ഹിന്ദുത്വവാദത്തിനെതിരെ മുന്നറിയിപ്പ് | 17-ാം പാർടി കോൺഗ്രസ്


Research Desk
Published on Mar 28, 2025, 04:02 PM | 1 min read
ഇന്ത്യൻ മതനിരപേക്ഷതയ്‌ക്ക് കളങ്കമായി മാറിയ ഗുജറാത്ത് വംശഹത്യ, അമേരിക്കയിൽ നടന്ന ഭീകരാക്രമണം തുടങ്ങിയ ദേശീയ, സാർവദേശീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 17-ാം പാർടി കോൺഗ്രസ് 2002 മാർച്ച് 10 മുതൽ 24വരെ ഹൈദരാബാദിൽ നടന്നത്. ഹർകിഷൻ സിങ് സുർജിത് ഉദ്‌ഘാടനം ചെയ്‌തു. പ്രകാശ് കാരാട്ട് കരടുരാഷ്‌ട്രീയ പ്രമേയവും സീതാറാം യെച്ചൂരി കരടുരാഷ്‌ട്രീയ പ്രമേയത്തിനു ലഭിച്ച ഭേദഗതികളും അവതരിപ്പിച്ചു.
വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം അമേരിക്കൻ സാമ്രാജ്യത്വം സഖ്യകക്ഷികളെ കൂട്ടി അഫ്‌ഗാനിൽ നടത്തുന്ന അധിനിവേശയുദ്ധം പ്രധാന സാർവദേശീയ വിഷയമായി റിപ്പോർട്ട് വിശദീകരിച്ചു. ആഗോള സാമ്പദ്‌വ്യവസ്ഥയിലെ അതിരൂക്ഷമായ പ്രതിസന്ധിയുടെ ഭാരം മൂന്നാം ലോക രാജ്യങ്ങളുടെമേൽ കെട്ടിവയ്‌ക്കാൻ സാമ്രാജ്യത്വം ശ്രമിക്കുന്നുവെന്നും എന്നാൽ, ഇതിനെതിരെ ആഗോള തലത്തിൽ ചെറുത്തുനിൽപ്പ് ഉണ്ടാകുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞു.
കമ്യൂണിസത്തിന് എതിരായ പോരാട്ടമെന്ന ശീതയുദ്ധകാലത്തെ മുദ്രാവാക്യത്തിനു പകരം ഭീകരവാദത്തിന് എതിരായ പോരാട്ടമെന്നത് അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വത്തിന്റെ പുതിയ പോർവിളിയായി മാറി. ഇതിനെ നേരിടാൻ പുരോഗമന ജനാധിപത്യശക്തികൾ ഒരുമിക്കണമെന്നും റിപ്പോർട്ട് നിർദേശിച്ചു.
ബിജെപി സർക്കാർ മതനിരപേക്ഷ ആശയങ്ങൾക്കുമേൽ നിരന്തര കടന്നുകയറ്റം നടത്തുകയാണ്. ഭരണത്തിൽ ആർഎസ്‌എസ് നുഴഞ്ഞുകയറുന്നു. ന്യൂനപക്ഷങ്ങളെ ആക്രമിച്ച് തങ്ങളുടെ തനിനിറം പുറത്തുകാട്ടി. നവഉദാരവൽക്കരണ നയങ്ങൾ തുടരുകയാണ്. ഇന്ത്യയെ അമേരിക്കയുടെ സഖ്യശക്തിയാക്കി മാറ്റുന്നതിന് ഉദ്ദേശിച്ചുള്ള വിദേശനയമാണ് പിന്തുടരുന്നതെന്ന് വിലയിരുത്തുന്ന റിപ്പോർട്ടിൽ ഹിന്ദുത്വത്തിന്റെ ദീർഘകാല പദ്ധതിയെന്ന ഭാഗവുമുണ്ട്. ഉദാരവൽക്കരണത്തിന്റേതായ ഒരു ദശകം–വിനാശകരമായ സാമ്പത്തിക നയങ്ങൾ എന്ന ഭാഗവും ഉൾപ്പെടുത്തി.
രാഷ്‌ട്രീയ സംഘടനാ റിപ്പോർട്ടിലെ രാഷ്‌ട്രീയമെന്ന ഭാഗം സുർജിത്തും സംഘടന എന്ന ഭാഗം എസ് രാമചന്ദ്രൻപിള്ളയും അവതരിപ്പിച്ചു. രാഷ്‌ട്രീയനയം നടപ്പാക്കൽ, ഐക്യമുന്നണി അടവുകളെ അടിസ്ഥാനമാക്കി രാഷ്‌ട്രീയവും അടവുപരവുമായ നിലപാടിന്റെ അവലോകനം എന്നിവയായിരുന്നു ആദ്യഭാഗത്ത്. പാർടിയുടെയും അതിന്റെ സ്വാധീനത്തിന്റെയും വികസനം മുഖ്യകടമയാണെന്ന് പറയുന്നതാണ് റിപ്പോർട്ടിന്റെ രണ്ടാം ഭാഗം. 79 അംഗ കേന്ദ്ര കമ്മിറ്റിയെയും ജനറൽ സെക്രട്ടറിയായി ഹർകിഷൻ സിങ് സുർജിത്തിനെയും തെരഞ്ഞെടുത്തു. പിബിയിൽ 17 അംഗങ്ങളായിരുന്നു.
0 comments