പാർടി കോൺഗ്രസിലൂടെ
ഐക്യ കേരളത്തിലെ ആദ്യ പാർടി കോൺഗ്രസ് | എട്ടാം പാർടി കോൺഗ്രസ്


Research Desk
Published on Mar 24, 2025, 05:29 PM | 2 min read
സിപിഐ എം രൂപീകരണത്തിന് ശേഷമുള്ള പാർടി കോൺഗ്രസ് 1968 ഡിസംബർ 23 മുതൽ 29 വരെ കൊച്ചിയിലാണ് നടന്നത്. എട്ടാം പാർടി കോൺഗ്രസിന് ഐക്യ കേരളത്തിലെ ആദ്യ പാർടി കോൺഗ്രസ് എന്ന പ്രത്യേകതയുമുണ്ട്. ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരായിരുന്നു അന്ന് അധികാരത്തിൽ. പാർടി ഭരണഘടന അംഗീകരിച്ചത് ഈ കോൺഗ്രസിലാണ്.
ഏഴാം പാർടി കോൺഗ്രസിന് ശേഷമുള്ള നാലുവർഷക്കാലയളവിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം തിരുത്തൽ വാദത്തിനെതിരെ നടത്തിയ സമരങ്ങളെപ്പറ്റി സൂചിപ്പിക്കുകയും അന്തർദേശീയതലത്തിൽ തിരുത്തൽവാദത്തിനെതിരെ നടക്കുന്ന സമരവുമായി അത് ഒത്തുപോകുന്നു എന്നതുമാണ് എടുത്തു പറയാവുന്ന പ്രത്യേകതയെന്ന് ബി ടി രണദിവെ അവതരിപ്പിച്ച വിശദമായ രാഷ്‌ട്രീയ-സംഘടനാ റിപ്പോർട്ടിൽ വ്യക്തമാക്കി. മാർക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും അനുസരിച്ച് മുന്നോട്ട് പോകുകയാണ് നിലപാടെന്നും ഊന്നി പറഞ്ഞു. അന്തർദേശീയ, ദേശീയ സാഹചര്യങ്ങൾ വിശദമായി വിശകലനം ചെയ്‌തു.
ദേശീയ സാഹചര്യങ്ങൾ വിലയിരുത്തുന്ന ഭാഗത്ത് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ സ്വഭാവവും സവിശേഷതകളും മൂന്ന് കാരണങ്ങളും എടുത്തുപറഞ്ഞു. ഉൽപ്പാദനവും ഉൽപ്പാദകശക്തികളുമായി നിലവിലുള്ള അർധഫ്യൂഡൽ സാമൂഹികക്രമത്തിലെ വൈരുദ്ധ്യങ്ങളാണ് ഒന്നാമത്തെ കാരണം. ഇതിനെ മറികടക്കാൻ മുതലാളിത്തം സ്വീകരിച്ച മൂലധനവികസന പാത അതിനേക്കാൾ ഗുരുതരമായ ചുഴലിയിൽ അകപ്പെട്ടു. ഇത് മുതലാളിത്തതിന്റെ ഒരു താൽകാലിക ചാക്രിക പ്രതിഭാസമോ പണപ്പെരുപ്പമോ ആയി നിസാരമായി കാണാൻ കഴിയില്ല. തിരുത്തൽവാദികൾക്കെതിരെയുള്ള സമരവും നമ്മുടെ കർത്തവ്യങ്ങളും, രാജ്യത്തിന്റെയും ദേശീയ ജനാധിപത്യത്തിന്റെയും വർഗ സ്വഭാവം, തിരുത്തൽ വാദികളും സോഷ്യലിസ്റ്റ് സഹായവും, തിരുത്തൽ വാദ രാഷ്ട്രീയ അടവുനയത്തിന്റെ ഗതികേട് തുടങ്ങിയ വിഷയങ്ങളാണുള്ളത്.
പൊളിറ്റ് ബ്യൂറോ, സെൻട്രൽ കമ്മിറ്റി എന്നിവയുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ എന്ന ഭാഗത്ത് പാർടി പ്രവർത്തനങ്ങളെ വിലയിരുത്തുന്നതോടൊപ്പം ബർദ്വാൻ പ്ലീനം, ഇടത് അനൈക്യം മൂലമുണ്ടായ തിരിച്ചടികൾ, സംസ്ഥാന കമ്മിറ്റിൾക്കുള്ള നിർദേശങ്ങൾ, ബഹുജന സമരങ്ങൾ, കർഷകസമരങ്ങൾ, വിദ്യാർഥി മുന്നണി, പാർടി പ്രസിദ്ധീകരണങ്ങൾ, 1964-68ലെ പാർടി അംഗത്വം, പാർടിയും ബഹുജനസംഘടനകളും തുടങ്ങിയ വിഷയങ്ങളും ഉൾക്കൊള്ളിച്ചു.
രാഷ്ട്രീയ പ്രമേയം
രാഷ്ട്രീയവും സാമ്പത്തികവുമായ വലിയ പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് എം ബസവ പുന്നയ്യ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. വർത്തമാനകാല ലോക സാഹചര്യങ്ങളും അതിന്റെ പുതിയ പ്രത്യേതകളും, ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയും അതിന്റെ കാരണങ്ങളും, വളർന്നു വരുന്ന രാഷ്ട്രീയ പ്രതിസന്ധിയും അതിന്റെ പ്രാധാന്യവും, ഐക്യജനാധിപത്യ പ്രസ്ഥാനം വളർത്തിക്കൊണ്ടുവരുന്നതിനുള്ള സമരങ്ങളും അതിനെ തകർക്കുന്നതിനുള്ള കോൺഗ്രസിന്റെ ഗൂഢാലോചനകളും, രാഷ്ട്രീയ പാർടികളും അവയുടെ പങ്കും, ജനകീയ സമരങ്ങളുടെ വേലിയേറ്റവും നമ്മുടെ പാർടിയുടെ ഉത്തരവാദിത്വങ്ങളും എന്നിങ്ങനെ ആറ് ഭാഗങ്ങളായിട്ടായിരുന്നു രാഷ്ട്രീയ പ്രമേയം.
ആറാംഭാഗത്ത് കേരളത്തിലും ബംഗാളിലും സിപിഐ എം നേതൃത്വത്തിലുള്ള ഐക്യ മുന്നണി സർക്കാരുകൾ രൂപീകരിച്ചത് വലിയ നേട്ടമായി ചൂണ്ടിക്കാട്ടി. കോൺഗ്രസിനുണ്ടായ തിരിച്ചടി മുതലെടുത്ത് വിവിധ മേഖലകളിൽ പാർടി ഏറ്റെടുക്കേണ്ട വിഷയങ്ങളും സൂചിപ്പിച്ചിരുന്നു. 30 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ ചില ഭേദഗതികളോടെയാണ് രാഷ്ട്രീയ പ്രമേയം അംഗീകരിച്ചത്.
പാർടി കോൺഗ്രസിനു സമാപനംകുറിച്ച് ദേശാഭിമാനി ജങ്‌ഷനിൽ നിന്നാണ് റെഡ്‌വളണ്ടിയർ മാർച്ചും റാലിയും ആരംഭിച്ചത്. രണ്ട് ലക്ഷം പേർ പ്രകടനത്തിലും അഞ്ച് ലക്ഷത്തിലധികം പേർ പൊതുയോഗത്തിലും പങ്കെടുത്തു. പി സുന്ദരയ്യ, ബസവപുന്നയ്യ, ജ്യോതിബസു, പ്രമോദ് ദാസ് ഗുപ്‌ത, ഇഎംഎസ്, എകെജി എന്നിവർ തുറന്ന ലോറിയിൽ സഞ്ചരിച്ചാണ് ജനങ്ങളെ അഭിവാദ്യം ചെയ്‌തത്. 28 അംഗ കേന്ദ്ര കമ്മിറ്റിയെയും സെക്രട്ടറിയായി പി സുന്ദരയ്യയെും പാർടി കോൺഗ്രസ് തെരഞ്ഞെടുത്തു. ഒമ്പത് അംഗങ്ങൾ ഉൾപ്പെട്ടതായിരുന്നു പൊളിറ്റ് ബ്യൂറോ.
പോളിറ്റ്‌ബ്യൂറോ
1. പി സുന്ദരയ്യ (ജനറൽ സെക്രട്ടറി)
2. എം ബസവപുന്നയ്യ
3. പി രാമമൂർത്തി
4. ഹർകിഷൻ സിങ്ങ് സുർജിത്
5. ജ്യോതിബസു
6. എ കെ ജി
7. ഇ എം എസ്
8. പ്രമോദ് ദാസ്‌ഗുപ്‌ത
9. ബി ടി രണദിവെ
0 comments