Deshabhimani

കീഴ്‌വെൺമണിയുടെ ഓർമകളിൽ

keezhvenmaniyude ormakalil
avatar
അമൽ ബി

Published on Mar 30, 2025, 11:13 AM | 4 min read

1968 ഡിസംബർ 25. ലോകം ക്രിസ്തുവിന്റെ തിരുപ്പിറവിയാഘോഷിക്കുന്ന ആ രാത്രിയിൽ തമിഴ്നാട് ത‌‌ഞ്ചാവൂരിൽ കീഴ് വെൺമണിയെന്ന കാ‍ർഷിക ഗ്രാമത്തിലെ ഒരു കുടിലിനുള്ളിൽ 44 മനുഷ്യ‍രാണ് വെന്തുമരിച്ചത്. അഗ്നികുണ്ഡംപോലെ ആളിക്കത്തിയ കൊച്ചുകൂരയ്ക്കു ചുറ്റും കൂടിനിന്ന നൂറോളം ഗുണ്ടകൾ ആ കാഴ്ച കണ്ട് ആക്രോശിച്ചു, ‘‘കമ്യൂണിസം തുലയട്ടെ.’’ രാജ്യത്ത് നടന്ന ഏറ്റവും വലിയ ദളിത് വേട്ടകളിലൊന്നായിരുന്നു അന്ന് കീഴ്‌വെൺമണിയിൽ അരങ്ങേറിയത്. പകലന്തിയോളം അടിമകണക്കെ പാടത്ത് പണിയെടുത്ത മനുഷ്യ‍ർ അരപ്പിടി നെല്ല് അധികമായി കൂലി ചോദിച്ചതിനും ചെങ്കൊടി ഉയർത്തിപ്പിടിച്ച് സമരം ചെയ്തതിനും മേൽജാതിക്കാരനായ ഭൂവുടമ ഗോപാലകൃഷ്ണ നായിഡു നൽകിയ ശിക്ഷയായിരുന്നു അത്.


അടിമത്തൊഴിലാളികൾ

തമിഴ്നാടിന്റെ നെല്ലറയെന്നാണ് തഞ്ചാവൂ‍ർ അറിയപ്പെടുന്നത്. കാവേരിയുടെ ഇരുതീരത്തുമായി കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടങ്ങൾ. ഫലഭൂയിഷ്ഠമായ മണ്ണ് മാത്രമല്ല, തൊഴിലാളികളുടെ കഠിനാധ്വാനംകൂടിയാണ് തഞ്ചാവൂരിലെയും സമീപ പ്രദേശങ്ങളിലെയും സമൃദ്ധിക്ക് കാരണം. മണ്ണിൽ പണിയെടുക്കുന്ന പതിനായിരക്കണക്കിനു ക‍ർഷകത്തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും അവർക്കാർക്കും ആ ഭൂമിയിൽ അവകാശമുണ്ടായിരുന്നില്ല. തൊഴിലാളികളെന്നതിനേക്കാൾ അടിമത്തൊഴിലാളികളെന്ന വിശേഷണമാണ് അവർക്ക് കൂടുതൽ ചേരുക. ആയിരക്കണക്കിന് ഏക്ക‍ർ ഭൂമി സ്വന്തമായുള്ള ജന്മികളുടെ ആശ്രിതരായി ജീവിതം കഴിച്ചുകൂട്ടേണ്ട സ്ഥിതി. സൂര്യനുദിക്കുംമുമ്പ്‌ പാടത്തിറങ്ങിയാൽ സൂര്യനസ്തമിച്ചശേഷമേ കരയ്ക്ക് കയറാവൂ. അതായിരുന്നു തൊഴിൽസമയം. താമസിച്ച് എത്തുന്നവരെ ഭൂവുടമകളുടെ ഗുണ്ടകൾ ചാണകവെള്ളം കുടിപ്പിക്കും. രണ്ടുനേരം പഴങ്കഞ്ഞിയും തുച്ഛമായ കൂലിയുമായിരുന്നു ലഭിച്ചിരുന്നത്. കുട്ടികൾക്കും ഈ ചൂഷണത്തിൽനിന്ന് മോചനമുണ്ടായിരുന്നില്ല. അച്ഛനമ്മമാർ പാടത്ത്‌ ജോലി ചെയ്യുമ്പോൾ കുട്ടികൾ ഭൂവുടമകളുടെ കന്നുകാലികളെ മേയ്ക്കണം. ദളിതരായ കുട്ടികൾ സ്കൂളിൽ പോയാൽ അവരെ ചുട്ടുകൊല്ലണമെന്നൊരു അലിഖിത നിയമംതന്നെ അക്കാലത്ത് നിലനിന്നിരുന്നു. പെരുമാൾ മുരുകന്റെ കീഴാളൻ എന്ന നോവലിൽ തമിഴ്നാട്ടിലെ ദളിതരെ ഭൂവുടമകൾ ചൂഷണം ചെയ്തത് എത്ര ഭീകരമായാണെന്ന് നമുക്ക് കാണാനാകും. തൊഴിൽരംഗത്തെ ചൂഷണത്തിനൊപ്പം ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥിതിയിൽനിന്ന് വലിയ ഉച്ചനീചത്വങ്ങളും ദളിത് വിഭാഗങ്ങൾക്ക് നേരിടേണ്ടി വന്നു. മേൽവസ്ത്രം ധരിക്കാൻ അവകാശമുണ്ടായിരുന്നില്ല. സ്ത്രീകൾക്കുനേരെ മിക്കപ്പോഴും ലൈംഗിക ചൂഷണങ്ങളുണ്ടായി. സ്കൂളുകളിൽ പ്രവേശനം അനുവദിക്കില്ല, ചായക്കടകളിലും കള്ളുഷാപ്പുകളിലുമെല്ലാം ദളിതർക്ക് പ്രത്യേകം ഗ്ലാസുകളാണ് നൽകിയിരുന്നത്.


ഉയിർത്തെഴുന്നേൽപ്പ്‌


1936ൽ കമ്യൂണിസ്റ്റ് പാർടിയുടെ തമിഴ്നാട്ടിലെ ആദ്യ യൂണിറ്റ് ചെന്നൈയിൽ രൂപംകൊണ്ടു. തഞ്ചാവൂരിലെയും സമീപ പ്രദേശങ്ങളിലെയും തൊഴിലാളികളുടെ ദുരിതപൂ‍ർണമായ ജീവിതത്തിന് പരിഹാരം കണ്ടെത്തുകയായിരുന്നു സഖാക്കളുടെ ആദ്യ ലക്ഷ്യങ്ങളിലൊന്ന്. ബി ശ്രീനിവാസ റാവുവിനെയാണ് പാർടി ആ ദൗത്യം ഏൽപ്പിച്ചത്. ഗ്രാമങ്ങൾതോറും കയറിയിറങ്ങി ശ്രീനിവാസ റാവു തൊഴിലാളികളോട് സംസാരിച്ചു. നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കി. ജന്മിയും തൊഴിലാളിയും തുല്യരാണെന്നും ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്താൻ തൊഴിലാളിക്ക് അവകാശമുണ്ടെന്നും അവരെ പഠിപ്പിച്ചു. ഘട്ടം ഘട്ടമായി കമ്യൂണിസ്റ്റ് പാ‍ർടിയുടെയും കിസാൻ സഭയുടെയും ചെങ്കൊടിക്കു കീഴിൽ തൊഴിലാളികൾ അണിനിരന്നു. തുട‍ർന്നുള്ള വർഷങ്ങൾ നിരന്തര പോരാട്ടങ്ങളുടേതായിരുന്നു. 1944ൽ ജില്ലാ ഭരണകൂടം ഭൂവുടമകളുടെയും കമ്യൂണിസ്റ്റ് പാർടി നേതാക്കളുടെയും പൊലീസ് മേധാവിയുടെയും സംയുക്ത യോഗം വിളിച്ചുചേ‍ർത്തു. തൊഴിലാളികളെ ചാണകവെള്ളം കുടിപ്പിക്കുന്നതും ചാട്ടവാറിനടിക്കുന്നതുമുൾപ്പെടെയുള്ള അനീതികൾ അവസാനിപ്പിക്കാൻ യോഗത്തിൽ ധാരണയായി. രാജ്യം സ്വതന്ത്രമായപ്പോൾ കർഷകത്തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിതമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മദ്രാസിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാർ യൂണിയൻ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി. എന്നാൽ, സഖാക്കൾ തോറ്റ് പിന്മാറാൻ ഒരുക്കമായിരുന്നില്ല. കൊടിയ പീ‍ഡനങ്ങൾക്ക് ഇരയാകേണ്ടി വന്നപ്പോഴും കള്ളക്കേസുകളിൽ കുടുക്കപ്പെട്ടപ്പോഴും അവർ തൊഴിലാളികൾക്കു വേണ്ടിയുള്ള പോരാട്ടം തുടർന്നു. ഒടുവിൽ 1952ൽ തഞ്ചാവൂ‍ർ പന്നയാൾ പ്രൊട്ടക്‌ഷൻ ആക്ടും (The Tanjore Pannaiyal Protection Act) 1955ൽ കുടിയാൻ സംരക്ഷണ നിയമവും (The Tamilnadu Cultivating Tenants Protection Act) സർക്കാരിന് പാസാക്കേണ്ടി വന്നു. അടിമത്തൊഴിലാളികളിൽനിന്ന് ദിവസവേതനക്കാരെന്ന നിലയിലേക്ക് മാറ്റപ്പെട്ടു എന്നല്ലാതെ ചൂഷണത്തിന് കാര്യമായ അറുതിയൊന്നും നിയമംമൂലമുണ്ടായില്ല. പക്ഷേ, തൊഴിലാളിപക്ഷത്തുനിന്നുയർന്നു വന്ന മുദ്രാവാക്യങ്ങൾ അംഗീകരിക്കേണ്ടി വന്നതിൽ മേൽജാതിക്കാരായ ഭൂവുടമകൾ വല്ലാതെ അസ്വസ്ഥരായി. കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ നടന്ന ഓരോ ബഹുജന മുന്നേറ്റത്തെയും പകയോടെ നോക്കിനിൽക്കുകയായിരുന്നു അവ‍ർ. പാർടിയാകട്ടെ തുടർസമരങ്ങളെക്കുറിച്ചുള്ള ആലോചനയിലും. വേതനവർധയായിരുന്നു അടുത്ത ലക്ഷ്യം. 1964ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ പിളർപ്പിനുശേഷം സിപിഐ എം സമരങ്ങളുടെ മുന്നണിയിൽ പ്രവർത്തിച്ചു.


കൂലികൂടുതലിനായി


തൊഴിലാളി മുന്നേറ്റങ്ങളെ അടിച്ചമ‍ർത്താൻ ഭൂവുടമകളുടെ നേതൃത്വത്തിൽ ഇക്കാലയളവിൽ സമാന്തരമായൊരു സംഘടന രൂപംകൊണ്ടു. പാഡി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ആ സംഘടനയുടെ നേതൃത്വം വഹിച്ചിരുന്നത് ഗോപാലകൃഷ്ണ നായിഡുവെന്ന ജന്മിയായിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാവുകൂടിയായിരുന്നു നായിഡു. തൊഴിലാളികളോട് കമ്യൂണിസ്റ്റ് പാർടിയുമായുള്ള ബന്ധം ഉപേക്ഷിച്ച് തങ്ങളുടെ സംഘടനയിൽ അംഗമാകാൻ പാഡി ഗ്രോവേഴ്സ് അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു. അതിന് തയ്യാറായാൽ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, അതൊരു തട്ടിപ്പാണെന്ന് അവർ തിരിച്ചറിഞ്ഞു. നൂറ്റാണ്ടുകളോളം കൊടിയ ചൂഷണങ്ങൾക്ക് വിധേയരായി ആശയും അഭിലാഷങ്ങളും വറ്റിക്കഴിഞ്ഞിരുന്ന തങ്ങൾക്ക് പുതുജീവിതം സമ്മാനിച്ചത് കമ്യൂണിസ്റ്റ് പാർടിയാണെന്ന് ഉത്തമബോധ്യമുണ്ടായിരുന്ന തൊഴിലാളികൾ ഭൂവുടമകളുടെ വാഗ്ദാനങ്ങളിൽ വീണില്ല. കൂലി വർധന ആവശ്യപ്പെട്ട് അവർ സമരം കടുപ്പിച്ചു. ഗോപാലകൃഷ്ണ നായിഡുവിന്റെ കൊയ്യാൻ പാകമായ പാടത്ത് കൂലി കൂട്ടിത്തരാതെ പണിക്കിറങ്ങില്ലെന്ന് അവർ കട്ടായം പറഞ്ഞു.


കൂട്ടക്കൊല


1968 ഡിസംബർ 25. എട്ടാം പാർടി കോൺഗ്രസിൽ പങ്കെടുക്കാൻ പ്രദേശത്തെ സിപിഐ എം നേതാക്കളെല്ലാം കൊച്ചിയിലേക്ക് പോയ സമയം. സഖാക്കളുടെ അസാന്നിധ്യം മനസ്സിലാക്കിയ നായിഡു രണ്ട് ട്രാക്ടർ നിറയെ ഗുണ്ടകളുമായി കീഴ്‌വെൺമണിയിലെത്തി. തോക്കും മാരകായുധങ്ങളുമായി വന്ന ഗുണ്ടകളെക്കണ്ട് നാട്ടുകാ‍ർ ഭയന്നോടി. മുന്നിൽക്കണ്ട കുടിലുകൾക്ക് ഗുണ്ടകൾ തീകൊളുത്തി. ഗ്രാമവാസികളെ വെട്ടിയും വെടിവച്ചും വീഴ്ത്തി. ഗ്രാമത്തിൽ അടച്ചുറപ്പുണ്ടായിരുന്ന ഒരേയൊരു വീട് രാമയ്യൻ–-- പാപ്പമ്മ ദമ്പതികളുടേതായിരുന്നു. ഭയന്നോടിയ സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധ‍ർക്കും അവർ തങ്ങളുടെ വീട്ടിൽ അഭയം നൽകി. പക്ഷേ, ആളൊഴിഞ്ഞ കുടിലുകളോരോന്നായി അഗ്നിക്കിരയാക്കി വന്ന നായിഡുവും കൂട്ടാളികളും ഗ്രാമവാസികൾ രാമയ്യന്റെ വീട്ടിൽ ഒളിച്ചിരിക്കുന്നെന്ന് മനസ്സിലാക്കി. വീട് പുറമെ നിന്ന് പൂട്ടിയശേഷം കൈയിലുണ്ടായിരുന്ന മണ്ണെണ്ണ ക്യാനുകൾ ഗുണ്ടകൾ വീടിനുമുകളിലേക്ക് വലിച്ചെറിഞ്ഞു, പിന്നാലെ തീപ്പന്തങ്ങളും. ആ ചെറിയ വീട്ടിൽനിന്ന് നിലവിളികളുയ‍ർന്നു. പ്രാണവേദനയിൽ പിടയുന്ന മനുഷ്യരുടെ ശബ്ദം പക്ഷേ ഒരു സംഗീതംപോലെയാണ് നായിഡുവും കൂട്ടരും കേട്ടുനിന്നത്. പിറ്റേന്ന് നേരം പുലർന്നപ്പോൾ 23 കുട്ടികളും 16 സ്ത്രീകളും അഞ്ച്‌ വൃദ്ധരുമടക്കം 44 ദളിതരുടെ വെന്ത ശവശരീരങ്ങളാണ് ഗ്രാമം കാണുന്നത്.


പോരാട്ടങ്ങൾക്ക് ഊ‍ർജം


നാട് മുഴുവൻ ആ കൂട്ടക്കൊലയിൽ മരവിച്ചു. രാജ്യം സ്വാതന്ത്ര്യം നേടിയിട്ടും തമിഴ്നാട്ടിൽ നിലനിന്നിരുന്ന കടുത്ത ജാതീയതയുടെയും ജന്മിത്വ ചൂഷണത്തിന്റെയും ഇരകളായിരുന്നു ആ 44 രക്തസാക്ഷികൾ. സ്വന്തം ജീവൻ ബലികൊടുക്കേണ്ടി വന്നിട്ടും സ്വാഭിമാനവും ചെങ്കൊടിയും ഉയർത്തിപ്പിടിച്ച മനുഷ്യർ പിന്നീട് രാജ്യത്താകെയുള്ള കമ്യൂണിസ്റ്റ് പോരാട്ടങ്ങൾക്ക് ഊ‍ർജമായി. മധുര ഇതിനു മുമ്പൊരു പാർടി കോൺഗ്രസിന് വേദിയാകുന്നത് 1972ലാണ്. ഒമ്പതാം പാർടി കോൺഗ്രസ് നടന്ന മധുരയിലെ ആ സമ്മേളന നഗരിയുടെ പേര് കീഴ്‌വെൺമണി എന്നായിരുന്നു. കീഴ്‌വെൺമണിയിലെ 44 രക്തസാക്ഷികളുടെ ബലികുടീരത്തിൽനിന്ന് കൊളുത്തിയ ദീപശിഖയിലെ അഗ്നിയാണ് സമ്മേളന നഗരിയിൽ ജ്വലിച്ചു നിന്നത്. മധുര വീണ്ടുമൊരു പാർടി കോൺഗ്രസിന് വേദിയാകുകയാണ്. കീഴ്‌വെൺമണിയിലെ മനുഷ്യർ പകർന്നു നൽകിയ ഊ‍‍ർജം തെല്ലും ചോരാതെയാണ് തമിഴ്നാട്ടിലെ സഖാക്കൾ ഇന്നും ജാതിവിവേചനത്തിനും ചൂഷണങ്ങൾക്കുമെതിരായ പോരാട്ടം നയിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home