Deshabhimani

കബളിപ്പിച്ച് പണം കടം വാങ്ങി; പൂനെയിൽ യുവാവ് സഹപ്രവർത്തകയെ കുത്തിക്കൊന്നു

stabbed
വെബ് ഡെസ്ക്

Published on Jan 09, 2025, 07:14 PM | 1 min read

മുംബൈ: മഹാരാഷ്ട്രയിൽ തൊഴിലിടത്തെ പാർക്കിംഗ് ഏരിയയിൽ വെച്ച് യുവാവ് സഹപ്രവർത്തകയെ കുത്തിക്കൊന്നു. കട്രജ് ബാലാജി നഗർ സ്വദേശി ശുഭദ കോദാരെ(28) ആണ് കൊല്ലപ്പെട്ടത്. ബിപിഒ കമ്പനിയായ ഡബ്ല്യുഎൻഎസ് ​ഗ്ലോബൽ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ഇതേ സ്ഥാപനത്തിൽ അക്കൗണ്ടന്റായ കൃഷ്ണ കനോജ( 30) എന്നയാളാണ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. കബളിപ്പിച്ച് പണം കടം വാങ്ങിയെന്നാരോപിച്ചാണ് ആക്രമണമുണ്ടായത്.


പൂനെയിലെ ഡബ്ല്യുഎൻഎസ് കമ്പനിയുടെ പാർക്കിങ് ഗ്രൗണ്ടിൽ കഴിഞ്ഞ ചൊവ്വ വൈകിട്ട് ആറോടെയാണ് സംഭവം. വൈകിട്ട് ശുഭദയെ പാർക്കിങ് ഗ്രൗണ്ടിലേക്ക് വിളിച്ചുവരുത്തി കടം നൽകിയ പണം കൃഷ്ണ തിരികെ ചോദിച്ചു. പണം തിരികെ നൽകാൻ കഴിയില്ലെന്ന യുവതി പറഞ്ഞതോടെ വാക്ക് തർക്കമുണ്ടാകുകയും കൃഷ്ണ കൈയിൽ കരുതിയ കത്തികൊണ്ട് ശുഭദയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.


ശുഭദയും കൃഷ്ണയും സുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം. അച്ഛൻ അസുഖ ബാധിതനാണെന്നും ചികിത്സയ്ക്ക് പണം ആവശ്യമുണ്ടെന്നും പറഞ്ഞ് ശുഭദ സ്ഥിരമായി കൃഷ്ണയുടെ പക്കൽനിന്നും പണം കടം വാങ്ങാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പണം തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോഴെല്ലാം യുവതി ഒഴിഞ്ഞുമാറി. എന്നാൽ സംശയം തോന്നിയ യുവാവ് ശുഭദയുടെ നാട്ടിലെത്തി അന്വേഷിച്ചപ്പോൾ യുവതി പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്ന് മനസിലാക്കി. കബളിപ്പിച്ച് പണം വാങ്ങിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.


​ഗുരുതരമായി പരിക്കേറ്റ ശുഭദയെ സമീപത്തെ സഹ്യാദ്രി ആശുപത്രിയിലെത്തിച്ചരുന്നു. ചികിത്സയിലിരിക്കെ ചൊവ്വ രാത്രി ഒൻപതോടെ യുവതി മരിച്ചു. സംഭവത്തിൽ ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹിമ്മത് ജാദവ് പറഞ്ഞു.








deshabhimani section

Related News

0 comments
Sort by

Home