സ്ത്രീധനത്തിന്റെ പേരിൽ ക്രൂരത: യുപിയിൽ യുവാവ് ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി

ലഖ്നൗ : ഉത്തർപ്രദേശിൽ ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിച്ച ഭർത്താവ് പിടിയിൽ. 31കാരനായ സൈഫുദ്ദീനാണ് ഭാര്യ സബീനയെ കൊലപ്പെടുത്തിയത്. ശ്രാവസ്തിയിൽ വച്ചായിരുന്നു സംഭവം. ലഖ്നൗവിലേക്കുള്ള യാത്രയ്ക്കിടെയാണ് ക്രൂരകൃത്യം. മെയ് 14നായിരുന്നു സംഭവം. സ്ത്രീധനത്തിന്റെ പേരിലാണ് കൊല നടത്തിയതെന്നാണ് വിവരം.
സൈഫുദ്ദീൻ സ്ത്രീധനത്തിന്റെ പേരിൽ സബീനയെ ഉപദ്രവിച്ചിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി. മെയ് 14ന് സബീനയെ സഹോദരനായ സലാഹുദ്ദീൻ ഫോൺ ചെയതിരുന്നു. എന്നാൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആയതിനാൽ വീട്ടിലെത്തി അന്വേഷിച്ചു. ലഖ്നൗവിലേക്ക് പോകുമെന്ന് ഇരുവരും പറഞ്ഞിരുന്നുവെങ്കിലും സൈഫുദ്ദീനെ തനിച്ച് വീട്ടിൽ വച്ച് കണ്ടതോടെയാണ് സംശയമുണ്ടായത്.
തുടർന്ന് സലാഹുദ്ദീൻ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി സഹോദരിയെ കാണാനില്ലെന്ന് പരാതി നൽകി. പൊലീസ് സൈഫുദ്ദീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും തെറ്റായ വിവരങ്ങളാണ് നൽകിയത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. സബീനയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളായി മുറിച്ചു. മൃതദേഹഭാഗങ്ങൾ 10 കിലോമീറ്റർ ചുറ്റളവിൽ വിവിധ ഇടങ്ങളിൽ വലിച്ചെറിയുകയും ചെയ്തു. കൊലയ്ക്കു ശേഷം മൃതദേഹം കത്തിച്ചതായും വിവരമുണ്ട്. സബീനയുടെ കൈ ഇവരുടെ വീട്ടിലെ പൂന്തോട്ടത്തിൽ നിന്നും മറ്റ് ശരീരഭാഗങ്ങൾ പ്രദേശത്തെ കനാലിൽ നിന്നുമടക്കം കണ്ടെത്തി.
സ്ത്രീധനത്തിന്റെ പേരിൽ സൈഫുദ്ദീനും മാതാപിതാക്കളും സബീനയെ ഉപദ്രവിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടാണ് സബീനയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതെന്നും കുടുംബം പറഞ്ഞു.
0 comments