പാലോളി ‘സൂപ്പർസീനിയർ; സന്ദീപ്, പ്രവിഷ ജൂനിയർ

പാലോളി മുഹമ്മദ് കുട്ടി, ഡി എസ് സന്ദീപ്, പ്രവിഷ പ്രമോദ്
കോടിയേരി ബാലകൃഷ്‌ണൻ നഗർ: പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഏറ്റവും പ്രായം പാലോളി മുഹമ്മദ് കുട്ടിക്ക്. ക്ഷണിതാവായി പങ്കെടുത്ത പാലോളിക്ക് 94 വയസ്സുണ്ട്. 1951ൽ ആണ് കമ്യൂണിസ്റ്റ് പാർടിയിൽ ചേർന്നത്. ക്ഷണിതാവായി തന്നെ പങ്കെടുത്ത 90 വയസ്സുള്ള പി കെ ഗുരുദാസനാണ് പ്രായത്തിൽ രണ്ടാമത്. പ്രതിനിധികളിൽ ഏറ്റവും പ്രായം എൺപത്തിയെട്ടുകാരനായ കണ്ണൂരിലെ കെ പി സഹദേവനാണ്. കേന്ദ്രകമ്മിറ്റി പ്രതിനിധിയായി പങ്കെടുത്ത എസ് രാമചന്ദ്രൻപിള്ളയ്‌ക്കും ഇതേ പ്രായം. എൻ പത്മലോചനൻ (86), വൈക്കം വിശ്വൻ (85), വി കെ സി മമ്മദ് കോയ (85) എന്നിവരാണ് തൊട്ടുപിന്നിൽ.
ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധികൾ തിരുവനന്തപുരത്തെ ഡി എസ് സന്ദീപും കാസർകോട്ടെ പ്രവിഷ പ്രമോദുമാണ്, 22 വയസ്. ബാലസംഘം സംസ്ഥാന സെക്രട്ടറിയാണ് സന്ദീപ്. പ്രസിഡന്റാണ് പ്രവിഷ. ബി അനുജ (23, എറണാകുളം), കെ അനുശ്രീ (26, കണ്ണൂർ), ആര്യ രാജേന്ദ്രൻ (26, തിരുവനന്തപുരം) എന്നിവരാണ് പ്രായം കുറഞ്ഞ മറ്റുപ്രതിനിധികൾ. 25 വയസ്സ് വരെയുള്ള വിഭാഗത്തിൽ മൂന്ന്, 26–-40 വിഭാഗത്തിൽ 41, 41–-55 വരെയുള്ളതിൽ152, 56–- 70 വരെ 257, 71–-75വരെ 46, 75 വയസ്സിനു മുകളിൽ 16 പേരും പങ്കെടുത്തു.
442 പുരുഷന്മാർ, 73 സ്ത്രീകൾ; ശരാശരി പ്രായം 58
പ്രതിനിധികളും നിരീക്ഷകരും ഉൾപ്പെടെ സിപിഐ എം സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തത് 515 പേർ. 442 പുരുഷന്മാരും 73 സ്‌ത്രീകളും പങ്കെടുത്തതായി പി കെ ബിജു അവതരിപ്പിച്ച ക്രഡൻഷ്യൽ റിപ്പോർട്ടിൽ വ്യക്തമാക്കി. ശരാശരി പ്രായം 58. ഏറ്റവും കൂടുതൽ പ്രതിനിധികൾ കണ്ണൂരിൽനിന്നാണ്, 45 പേർ. 35 പുരുഷന്മാരും പത്ത് സ്‌ത്രീകളും. കുറവ് വയനാടാണ്, എട്ടുപേർ. സംസ്ഥാന കമ്മിറ്റി 88, പ്രത്യേക ക്ഷണിതാക്കൾ മൂന്ന്. കേന്ദ്രകമ്മിറ്റി പ്രതിനിധിയായി ഒരാളും പങ്കെടുത്തു.
പിഎച്ച്‌ഡി നേടിയവർ 5; ബിരുദാനന്തരബിരുദം 98 പേർക്ക്
പ്രതിനിധികളിൽ പിഎച്ച്‌ഡി നേടിയ അഞ്ചുപേർ. 98 പേർക്ക് ബിരുദാനന്തരബിരുദമുണ്ട്. ബിരുദധാരികൾ 184. ഇന്റർമീഡിയറ്റ്, പ്രീഡിഗ്രി, ഹയർസെക്കൻഡറി, ഐടിഐ, ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവർ 133. പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 86 പേരും അഞ്ചാം ക്ലാസ്‌വരെയുള്ള നാലുപേരും പങ്കെടുത്തു. സമ്മേളന പ്രതിനിധികളിൽ സോഷ്യൽ മീഡിയയിൽ ഇടപെടുന്നവർ 493. ഫെയ്‌സ്‌ബുക്ക്, ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ 450.
0 comments