നതായി കാണാൻ കഴിയും. 1931ൽ റഷ്യ സന്ദർശിച്ചശേഷം കമ്യൂണിസ്റ്റ് ആശയങ്ങൾ അദ്ദേഹത്തിന്റെ ചിന്തകളെയും ആഴത്തിൽ സ്വാധീനിച്ചിരുന്നു. എന്നാൽ, ഭൂമിയും വ്യവസായങ്ങളും പൊതു ഉടമസ്ഥതയിലാവുക എന്ന ആശയത്തോട് അദ്ദേഹത്തിന് യോജിപ്പില്ലായിരുന്നു. റഷ്യയിൽ പോയിവന്നശേഷം സഹപ്രവർത്തകരെ സഖാവ് എന്ന അർഥത്തിൽ ‘തോഴൻ' എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തത്.
സുബ്രഹ്മണ്യ ഭാരതിയുടെ സമകാലികനായിരുന്നു, ദക്ഷിണേന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് എന്ന വിശേഷണത്തിന് അർഹനായ മദിരാശിയിലെ എം ശിങ്കാരവേലു. ദേശീയ പ്രസ്ഥാനത്തിന്റെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും നേതൃത്വത്തിൽ സജീവമായിരിക്കെ 1921ൽ മഹാത്മാഗാന്ധിക്കെഴുതിയ ‘തുറന്ന കത്തി'ലൂടെ അദ്ദേഹം തന്റെ കമ്യൂണിസ്റ്റ് ചിന്താഗതി പരസ്യമാക്കിയത് കോൺഗ്രസുകാർക്കിടയിൽ ഞെട്ടലുളവാക്കി. ‘കമ്യൂണിസത്തിലൂടെ മാത്രമേ, അതായത് ഭൂമിയും സുപ്രധാന വ്യവസായങ്ങളും രാജ്യത്തെ എല്ലാ തൊഴിലാളികൾക്കും നേട്ടമുണ്ടാക്കുന്നതിനായി പൊതു നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിലൂടെ മാത്രമേ, ജനങ്ങൾക്ക് പൂർണമായ സംതൃപ്തിയും സ്വാതന്ത്ര്യവും ലഭിക്കൂ.' അദ്ദേഹം എഴുതി. ‘രാഷ്ട്രീയ സ്വേച്ഛാധിപത്യത്തിനെതിരെ അക്രമരഹിതമായ നിസ്സഹകരണ പ്രസ്ഥാനം അനുവർത്തിക്കുന്ന അങ്ങ്, മുതലാളിത്ത സ്വേച്ഛാധിപത്യത്തിനെതിരെ എന്തുകൊണ്ടത് ഉപയോഗിക്കുന്നില്ലെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒന്നിനെതിരെ പോരാടണമെങ്കിൽ മറ്റേതിനെതിരെയും പൊരുതിയേ തീരൂ.’ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനൊപ്പം തൊഴിലാളികൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും ആവശ്യമാണെന്നു വാദിച്ച ശിങ്കാരവേലു 1923ൽ ലേബർ കിസാൻ പാർടിക്ക് രൂപം നൽകി. ഇന്ത്യയിൽ ആദ്യമായി മെയ് ദിനത്തിൽ ചെങ്കൊടി പാറിയതും അന്നായിരുന്നു. മകളുടെ ചുവപ്പ് സാരിയിൽനിന്ന് കീറിയെടുത്ത തുണിച്ചീന്ത് മദിരാശിയിലെ സ്വന്തം വീടിനു മുകളിൽ ശിങ്കാരവേലു ചെങ്കൊടിയായി ഉയർത്തി. നഗരത്തിൽ രണ്ടിടത്തായി മെയ് ദിന യോഗങ്ങളും നടത്തി.
പെരിയാർ
സ്വയം കമ്യൂണിസ്റ്റാണെന്നു പ്രഖ്യാപിച്ച് മദിരാശി സംസ്ഥാനത്ത് കമ്യൂണിസ്റ്റ്- സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് പ്രചാരം നൽകിയത് ഇന്ത്യയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ആദ്യ പഥികരിൽ ഒരാളായ എം ശിങ്കാരവേലു എന്ന ശിങ്കാരവേലു ചെട്ടിയാർ ആയിരുന്നു. മുക്കുവ സമുദായത്തിൽ ജനിച്ച് അഭിഭാഷകനായി മാറിയ ശിങ്കാരവേലു ഇംഗ്ലീഷിൽ ലേബർ കിസാൻ ഗസറ്റ് എന്നൊരു ദ്വൈവാരികയും തമിഴിൽ തൊഴിലാളൻ എന്നൊരു വാരികയും പ്രസിദ്ധീകരിച്ചിരുന്നു. താഷ്കന്റിൽ 1920ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപംകൊണ്ട് രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിലാണ് തമിഴ്‌നാട്ടിൽ ശിങ്കാരവേലു കമ്യൂണിസ്റ്റ് ആശയങ്ങളുടെ വിത്ത് വിതച്ചതെന്നോർക്കുക. പിന്നെയും ഒരു പതിറ്റാണ്ടു കഴിഞ്ഞാണ് കേരളമണ്ണിൽ കമ്യൂണിസത്തിന് വേരോടിയത്.
രാജ്യത്തെ ലക്ഷണമൊത്ത ആദ്യത്തെ ട്രേഡ് യൂണിയനായിരുന്നു മദിരാശി ലേബർ യൂണിയൻ. 1918 ഏപ്രിൽ 27നാണ് അത് രൂപംകൊണ്ടത്. ബി ആൻഡ് സി മില്ലിലെയും ചൂളൈ മില്ലിലെയും തൊഴിലാളികൾ ഒട്ടേറെ ഐതിഹാസികമായ സമരങ്ങൾ നടത്തിയത് മദിരാശി ലേബർ യൂണിയന്റെ പിന്തുണയിലായിരുന്നു. 1921 ആഗസ്‌ത് 29ന് സമാധാനപരമായി പണിമുടക്ക് നടത്തിയ ബി ആൻഡ് സി മിൽ തൊഴിലാളികളുടെ നേർക്ക് മദിരാശി പൊലീസ് വെടിവച്ചു. ഏഴു തൊഴിലാളികൾ രക്തസാക്ഷികളായി. ആയിരക്കണക്കിനു തൊഴിലാളികൾ അവരുടെ മൃതശരീരവും വഹിച്ചുകൊണ്ട് നടത്തിയ വിലാപയാത്രയ്ക്ക് നേതൃത്വം നൽകിയത് ശിങ്കാരവേലുവായിരുന്നു. 1926ലെ ട്രേഡ് യൂണിയൻ നിയമത്തിലേക്ക് നയിച്ചതും ശിങ്കാരവേലുവിന്റെ ഇടപെടലായിരുന്നു. പണിമുടക്കുമൂലമുണ്ടായ നഷ്ടം ഒമ്പത് ട്രേഡ് യൂണിയൻ നേതാക്കളിൽനിന്ന് ഈടാക്കാനായി മില്ലുടമ നിയമനടപടി സ്വീകരിച്ചു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് അതൊരു വെല്ലുവിളിയായി. ഇതിനെതിരെ തൊഴിലാളി പ്രക്ഷോഭങ്ങൾ നയിച്ചതിനു പുറമെ ശിങ്കാരവേലുവിന്റെ ശ്രമഫലമായി ഈ വിഷയം കേന്ദ്ര നിയമനിർമാണ സഭയിലുമെത്തി. അങ്ങനെയാണ് 1926ൽ ട്രേഡ് യൂണിയൻ നിയമം യാഥാർഥ്യമായത്.
എം ശിങ്കാരവേലു
ഗയയിൽ 1922ൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് യോഗത്തിൽ തമിഴ്‌നാട്ടിൽനിന്നുള്ള എഐസിസി മെമ്പർ എന്ന നിലയിൽ പങ്കെടുത്ത ശിങ്കാരവേലു ആ യോഗത്തിലാണ് താനൊരു കമ്യൂണിസ്റ്റാണെന്നു പരസ്യമായി പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വത്തെയും പ്രതിനിധികളെയും ഒരുപോലെ നടുക്കിയത്. ആ പ്രസംഗം ഇങ്ങനെയായിരുന്നു: ‘ലോകമെങ്ങും വലിയ താൽപ്പര്യമുണർത്തിയ കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന മഹത്തായ സാർവദേശീയ സംഘടനയുടെ പ്രതിനിധി എന്ന നിലയിലാണ് നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നത്. ലോകത്തിലെ തൊഴിലാളികൾക്ക് കമ്യൂണിസം നൽകുന്ന മഹത്തായ സന്ദേശം നിങ്ങൾക്കും പകർന്നു നൽകാനായാണ് എന്റെയീ വരവ്. നമുക്ക് സ്വാതന്ത്ര്യവും ഭക്ഷണവും വസ്ത്രവും പാർപ്പിടവും നേടിത്തരുന്നതിൽ തൽപ്പരരായ സോവിയറ്റ് റഷ്യയിലെയും ജർമനിയിലെയും സർവദേശങ്ങളിലെയും കമ്യൂണിസ്റ്റുകാരുടെയും ആശംസകൾ നിങ്ങൾക്ക് അർപ്പിക്കാനായി...'
രാജ്യവ്യാപകമായി മുളപൊട്ടുകയായിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നാമ്പിലേ നുള്ളിയെടുക്കാൻ ബ്രിട്ടീഷ് സർക്കാർ കെട്ടിച്ചമച്ച കാൺപുർ ബോൾഷെവിക് ഗൂഢാലോചന കേസിൽ എസ് വി ഘാട്ടേ, എം എൻ റോയി, എസ് എ ഡാംഗേ, മുസാഫർ അഹമ്മദ്, അക്ഷയ് ഠാക്കൂർ എന്നിവർക്കൊപ്പം ശിങ്കാരവേലുവിനെയും പ്രതി ചേർത്തിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ പരമാധികാരം കവർന്നെടുക്കാനും ഇന്ത്യയെ ബ്രിട്ടനിൽനിന്ന് വേർപെടുത്താനും ലക്ഷ്യമിട്ട് അക്രമാസക്തമായ വിപ്ലവം നടത്താൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു കുറ്റപത്രം. ഗുരുതര അനാരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ശിങ്കാരവേലുവിനെ ഒടുവിൽ കേസിൽനിന്ന് ഒഴിവാക്കി. 1925 ഡിസംബറിൽ കാൺപുരിൽ ചേർന്ന കമ്യൂണിസ്റ്റ് പാർടി രൂപീകരണ സമ്മേളനത്തിൽ അധ്യക്ഷനായത് ശിങ്കാരവേലു ആയിരുന്നു. ഇന്ത്യയുടെ മണ്ണിൽ ആദ്യമായി കമ്യൂണിസ്റ്റ് പാർടിക്ക് രൂപം നൽകിയത് ഈ സമ്മേളനത്തിലായിരുന്നു. സോഷ്യലിസ്റ്റ് ആശയക്കാരായ യുവാക്കളെയും വിദ്യാർഥികളെയും തൊഴിലാളികളെയും കമ്യൂണിസ്റ്റ് പാർടിയിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം വലിയൊരു പങ്ക് വഹിച്ചു.
1936ൽ കമ്യൂണിസ്റ്റ് പാർടിയുടെ തമിഴ്‌നാട്ടിലെ ആദ്യ യൂണിറ്റ് ചെന്നൈയിൽ രൂപംകൊണ്ടു. തഞ്ചാവൂരിലെയും സമീപ പ്രദേശങ്ങളിലെയും തൊഴിലാളികളുടെ ദുരിതപൂർണമായ ജീവിതത്തിന് പരിഹാരം കണ്ടെത്തുകയായിരുന്നു തുടക്കത്തിലെ ലക്ഷ്യങ്ങളിലൊന്ന്. പാർടിയുടെ സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി തൃശിനാപ്പള്ളിയിൽ ചേർന്ന യോഗത്തിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലെയും ആന്ധ്രയിലെയുംപോലെ കർഷക പ്രസ്ഥാനവും ശക്തമാക്കണമെന്ന തീരുമാനമുണ്ടായി. പി സുന്ദരയ്യ പങ്കെടുത്ത ആ യോഗം കർണാടകത്തിൽനിന്നുവന്ന് തമിഴ്‌നാട്ടുകാരനായി മാറിയ ബി ശ്രീനിവാസറാവുവിനെയാണ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള ദൗത്യം ഏൽപ്പിച്ചത്. തോളത്തൊരു തുണിസഞ്ചിയുമായി ഗ്രാമങ്ങൾതോറും കയറിയിറങ്ങി തൊഴിലാളികളോട് അദ്ദേഹം സംസാരിച്ചു. അവരെ കമ്യൂണിസ്റ്റ് പാർടിയുടെയും കിസാൻ സഭയുടെയും ചെങ്കൊടികൾക്കു കീഴിൽ അണിനിരത്തി. തുടർന്നുള്ള ദിനങ്ങൾ അനീതിക്കും അസമത്വങ്ങൾക്കും ജന്മിമാരുടെ നിഷ്ഠുരതകൾക്കുമെതിരെയുള്ള പോരാട്ടങ്ങളുടേതായിരുന്നു. കർഷകത്തൊഴിലാളികളെ ചാണകവെള്ളം കുടിപ്പിക്കുന്നതും ചാട്ടവാറിന് അടിക്കുന്നതും ഉൾപ്പെടെയുള്ള ജന്മിവർഗത്തിന്റെ ക്രൂരതകൾ അവസാനിപ്പിച്ചു. കമ്യൂണിസ്റ്റ് പാർടിയുടെ ഇടപെടലിനെത്തുടർന്ന് 1944ൽ ജില്ലാ ഭരണകൂടം ഭൂവുടമകളുടെയും പൊലീസ് അധികൃതരുടെയും യോഗം വിളിച്ചുചേർത്ത് ഇക്കാര്യത്തിൽ ധാരണയുണ്ടാക്കി.
ഡി മണി
സ്വാതന്ത്ര്യാനന്തരം തമിഴ്‌നാട്ടിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാർ യൂണിയൻ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. തൊഴിലാളികൾക്ക് അവകാശബോധങ്ങൾ വന്നുതുടങ്ങിയെന്നു കണ്ടതോടെ തൊഴിലാളി മുന്നേറ്റങ്ങളെ അടിച്ചമർത്താൻ ഭൂവുടമകൾ പാഡി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നൊരു സമാന്തര സംഘടനയുണ്ടാക്കി. കോൺഗ്രസ് നേതാവായിരുന്ന ഗോപാലകൃഷ്ണ നായിഡുവിനായിരുന്നു അതിന്റെയും നേതൃത്വം. ആയിടെയാണ് കൊയ്ത്തിന് അരപ്പിടി നെല്ല് കൂടുതൽ കൂലിയായി നൽകണമെന്ന ആവശ്യം തൊഴിലാളികൾ ഉന്നയിച്ചത്. ഭൂവുടമകൾ വഴങ്ങിയില്ല. കൂലി കൂട്ടിക്കൊടുക്കാതെ വയലിൽ ഇറങ്ങില്ലെന്നായി തൊഴിലാളികളും കർഷക സംഘവും. ഗോപാലകൃഷ്ണ നായിഡുവിന്റെ കീഴ്‌വെൺമണിയിലെ പാടങ്ങളിലും കൂലി ഉറപ്പിക്കാതെ കൊയ്യാനിറങ്ങില്ലെന്ന് തൊഴിലാളികൾ നിലപാടെടുത്തു. പക പൂണ്ട നായിഡു രണ്ടു ട്രാക്ടറിലായി ഗുണ്ടകളെ കൊണ്ടുവന്നു. തോക്കും മാരകായുധങ്ങളുമായി ഗുണ്ടാസംഘം തൊഴിലാളികളെ വേട്ടയാടി. കുടിലുകൾക്ക് തീയിട്ടു. തൊഴിലാളികളെ വെട്ടിയും നിറയൊഴിച്ചും വീഴ്ത്തി. ഗ്രാമത്തിലെ അടച്ചുറപ്പുണ്ടായിരുന്ന ഒരേയൊരു വീട്ടിലേക്ക് ഭയന്നോടിക്കയറിയ തൊഴിലാളികൾക്ക് ആ വീട്ടിലെ രാമയ്യൻ–- -പാപ്പമ്മ ദമ്പതികൾ അഭയം നൽകി. കുടിലുകൾ ഒന്നൊന്നായി അഗ്നിക്ക് ഇരയാക്കിയ നായിഡുവും കൂട്ടാളികളും രാമയ്യന്റെ വീട് പുറമെനിന്ന് തഴുതിട്ട് മണ്ണെണ്ണയൊഴിച്ച് തീയിട്ടു. 23 കുട്ടികളും 16 സ്ത്രീകളും അഞ്ച് വൃദ്ധരും ഉൾപ്പെടെ 44 ദളിതരാണ് വെന്ത് മരിച്ചത്. ഈ സംഭവം നടന്നത് 1968 ഡിസംബർ 25ന് കമ്യൂണിസ്റ്റ് പാർടി നേതാക്കളെല്ലാവരും അന്ന് പാർടി കോൺഗ്രസിൽ പങ്കെടുക്കാൻ കൊച്ചിയിലായിരുന്നപ്പോഴാണ്. 1972 ഒമ്പതാം പാർടി കോൺഗ്രസിന് മധുര വേദിയായപ്പോൾ ‘കീഴ്‌വെണ്മണി' എന്നായിരുന്നു സമ്മേളന നഗരിയുടെ പേര്. 44 ദളിത് രക്തസാക്ഷികളുടെ ബലികുടീരത്തിൽനിന്ന് കൊളുത്തിയ ദീപശിഖയിലെ അഗ്നിയാണ് അന്ന് സമ്മേളന നഗരിയിൽ ജ്വലിച്ചുനിന്നത്.
പഴയ തെക്കൻ തിരുവിതാംകൂറായിരുന്ന കന്യാകുമാരിയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടായിരുന്നു. അവിടെ കമ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുൻനിരക്കാരായിരുന്നത് രണ്ട് സഹോദരന്മാരായിരുന്നു. മണി സഹോദരന്മാർ. മൂത്തയാൾ ജി എസ് മണി, ഇളയ ആൾ അനിയൻ ഡി മണി. സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റിലായി ജയിലിൽ പോയ ജി എസ് മണി ജയിലിറങ്ങി വന്നത് കമ്യൂണിസ്റ്റുകാരനായാണ്. ജയിലിൽ ചില കമ്യൂണിസ്റ്റ് തടവുകാരുമുണ്ടായിരുന്നു. അവരുമായുള്ള സംഭാഷണങ്ങളും അവരിലൂടെ ലഭിച്ച മാർക്സിസത്തെക്കുറിച്ചുള്ള പുസ്തകങ്ങളുടെ വായനയും ജി എസ് മണിയിൽ വിപ്ലവ വീര്യത്തിന്റെ വിത്തുകൾ വിതച്ചു. അങ്ങനെ 1942ൽ മാർത്താണ്ഡത്ത് തൊടുവെട്ടിയിൽ പാർടി സെൽ ഉണ്ടായി. തുടർന്ന് തക്കല, അരുമന, നാഗർകോവിൽ, കടുക്കറ എന്നിവിടങ്ങളിലും പാർടി സെല്ലുകൾ രൂപീകരിച്ചു. തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലായി ജി എസിന്റെ ശ്രദ്ധ. തോട്ടം തൊഴിലാളി യൂണിയന്റെ ആദ്യ സമ്മേളനം 1945ൽ അരുമനയിൽ നടന്നു. പാർടി സെല്ല് അതിനകം അവിടെ ശക്തമായിരുന്നു. പാർടി സെല്ലിന്റെ ആഭിമുഖ്യത്തിൽ എ കെ ജിക്ക് നൽകിയ സ്വീകരണം അരുമനയെ ചുവപ്പുമയമാക്കി. ‘ഇങ്ക്വിലാബ് സിന്ദാബാദ്' വിളികളാൽ മുഖരിതമായി. ക്ഷുഭിതരായ പൊലീസ് ജി എസിനെയും പി എ സോളമനെയും പ്രതികളാക്കി കേസെടുത്തു. രണ്ടാളെയും അറസ്റ്റ് ചെയ്തു. ഇതിനെതിരെ കന്യാകുമാരി ജില്ലയിലെങ്ങും പ്രതിഷേധം അലയടിച്ചു. ഇതിനിടയിൽ തോട്ടം മുതലാളിമാരും പൊലീസും ഗൂഢാലോചന നടത്തി. ലോക്കപ്പിലിടുംമുമ്പേ ജി എസിനെ വകവരുത്താനായിരുന്നു പരിപാടി. മർദനവീരനായ ശൂരൻ വേലുപ്പിള്ളയെന്ന പൊലീസുകാരനെ ചുമതലപ്പെടുത്തി. പാർടി മുഖേന ഈ വിവരം ജി എസ് അറിഞ്ഞു. ലോക്കപ്പിലേക്ക് കൊണ്ടുപോകും വഴി ഊണ് കഴിക്കുന്നതിനിടയിൽ ജി എസ് കുഴിത്തുറ ആറിൽ ചാടി രക്ഷപ്പെട്ടു. കുഴിത്തുറയിലും മാർത്താണ്ഡത്തും പിന്നീട് പൊലീസിന്റെ വിളയാട്ടമായിരുന്നു. സംഭവബഹുലമായിരുന്നു ജി എസിന്റെ പിന്നീടുള്ള പൊതുജീവിതം.
തെക്കൻ തിരുവിതാംകൂറിലെ തമിഴ് ഭാഷാ പ്രദേശങ്ങളെ തമിഴ് ഭൂരിപക്ഷ സംസ്ഥാനമെന്ന നിലയിൽ തമിഴ്‌നാട്ടിൽ ചേർക്കാനായി തെക്കൻ തിരുവിതാംകൂറിൽ വലിയ പ്രക്ഷോഭം നടന്നു. ജി എസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ അതിന് പിന്തുണ നൽകി. പ്രക്ഷോഭത്തിന്റെ ഭാഗമായി 1954 ആഗസ്‌ത് 11ന് മാർത്താണ്ഡത്ത് നടന്ന ബഹുജനമാർച്ചിനു നേർക്ക് പൊലീസ് നിഷ്ഠുരമായി ലാത്തിച്ചാർജ് നടത്തി. പലവഴിക്കായി ഓടിപ്പോയ രോഷാകുലരായ ജനങ്ങൾ കുഴിത്തുറയിൽ ഒത്തുകൂടി വീണ്ടും ജാഥ നടത്തി. പൊലീസ് ജനങ്ങൾക്കുനേർക്ക് വെടിവച്ചു. ഒരാൾ കൊല്ലപ്പെട്ടു. തുടർന്ന് തേങ്ങാപ്പട്ടണത്തിനടുത്ത് പുതുക്കുടയിൽ നടന്ന വെടിവയ്പിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. രോഷാകുലരായ ജനങ്ങൾ പുതുക്കുട പൊലീസ് സ്റ്റേഷൻ തല്ലിത്തകർത്തു. വിളവങ്കോട് താലൂക്ക് മുഴുവൻ പൊലീസ് ഭീകരത സൃഷ്ടിച്ചു. ജി എസിന്റെയും കൂട്ടരുടെയും പേരിൽ കള്ളക്കേസുകളെടുത്തു. സംസ്ഥാന പുനഃസംഘടനവരെ ആ പ്രക്ഷോഭം നീണ്ടു. 1956ൽ കന്യാകുമാരി ജില്ല രൂപീകരിച്ചപ്പോൾ തെക്കൻ തിരുവിതാം കൂറിലെ തമിഴ് ഭാഷാ പ്രദേശങ്ങളായ നാലു താലൂക്കും തമിഴ്‌നാടിനോട് ചേർന്നു.
ഒന്നര പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന കാണിപ്പറ്റ് കർഷക സമരപ്പോരാട്ടത്തിന് വേദിയായത് ഇന്ന് തമിഴ്‌നാടിന്റെ ഭാഗമായ വിളവൻകോട് താലൂക്കായിരുന്നു. വിളവൻകോട് താലൂക്കിലെ കളിയൻ പകുതിയിൽ പേച്ചിപ്പാറമുതൽ ഇന്നത്തെ നെയ്യാറ്റിൻകര -നെടുമങ്ങാട് താലൂക്കുകളുടെ അതിർത്തിയോളം വ്യാപിച്ചുകിടന്നിരുന്ന കാട്ടുപാതയുടെ ഇരുഭാഗങ്ങളിലുമായി കഴിഞ്ഞിരുന്ന കാണി സമുദായക്കാരുടെ ജീവനോപാധി കാട്ടുവിഭവങ്ങളായിരുന്നു. വേണാട്ടരചനായിരുന്ന മാർത്താണ്ഡവർമ കാണികളോടുള്ള പ്രത്യേക പരിഗണനയിൽ ഈ ഭാഗങ്ങളിലെ 64,000 ഏക്കർ വിസ്തീർണം വരുന്ന വനഭൂമി കാണിപ്പറ്റ് ഭൂമിയായി പ്രഖ്യാപിച്ച് ശാസനമിറക്കിയിരുന്നു. വനഭൂമിയിലെ മരങ്ങൾ വനംവകുപ്പ് മുറിച്ചുമാറ്റുന്ന മുറയ്ക്ക് ഭൂമി കാണിക്കാരുടെ വകയാകുമെന്നായിരുന്നു രാജശാസനം. എന്നാൽ, കാണിക്കാർക്ക് അവകാശപ്പെട്ട ഭൂമി പിൽക്കാലത്ത് പല പ്രമാണിമാരും കൃത്രിമരേഖ ചമച്ച് കൈക്കലാക്കി. അങ്ങനെയിരിക്കെയാണ് രണ്ടാം ലോകമഹായുദ്ധത്തെതുടർന്ന് കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടാകുന്നത്. രാജ്യമെമ്പാടും ഗ്രോ മോർ ഫുഡ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നൂറുകണക്കിനു കർഷകർ കാണിപ്പറ്റ് മേഖലയിലെ തരിശ് ഭൂമിയും കൈയേറി കൃഷി ചെയ്യാൻ ആരംഭിച്ചു.
കാണിക്കാരുടെ ഭൂമി കൈക്കലാക്കിയിരുന്ന പ്രമാണിമാർ പൊലീസിനെയും ഗുണ്ടകളെയും ഇറക്കിവിട്ട് കർഷകരെ ആക്രമിച്ചു. കൃഷിയിടങ്ങൾ തകർത്തു. സ്ത്രീകളെ മാനഭംഗപ്പെടുത്തി. കർഷകകുടുംബങ്ങളെ തുരത്തിയോടിക്കാൻ ശ്രമിച്ചു. ഇതിനെതിരെ കമ്യൂണിസ്റ്റ് പാർടി ജാഗരൂകമായി. പാർടി സഖാക്കളായ അവണാംകുഴി സദാശിവൻ, ജി എസ് മണി, ഡി മണി, എം ആർ ബാലകൃഷ്ണൻ നായർ, ഒറ്റശേഖരമംഗലം ജനാർദനൻ നായർ, കെ എം ശ്രീധർ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കൾ കാണിപ്പറ്റിലെത്തി. കുടിയേറ്റക്കർഷകർക്ക് സംരക്ഷണം നൽകി. കർഷകരെ സംഘടിപ്പിച്ചു. പ്രമാണിമാരുടെ ഗുണ്ടായിസം ഫലിക്കില്ലെന്നായപ്പോൾ കർഷകർക്കെതിരെ പൊലീസിനെയും വനപാലകരെയുംകൊണ്ട് കള്ളക്കേസുകൾ എടുപ്പിക്കലായി.
കുഴിത്തുറയിലെയും നെയ്യാറ്റിൻകരയിലെയും തക്കലയിലെയും കോടതി പരിസരങ്ങൾ നിത്യവും കള്ളക്കേസിൽ പെടുത്തിയ കർഷകരെക്കൊണ്ട് നിറഞ്ഞു. അവിടെയെത്തുന്ന കർഷകരെ ഗുണ്ടകളെ വിട്ട് മർദിക്കുക പതിവായി. ഗുണ്ടായിസവും കള്ളക്കേസുംകൊണ്ട് കർഷകരുടെ സംഘടിത മുന്നേറ്റത്തെ തകർക്കാനാകില്ലെന്ന് ബോധ്യമായ പ്രമാണിമാരും അധികാരവർഗവും പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചു. കാർഷികോൽപ്പന്നങ്ങളുടെ വിപണനം തടയാൻ ‘സ്വകാര്യ എസ്റ്റേറ്റുകളുടെ' ഭാഗമായ പൊതുവഴികൾ മതിൽകെട്ടി അടച്ചുപൂട്ടി ഗുണ്ടകളെ കാവൽ നിർത്തി. അത്യാസന്ന നിലയിലായ രോഗികളെ ആശുപത്രിയിലെത്തിക്കാൻപോലുമാകാതെ കർഷകർ വലഞ്ഞു. ഗതിമുട്ടിയ കർഷകർ സംഘടിതമായി മതിലുകളും ഗേറ്റുകളും തകർത്തു. ഈ തക്കം കാത്തിരുന്നതുപോലെ പ്രമാണിമാർ പൊലീസിനെ ഇറക്കിവിട്ടു. പൊലീസ് അഴിഞ്ഞാടി. പൊലീസ് അക്ഷരാർഥത്തിൽ നരനായാട്ട് നടത്തി. പൊലീസിന്റെ മർദനവും തൊഴിയുമേറ്റ് നിരവധിപ്പേർ ചോര ഛർദിച്ചു മരിച്ചു. ബൂട്ടിട്ട് ചവിട്ടേറ്റ് നിരവധിപ്പേരുടെ എല്ലൊടിഞ്ഞു. പല്ലുകൾ പറിഞ്ഞു. കമ്യൂണിസ്റ്റ് നേതാക്കന്മാർ ഉൾപ്പെടെ നിരവധിപേരെ പ്രതികളാക്കി കള്ളക്കേസുകൾ ചമച്ചു. പക്ഷേ, സംഘടിതശക്തിയെ തകർക്കാൻ അവർക്ക് കഴിഞ്ഞില്ല. ജന്മിമാരുടെയും പൊലീസിന്റെയും കൊടിയ പീഡനങ്ങളെ മറികടന്ന് നാട്ടുകാർ പൊതുവഴി വെട്ടിത്തെളിച്ചു. അതാണ് ഇന്നത്തെ കുട്ടപ്പൂ- ചെമ്പകപ്പാറ റോഡ്.
ഇന്ത്യ സ്വാതന്ത്ര്യം നേടി ജനകീയ സർക്കാരുകൾ അധികാരത്തിൽ വന്നതോടെ കാണിപ്പറ്റ് ഭൂമിയുടെ യാഥാർഥ്യം സർക്കാരിനെയും പൊതുജനങ്ങളെയും ബോധ്യപ്പെടുത്താനുള്ള ചുമതല കർഷക സംഘം ഏറ്റെടുത്തു. കാണിപ്പറ്റ് ഭൂമിയെ സംബന്ധിച്ച വസ്തുതാ വിവരപ്പട്ടികയും വിശദാംശങ്ങളും അതിലൂടെ വെളിച്ചത്തുവന്നു. 1957ലെ ഇ എം എസ് സർക്കാരിന്റെ കാലത്താണ് കേരളത്തിൽ ഉൾപ്പെട്ട കാണിപ്പറ്റിലെ ആയിരക്കണക്കിനു കർഷകർക്ക് പട്ടയം നൽകിയത്. തമിഴ്‌നാടിന്റെ ഭാഗമായ വിളവൻകോട് താലൂക്കിലെ കർഷകർക്ക് പിന്നെയും കാത്തിരിക്കേണ്ടിവന്നു. സമരസഖാക്കളായിരുന്ന ഡി മണിയും ഹേമചന്ദ്രൻ നായരുമൊക്കെ തമിഴ്‌നാട് നിയമസഭയിൽ എത്തിയശേഷമാണ് അവിടെയുള്ള കർഷകർക്ക് കൈവശഭൂമിയിൽ അവകാശം ലഭിച്ചത്. തിരുവിതാംകൂറിലെ വർഗസമര ചരിത്രത്തിലെ രക്താങ്കിതമായ ഒരധ്യായമാണ് ആയിരക്കണക്കിനു കർഷകരുടെ ചോരയും വിയർപ്പും ചൊരിഞ്ഞ കാണിപ്പറ്റ് കർഷക പ്രക്ഷോഭം. രണ്ടു സംസ്ഥാനങ്ങളുടെ അതിർത്തികളിലായിരുന്നതിനാലാകാം കേരളത്തിലെ കർഷക സമരചരിത്രത്തിൽ ഇനിയും അർഹിക്കുന്ന പ്രാധാന്യത്തോടെ ചർച്ചകൾക്കോ പഠനങ്ങൾക്കോ വിധേയമായിട്ടില്ല കാണിപ്പറ്റ് സമരം.
ഇന്ത്യ സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തമിഴ്‌നാട്ടിലെ ദളിത് പീഡനത്തിന് ശമനമുണ്ടായിട്ടില്ല. 1992 ജൂൺ 20ന് ധർമപുരി ജില്ലയിലെ സിത്തേരി മലയുടെ താഴ്‌വാരത്തെ ഗോത്രവിഭാഗ മേഖലയായ വാച്ചാത്തി ഗ്രാമത്തിൽ അരങ്ങേറിയ കൊടും ക്രൂരതകൾ അതിന്റെ ദൃഷ്ടാന്തമാണ്. കാട്ടിൽനിന്ന് ചന്ദനത്തടി കടത്തുന്നതിന് കൂട്ടുനിന്നു എന്നാരോപിച്ച് ശെൽവരാജ് എന്ന വനപാലകൻ ഗ്രാമത്തലവൻ പെരുമാൾ ഗൗണ്ടറെ ചോദ്യം ചെയ്യുകയും ആരോപണം നിഷേധിച്ചിട്ടും ക്രൂരമായി മർദിക്കുകയും ചെയ്തു. നാട്ടുകാർ പ്രതിരോധിച്ചു. ശെൽവരാജിനെ കൈയേറ്റം ചെയ്തു. അതിന്റെ പകവീട്ടാനായി 17 വാഹനങ്ങളിലായി സായുധരായ വനം, പൊലീസ് സേന വന്ന് ഗ്രാമത്തെ വളഞ്ഞു. കുടിലുകൾ തകർത്തു. ഭക്ഷണങ്ങൾ നശിപ്പിച്ചു. പൊതുകിണറുകളിൽ മണ്ണെണ്ണയൊഴിച്ചു. വീടുകൾ കൊള്ളയടിച്ചു. അവർ വളർത്തിയിരുന്ന ആടുകളെ വെട്ടിയരിഞ്ഞു. സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ 18 പെൺകുട്ടികളെ ലോറികളിലെടുത്തിട്ട് കൊണ്ടുപോയി ഏരിക്കരയിലെ മുൾക്കാട്ടിലിട്ട് ക്രൂരമായി ബലാത്സംഗം ചെയ്തു. മുള്ളുകൊണ്ട് മുറിവേറ്റ പെൺകുട്ടികളെയും മറ്റു ചെറുപ്പക്കാരെയും രാത്രി ഫോറസ്റ്റ് ഓഫീസിൽ തടവിലാക്കി. അന്വേഷിച്ചു വന്ന രക്ഷിതാക്കളുടെയും മുതിർന്നവരുടെയും മുന്നിൽവച്ച് അവരുടെ തുണിയുരിഞ്ഞ് പിന്നെയും പീഡിപ്പിച്ചു. മൂത്രം ഒഴിക്കാൻ ഇടം വേണമെന്നു പറഞ്ഞ യുവതികളോടും തങ്ങളുടെ മുന്നിലിരുന്ന് ഒഴിക്കാനായിരുന്നു കൽപ്പന. വിശന്നുവലഞ്ഞവരുടെ മുന്നിലേക്ക് മണ്ണുപുരട്ടിയ ഇറച്ചിക്കഷണങ്ങൾ എറിഞ്ഞുകൊടുത്തു. ദാഹിച്ച് അവശരായി ഒരിറ്റു ‘തണ്ണി'ക്കായി കരഞ്ഞവർക്ക് മൂത്രമൊഴിച്ചു കൊടുത്തു. ഗർഭിണികളെപ്പോലും മാനഭംഗപ്പെടുത്തി. പീഡനങ്ങളെക്കുറിച്ച് കോടതിയിൽ പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആണും പെണ്ണും ഉൾപ്പെടെ അനേകം പേരെ കള്ളക്കേസുകളിൽ കുടുക്കി തടവിലാക്കി.
സിപിഐ എം നേതൃത്വത്തിലുള്ള തമിഴ്‌നാട് ട്രൈബൽ അസോസിയേഷന്റെ യോഗം വിളിച്ചു ചേർക്കാൻ ഒരുമാസം കഴിഞ്ഞ് പാർടി സഖാക്കൾ വാച്ചാത്തിയിൽ വന്നപ്പോഴാണ് ഈ കൊടും ക്രൂരതകൾ പുറത്തറിയുന്നത്. വനപാലകരെയും പൊലീസിനെയും ഭയന്ന് ഗ്രാമവാസികളെല്ലാം അവിടംവിട്ട് സമീപത്തെ സിത്തേരി, കളസം പാടി മലകളിലേക്ക് പോയിരുന്നു. പാർടി സഖാക്കൾ അവരെയെല്ലാം ശ്രമപ്പെട്ട് തിരികെ കൊണ്ടുവന്നു. ഭക്ഷണവും വസ്ത്രവും പാർപ്പിടവും ഉൾപ്പെടെ സംരക്ഷണം നൽകി. സിപിഐ എം സംസ്ഥാന സെക്രട്ടറിയും രാജ്യസഭാ എംപിയുമായിരുന്ന നല്ലശിവവും ട്രൈബൽ അസോസിയേഷൻ നേതാവ് ഷണ്മുഖവും ചേർന്ന് അന്നത്തെ മുഖ്യമന്ത്രി ജയലളിതയ്ക്ക് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം കൊടുത്തു. ഫലമുണ്ടായില്ല. നിയമപോരാട്ടങ്ങൾ തുടർന്നു. ഹൈക്കോടതിക്കു പുറത്ത് നിരാഹാര സത്യഗ്രഹം നടത്തി. ഒടുവിൽ 1995ലാണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വനം, പൊലീസ്, റവന്യു വകുപ്പുകളിലെ 269 ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഒടുവിൽ 2011ൽ വിധിയായി. ജീവിച്ചിരുന്ന 215 പ്രതികളെയും കോടതി ശിക്ഷിച്ചു. പ്രതികൾ നൽകിയ അപ്പീൽ 2023ൽ കോടതി തള്ളി. സിപിഐ എമ്മും തമിഴ്‌നാട് ട്രൈബൽ അസോസിയേഷനും ചേർന്ന് നടത്തിയ 30 വർഷം നീണ്ട നിയമപോരാട്ടത്തിന്റെ ഫലമായാണ് വാച്ചാത്തിയിലെ സാധുക്കളായ ഇരകൾക്ക് നീതി ലഭിച്ചത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ സംരക്ഷിച്ചതും അവർക്ക് മനോവീര്യം പകർന്നു നൽകിയതും കമ്യൂണിസ്റ്റ് പാർടി സഖാക്കളായിരുന്നു. അവരുടെ തകർന്നടിയുമായിരുന്ന ജീവിതം ചെങ്കൊടിയുടെ തണലിൽ വീണ്ടും ഉയിർത്തു.
തമിഴകത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ആദ്യ പഥികരുടെ നിരയിൽ തലയെടുപ്പുള്ള ഒട്ടേറെ ജനനായകരുണ്ട്. 1953ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ മൂന്നാം കോൺഗ്രസ് മധുരയിൽ നടന്നപ്പോൾ അത് വിജയിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച, പിൽക്കാലത്ത് സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗമായിരുന്ന പി രാമമൂർത്തി, പി ജീവാനന്ദം, എം ആർ വെങ്കിട്ടരാമൻ, കെ പി ജാനകി അമ്മാൾ, എ ബി അന്നറിയപ്പെട്ടിരുന്ന എ ബാലസുബ്രഹ്മണ്യം, എൻ ശങ്കരയ്യ, കല്യാണസുന്ദരം, വി പി സി എന്നറിയപ്പെട്ടിരുന്ന കണ്ണൂർ സ്വദേശി വി പി ചിണ്ടൻ, ബി ശ്രീനിവാസ റാവു... ഇവരെല്ലാം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ പിറന്നവരായിരുന്നു. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. 1917ൽ റഷ്യയിൽ നടന്ന ഒക്ടോബർ വിപ്ലവമാണ് അവരുടെയെല്ലാം ചിന്താസരണികളെ മാറ്റിമറിച്ചത്. മാർക്സിയൻ കാഴ്ചപ്പാടുകളിലൂടെ സമത്വ സുന്ദരമായൊരു സമൂഹം വാർത്തെടുക്കുന്ന നാളുകൾ സ്വപ്നം കണ്ടാണ് അവരെല്ലാം പുതിയൊരു സൂര്യോദയത്തിനായി ചെങ്കൊടി കൈയിലേന്തിയത്.
0 comments