പാർടി കോൺഗ്രസിലൂടെ
വേട്ടയാടലിനിടെ ഒമ്പതാം പാർടി കോൺഗ്രസ്


Research Desk
Published on Mar 24, 2025, 06:02 PM | 2 min read
ദേശീയതലത്തിൽ ഇടതുപക്ഷ ഐക്യം ഏറെ തകർന്ന ഒരു ഘട്ടത്തിലും സിപിഐ എം പ്രവർത്തകരെ രാജ്യമാകെ രാഷ്ട്രീയ എതിരാളികളും ഭരണകൂടവും വേട്ടയാടികൊണ്ടിരുന്ന ഘട്ടത്തിലുമാണ് 1972 ജൂൺ 27 മുതൽ ജൂലൈ 2 വരെ ഒമ്പതാം പാർടി കോൺഗ്രസ് മധുരയിൽ നടന്നത്. 18 വർഷത്തിനിടെ രണ്ടാംതവണയാണ് മധുര പാർടി കോൺഗ്രസിന് വീണ്ടും വേദിയായത്. 1969 മാർച്ച് മുതൽ 1972 ജൂൺ വരെ 656 സഖാക്കൾ വിവിധ സംസ്ഥാനങ്ങളിൽ രക്തസാക്ഷികളായിരുന്നു. ബി ടി രണദിവെ അവതരിപ്പിച്ച കരട് രാഷ്‌ട്രീയ പ്രമേയത്തിന്റെ ആദ്യ ഭാഗത്ത് സാമ്രാജ്യത്വവും ലോകമെമ്പാടും ശക്തിപ്രാപിച്ചുവരുന്ന ദേശീയ വിമോചന പ്രസ്ഥാനങ്ങളും തമ്മിൽ തുടരുന്ന വൈരുധ്യംതന്നെയാണ് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട വൈരുധ്യമെന്ന് ചൂണ്ടിക്കാട്ടി. സോഷ്യലിസ്റ്റ് പാളയത്തിലെ ഭിന്നത, ഇന്ത്യാ-പാക് യുദ്ധവും ബംഗ്ലാദേശ് സ്വതന്ത്രമായതും ഉൾപ്പെടെയുള്ള വിഷയങ്ങളും ഉൾകൊള്ളിച്ചു.
വർത്തമാനകാല സാഹചര്യങ്ങളുടെ സവിശേഷതകൾ എന്ന രണ്ടാം ഭാഗത്ത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, നാലാം പഞ്ചവത്സരപദ്ധതിയുടെ പരാജയം, പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ വിജയം, ഭരണത്തിലുള്ള കോൺഗ്രസിന്റെ നേട്ടങ്ങൾ, ഏക പാർടി മേധാവിത്വത്തിന്റെ അപകടങ്ങൾ, പശ്ചിമബംഗാളിലെ അർധ ഫാസിസ്റ്റ് ഭീഷണി, സംഘടിത പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമം, ജനാധിപത്യ ശക്തികളെ പിളർത്താനുള്ള കോൺഗ്രസ് തന്ത്രങ്ങൾ, നമ്മുടെ പാർടിയുടെ അടവ് നയങ്ങൾ, തിരുത്തൽവാദികളുടെ വഞ്ചന, ഇടതുതീവ്രവാദത്തിന്റെ പതനം, വിഭജന തന്ത്രങ്ങൾക്കെതിരെ ഐക്യത്തിനു വേണ്ടിയ വളർന്നുവരുന്ന ബഹുജനപ്പോരാട്ടങ്ങൾ, പശ്ചിമബംഗാളിലെ സമരം തുടങ്ങിയ കാര്യങ്ങളാണ് വിശദീകരിച്ചത്.
കഴിഞ്ഞ പാർടി കോൺഗ്രസ് ചർച്ചകളിലുണ്ടായ മാറ്റങ്ങളെപ്പറ്റി ഹർകിഷൻ സിങ്ങ് സുർജിത് റിപ്പോർട്ട് ചെയ്തു. ദേശീയ പ്രശ്നത്തെ സംബന്ധിച്ചുള്ള കേന്ദ്ര കമ്മിറ്റിയുടെ കുറിപ്പും, പാർടി പരിപാടിയുടെ ഭേദഗതിയും ബസവപുന്നയ്യ അവതരിപ്പിച്ചു. ഒമ്പത് ഭാഗങ്ങളിലായിട്ടാണ് പാർടി പരിപാടിയിലെ ഭേദഗതികൾ. പാർടി പരിപാടിയെപ്പറ്റിയുള്ള നയപ്രഖ്യാപനവും അവതരിപ്പിച്ചു.
രാഷ്ട്രീയ പ്രവർത്തന റിപ്പോർട്ടിന്റെ ഒന്നാം ഭാഗം ഇടക്കാല തെരഞ്ഞെടുപ്പും ഐക്യമുന്നണി സർക്കാരുകളും എന്നാണ്. ഇതിൽ കേരളത്തിലെയും പശ്ചിമബംഗാളിലെയും മുന്നണി സർക്കാരുകളെ ചുറ്റിപ്പറ്റിയുള്ള സമരങ്ങൾ, ഇരു സർക്കാരുകളെയും പുറത്താക്കാനുള്ള ഭീഷണി, ഇടതുപക്ഷവും ജനാധിപത്യശക്തികളും തമ്മിലുള്ള ഐക്യമുന്നണി എന്ന മുദ്രാവാക്യം ശരിയോ? എന്നിവയാണുള്ളത്.
കോൺഗ്രസിലെ പിളർപ്പ്, തെരഞ്ഞെടുപ്പുകൾ, ബംഗ്ലാദേശിനെക്കുറിച്ച് എന്നിങ്ങനെയായിരുന്നു തുടർന്നുള്ള ഭാഗം. വലതു തിരുത്തൽവാദത്തിന്റെ പതനം എന്ന ഭാഗത്ത് വലതു കമ്യൂണിസ്റ്റ് പാർടി മുതലാളിത്ത ആശയങ്ങളോട് അടുക്കുന്നതിനെക്കുറിച്ചും ഇടത് തീവ്രവാദത്തിന്റെ തകർച്ചയും പ്രതിപാദിക്കുന്നു. അന്തർദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം, ഭിന്നിപ്പിന്റെയും പിളർക്കലിന്റെയും പ്രവണതകൾ, വർത്തമാനകാല സാഹചര്യങ്ങളുടെ വിലയിരുത്തലും നമ്മുടെ കടമകളും എന്നിവയാണ് അവസാന മൂന്ന് ഭാഗങ്ങൾ. പശ്‌ചിമ ബംഗാളിലെ അർധ ഫാസിസ്‌റ്റ് ഭീകരതയെയും രാജ്യത്താകമാനമുള്ള അടിച്ചമർത്തലിനെയും പറ്റി ജ്യോതി ബസുവും തൊഴിലാളികൾക്ക് സംഘടിക്കാനും സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം എന്ന വിഷയത്തിൽ പി രാമമൂർത്തിയും അവതരിപ്പിച്ച പ്രമേയങ്ങൾ അംഗീകരിച്ചു.
എം ബസവപുന്നയ്യ അവതരിപ്പിച്ച ഇന്ത്യയിലെ ദേശീയ പ്രശ്നത്തെ സംബന്ധിച്ച കുറിപ്പ് എന്നതിനെപ്പറ്റി വിശദമായ ചർച്ച നടന്നു. ദേശീയ പ്രശ്നം നമ്മുടെ രാജ്യത്തിന്റെ സവിശേഷ സാഹചര്യങ്ങൾ പരിഗണിച്ചും മാർക്സിസം-ലെനിസത്തിന്റെ കാഴ്ചപ്പാടിലുമാണ് പരിശോധിക്കേണ്ടതെന്ന് പാർടി വിലയിരുത്തി. സംസ്ഥാനങ്ങളുടെ സ്വയം ഭരണത്തിനും അവകാശങ്ങൾക്കും അധികാരങ്ങൾക്കും വേണ്ടിയും ഏതു തരത്തിലുള്ള അടിച്ചമർത്തലുകൾക്കുമെതിരെയും ശക്തമായി നിലകൊള്ളുമ്പോഴും ദേശീയ വികാരത്തെ മുതലെടുത്ത് അരാജകത്വം സൃഷ്ടിക്കാനും തൊഴിലാളിവർഗത്തിന്റെയും രാജ്യത്തിന്റെയും ഐക്യം തകർക്കാനും ശ്രമിക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിഞ്ഞ് ജാഗ്രതയോടെ നിലപാട് എടുക്കാൻ കഴിയണമെന്നും വ്യക്തമാക്കി.
31 അംഗ കേന്ദ്ര കമ്മിറ്റിയെയും സെക്രട്ടറിയായി പി സുന്ദരയ്യയെും പാർടി കോൺഗ്രസ് തെരഞ്ഞെടുത്തു. ഒമ്പത് അംഗ പിബിയെയും തെരഞ്ഞെടുത്തു.
പോളിറ്റ്‌ബ്യൂറോ
1. പി സുന്ദരയ്യ (ജനറൽ സെക്രട്ടറി)
2. എം ബസവപുന്നയ്യ
3. പി രാമമൂർത്തി
4. ഹർകിഷൻ സിങ്ങ് സുർജിത്
5. ജ്യോതിബസു
6. എ കെ ജി
7. ഇ എം എസ്
8. പ്രമോദ് ദാസ്‌ഗുപ്‌ത
9. ബി ടി രണദിവെ
0 comments