Deshabhimani

തമിഴ്‌നാട്ടിൽ നടക്കുന്ന അഞ്ചാമത്തെ പാർടി കോൺഗ്രസ്: മൂന്നാംവട്ടം മധുര

9th party congress
avatar
ടി ചന്ദ്രമോഹൻ

Published on Apr 02, 2025, 11:25 AM | 2 min read

തമിഴ്‌നാട്ടിൽ നടക്കുന്ന അഞ്ചാമത്തെ പാർടി കോൺഗ്രസിനാണ്‌ ബുധനാഴ്‌ച മധുരയിൽ തുടക്കമാകുന്നത്‌; മധുരയിൽ നടക്കുന്ന മൂന്നാമത്തേതും. മുമ്പ്‌ രണ്ടു തവണയും നിർണായക ഘട്ടത്തിലാണ്‌ മധുരയിൽ പാർടി കോൺഗ്രസ്‌ നടന്നത്‌. 1952ലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർടിക്ക് വലിയ വിജയം നേടാൻ കഴിഞ്ഞ പശ്ചാത്തലത്തിലായിരുന്നു മൂന്നാം കോൺഗ്രസ് 1953 ഡിസംബർ 27 മുതൽ 1954 ജനുവരി നാലുവരെ മധുരയിൽ നടന്നത്‌. പാർടി പരിപാടിയും ഭരണഘടനാ ഭേദഗതിയും അംഗീകരിച്ചു.


രണ്ടാംകോൺഗ്രസിനു ശേഷം രൂപപ്പെട്ട പ്രശ്‌നങ്ങളെത്തുടർന്ന്‌ പാർടി ഒറ്റപ്പെട്ട സാഹചര്യം നിലനിൽക്കുകയായിരുന്നു. ഈ ഘട്ടത്തിൽ ഉൾപ്പാർടി സമരം മൂർച്ഛിക്കുകയും പാർടി അച്ചടക്കം അയഞ്ഞുപോകുകയും ചെയ്‌തു. കോൺഗ്രസ്‌ അംഗീകരിച്ച രാഷ്ട്രീയപ്രമേയം സാർവദേശീയ രംഗത്തെ സ്ഥിതിഗതികളെ വിലയിരുത്തി. കൊറിയയിലെ യുദ്ധവിരാമ കരാർ സോഷ്യലിസ്റ്റ് ചേരികളുടെ വിജയവും സാമ്രാജ്യത്വശക്തികൾക്ക് തിരിച്ചടിയും നൽകുന്നതാണ് എന്ന കാര്യം അതിൽ വ്യക്തമാക്കി. ഭൂപരിഷ്കരണം നടപ്പാക്കാത്ത കോൺഗ്രസിന്റെ നിലപാടിനും വിലക്കയറ്റവും തൊഴിലില്ലായ്മയും സൃഷ്ടിക്കുന്ന നയങ്ങൾക്കുമെതിരെ പോരാട്ടം ശക്തമായി തുടരണമെന്ന്‌ പാർടി കോൺഗ്രസ്‌ നിർദേശിച്ചു. പാർടി പരിപാടിയും നയപ്രഖ്യാപനരേഖയും അംഗീകരിച്ച സാഹചര്യത്തിൽ യോജിപ്പിന്റേതായ ഒരുതലം പൊതുവിൽ ഈ കോൺഗ്രസിൽ ഉണ്ടായി. ഇ എം എസ് അവതരിപ്പിച്ച പാർടി ഭരണഘടനാ ഭേദഗതി ചർച്ച ചെയ്‌ത്‌ അംഗീകരിച്ചു. ലക്ഷത്തിലധികം പേർ അണിനിരന്ന റാലിയോടും പൊതുസമ്മേളനത്തോടും കൂടിയാണ്‌ മൂന്നാം പാർടി കോൺഗ്രസ് സമാപിച്ചത്‌. പി രാമമൂർത്തി, എം ആർ വെങ്കിട്ടരാമൻ എന്നിവരായിരുന്നു മുഖ്യ സംഘാടകർ.


ദേശീയതലത്തിൽ ഇടതുപക്ഷ ഐക്യം ഏറെ തകരുകയും സിപിഐ എം പ്രവർത്തകരെ രാജ്യമാകെ രാഷ്ട്രീയ എതിരാളികളും ഭരണകൂടവും വേട്ടയാടുകയും ചെയ്‌ത ഘട്ടത്തിലാണ്‌ 1972 ജൂൺ 27 മുതൽ ജൂലൈ രണ്ടു വരെ ഒമ്പതാം പാർടി കോൺഗ്രസ്‌ മധുരയിൽ നടന്നത്‌. 1969 മാർച്ച്‌ മുതൽ 1972 ജൂൺ വരെ 656 സഖാക്കൾ വിവിധ സംസ്ഥാനങ്ങളിൽ രക്തസാക്ഷികളായിരുന്നു. ബി ടി രണദിവെ അവതരിപ്പിച്ച കരട്‌ രാഷ്ട്രീയപ്രമേയത്തിന്റെ ആദ്യ ഭാഗത്ത്‌ സാമ്രാജ്യത്വവും ലോകമെമ്പാടും ശക്തിപ്രാപിച്ചുവരുന്ന ദേശീയ വിമോചന പ്രസ്ഥാനങ്ങളും തമ്മിൽ തുടരുന്ന വൈരുധ്യംതന്നെയാണ് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട വൈരുധ്യമെന്ന്‌ ചൂണ്ടിക്കാട്ടി. ഇന്ത്യൻ സമ്പ‌ദ്‌വ്യവസ്ഥയുടെ തകർച്ച, നാലാം പഞ്ചവത്സരപദ്ധതിയുടെ പരാജയം, പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ വിജയം, ഭരണത്തിലുള്ള കോൺഗ്രസിന്റെ നേട്ടങ്ങൾ, ഏക പാർടി മേധാവിത്വത്തിന്റെ അപകടങ്ങൾ, പശ്ചിമബംഗാളിലെ അർധ ഫാസിസ്റ്റ് ഭീഷണി, സംഘടിത പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമം, ജനാധിപത്യശക്തികളെ പിളർത്താനുള്ള കോൺഗ്രസ് തന്ത്രങ്ങൾ, പാർടിയുടെ അടവുനയങ്ങൾ, വിഭജന തന്ത്രങ്ങൾക്കെതിരെ ഐക്യത്തിനുവേണ്ടി വളർന്നുവരുന്ന ബഹുജനപോരാട്ടങ്ങൾ, പശ്ചിമബംഗാളിലെ സമരം തുടങ്ങിയ കാര്യങ്ങളാണ്‌ രാഷ്ട്രീയപ്രമേയത്തിൽ വിശദീകരിച്ചത്‌. എട്ടാം പാർടി കോൺഗ്രസ് ചർച്ചകളിലുണ്ടായ മാറ്റങ്ങളെപ്പറ്റി ഹർകിഷൻ സിങ് സുർജിത് റിപ്പോർട്ട് ചെയ്തു. ദേശീയ പ്രശ്നത്തെ സംബന്ധിച്ചുള്ള സെൻട്രൽ കമ്മിറ്റിയുടെ കുറിപ്പും പാർടി പരിപാടിയുടെ ഭേദഗതിയും എം ബസവപുന്നയ്യ അവതരിപ്പിച്ചു. പശ്‌ചിമ ബംഗാളിലെ അർധ ഫാസിസ്റ്റ്‌ ഭീകരതയെയും രാജ്യത്താകമാനമുള്ള അടിച്ചമർത്തലിനെയും പറ്റി ജ്യോതി ബസുവും തൊഴിലാളികൾക്ക്‌ സംഘടിക്കാനും സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം എന്ന വിഷയത്തിൽ പി രാമമൂർത്തിയും അവതരിപ്പിച്ച പ്രമേയങ്ങൾ അംഗീകരിച്ചു.


സോവിയറ്റ്‌ യൂണിയന്റെ പതനത്തെ തുടർന്ന്‌ ലോകത്ത്‌ സോഷ്യലിസ്റ്റ്‌ ചേരി വലിയ തിരിച്ചടി നേരിട്ട കാലഘട്ടത്തിലാണ്‌ പതിനാലാം പാർടി കോൺഗ്രസ്‌ 1992 ജനുവരി മൂന്നുമുതൽ ഒമ്പതുവരെ മദ്രാസിൽ നടന്നത്‌. നവ ഉദാരവൽക്കരണ–- ആഗോളവൽക്കരണ നയങ്ങൾ നടപ്പാക്കിത്തുടങ്ങിയ സമയമായിരുന്നു അത്‌. കോൺഗ്രസിന്റെ ഏകകക്ഷി ഭരണവും ഈ ഘട്ടത്തിൽ അവസാനിച്ചിരുന്നു. സോവിയറ്റ്‌ യൂണിയന്റെ തകർച്ച പ്രതിപാദിക്കുന്ന ‘പ്രത്യയശാസ്‌ത്രപരമായ ചില പ്രശ്‌നങ്ങളിന്മേലുള്ള പ്രമേയ’ത്തിൽ മാർക്‌സിസം–- ലെനിനിസത്തിലുള്ള വിശ്വാസം പാർടി ആവർത്തിച്ച്‌ ഉറപ്പിച്ചു. പാർടി പരിപാടി കാലോചിതമായി പരിഷ്‌കരിക്കുന്നതിനായി കമീഷനെ നിശ്ചയിക്കാൻ കേന്ദ്ര കമ്മിറ്റിയെ ചുമതലപ്പെടുത്തി. കയ്യൂർ രക്തസാക്ഷിത്വത്തിന്റെ 65–-ാം വാർഷികത്തിലാണ്‌ കോയമ്പത്തൂരിൽ 2008 മാർച്ച്‌ 29 മുതൽ ഏപ്രിൽ രണ്ടുവരെ 19–-ാം പാർടി കോൺഗ്രസ്‌ നടന്നത്‌. യുപിഎ സർക്കാരിന്റെ ജനവിരുദ്ധ നവലിബറൽ നയങ്ങൾക്കെതിരെ പ്രതികരിക്കുകയും ഇന്തോ–-അമേരിക്കൻ ആണവ കരാറിന്റെ അപകടങ്ങൾ തുറന്നുകാണിക്കുകയും ചെയ്യുന്നതിൽ പാർടി നിർണായക പങ്കുവഹിച്ച സമയമായിരുന്നു അത്‌. മോദി സർക്കാർ മൂന്നാമതും അധികാരത്തിലെത്തുകയും തീവ്രഹിന്ദുത്വ നിലപാട്‌ ശക്തമാക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ്‌ 24–-ാം കോൺഗ്രസ്‌ മധുരയിൽ നടക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home