പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 10 മാസം ഫ്രിഡ്ജിൽ സൂക്ഷിച്ചു; യുവാവ് പിടിയിൽ

പ്രതീകാത്മകചിത്രം
ഭോപ്പാൽ > ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച യുവാവ് പിടിയിൽ. പ്രതി സഞ്ജയ് പതിദാറിനെ (41) ഉജ്ജയിനിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം നടന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് സഞ്ജയ് ഒപ്പം താമസിച്ചിരുന്ന പ്രതിഭ പതിദാറിനെ കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തുന്നത്. സഞ്ജയ് താമസിച്ചിരുന്ന മുറിയിൽ നിന്ന് രൂക്ഷമായ ദുർഗന്ധം പുറത്തുവന്നതിനെത്തുടർന്ന് അയൽവാസികൾ പരാതിപ്പെടുകയായിരുന്നു. ജൂണിൽ ഇയാൾ മുറിയിൽ നിന്ന് താമസം മാറിയിരുന്നു. അയൽക്കാർ പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് പൊലീസ് സഞ്ജയ്യെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് വർഷമായി തങ്ങൾ ലിവ് ഇൻ ബന്ധത്തിലായിരുന്നുവെന്ന് സഞ്ജയ് പൊലീസിനോട് പറഞ്ഞു. 2023ലാണ് ഇവർ ദേവാസിലെത്തുന്നത്. അയൽക്കാരോട് വിവാഹിതരാണെന്നാണ് പറഞ്ഞിരുന്നത്. 2024 ജനുവരി മുതൽ ബന്ധം നിയമപരമാക്കണമെന്ന് പ്രതിഭ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കൊലപാതകമെന്നാണ് വിവരം.
സുഹൃത്ത് വിനോദിന്റെ സഹായത്തോടെയാണ് സഞ്ജയ് പ്രതിഭയെ കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൈകൾ കെട്ടി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചു. വീട് വിട്ടെങ്കിലും ഉടമസ്ഥനെ കണ്ട് തന്റെ സാധനങ്ങൾ സൂക്ഷിക്കാൻ കുറച്ചുകാലത്തേക്ക് ഒരുമുറി വേണമെന്ന് ആവശ്യപ്പെട്ടു. ഈ മുറിയിലാണ് ഫ്രിഡ്ജ് സൂക്ഷിച്ചിരുന്നത്. ഇയാൾ ഇടയ്ക്കിടയ്ക്ക് മുറിയിലെത്തിയിരുന്നതായും ഉടമ പൊലീസിനോട് പറഞ്ഞു.
Tags
Related News

0 comments