പാർടി കോൺഗ്രസിലൂടെ

തിരുവനന്തപുരത്തെ ചുവപ്പിച്ച് പതിമൂന്നാം പാർടി കോൺഗ്രസ്

13th Party Congress
avatar
Research Desk

Published on Mar 26, 2025, 07:44 PM | 2 min read

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ആദ്യമായി പാർടി കോൺഗ്രസിന്‌ വേദിയായി എന്നതാണ്‌ പതിമൂന്നാം കോൺഗ്രസിന്റെ പ്രത്യേകത. കേരളത്തിൽ നടന്ന മൂന്നാമത്തെ കോൺഗ്രസും. എൽഡിഎഫ്‌ സർക്കാർ അധികാരത്തിലിരിക്കെ 1988 ഡിസംബർ 27 മുതൽ 1989 ജനുവരി ഒന്ന്‌ വരെയായിരുന്നു പാർടി കോൺഗ്രസ്‌. ജനറൽ സെക്രട്ടറി ഇ എം എസ് ഉദ്ഘാടനം ചെയ്‌ത്‌ കോൺഗ്രസിൽ - ബി ടി രണദിവെ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു.


അന്തർദേശീയ സ്ഥിതിഗതികൾ എന്ന ഒന്നാം ഭാഗത്ത് തിരിച്ചടികൾക്കിടയിലും അന്തർദേശീയരംഗത്ത് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും സമാധാനത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള ശക്തികൾക്കനുകൂലമായ ചില മാറ്റങ്ങൾ ദൃശ്യമാണെന്നു വിലയിരുത്തി. ദേശീയ സാഹചര്യം എന്ന ഭാഗത്ത് സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് കാർഷിക, വ്യാവസായിക സാമ്പത്തികരംഗത്ത് ഇന്ത്യ നേരിടുന്നതെന്ന് വിലയിരുത്തി. പന്ത്രണ്ടാം പാർടി കോൺഗ്രസിനുശേഷമുള്ള മാറ്റങ്ങൾ, ജനങ്ങളും ഭരണവർഗവും തമ്മിൽ വർധിച്ചുവരുന്ന വൈരുധ്യങ്ങൾ, സാമ്പത്തിക രംഗത്തെ പ്രതിസന്ധി, ഈ പ്രതിസന്ധിയുടെ ഭാരം വഹിക്കുന്ന ജനങ്ങളുടെ സ്ഥിതി, ഏകാധിപത്യ ആക്രമണങ്ങൾ, സാമാജ്യത്വവുമായുള്ള വൈരുധ്യങ്ങൾ, വിദേശനയം, ഇന്ത്യാ– ചൈന ബന്ധങ്ങൾ, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, വിഭജനവാദികളുടെയും വിഘടനവാദികളുടെയും ആക്രമണങ്ങളും കോൺഗ്രസ് (ഐ) നയങ്ങളും, വർഗീയ മതമൗലികവാദ ശക്തികളിൽ നിന്നുള്ള വിപത്ത്‌, ഇടത് ഐക്യം, ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുവേണ്ടിയുള്ള സമരം, പാർടി തുടങ്ങിയ കാര്യങ്ങളാണ് ഉൾപ്പെട്ടത്.


മൂന്നു ഭാഗങ്ങളായാണ്‌ രാഷ്ട്രീയ -സംഘടനാ റിപ്പോർട്‌. ഒന്നാം ഭാഗത്ത് അന്തർദേശീയ സ്ഥിതി ഗതികളും ദേശീയ സംഭവ വികാസങ്ങളും വിശദീകരിച്ചു. മൂന്നാം ഭാഗത്ത്‌ സാൽക്കിയ പ്ലീനത്തിന്‌ ശേഷമുള്ള മുന്നേറ്റങ്ങൾ, ഫെഡറലിസത്തിനെതിരെയുള്ള സമരങ്ങൾ, വളർച്ചയുടെ പ്രശ്നങ്ങൾ, വർഗ സാമൂഹിക ഘടന, തൊഴിലാളി വർഗഘടന, സംസ്ഥാന കമ്മിറ്റിഘടകങ്ങളുടെ പ്രവർത്തനം വിലയിരുത്തൽ, വിവിധ സംഘടനകളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉൾപ്പെട്ടു. റിപ്പോർടിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് ഇഎംഎസ് മറുപടി പറഞ്ഞു. രാഷ്ട്രീയ സംഘടനാ റിപ്പോർട്‌ നടപ്പാക്കുന്നതിന് സിസിയെചുമത്തലപ്പെടുത്തുന്ന പ്രമേയം പാർടി കോൺഗ്രസ്‌ അംഗീകരിച്ചു.


പാർടി ഭരണഘടനക്ക് നിർദേശിച്ച ഭേദഗതി അംഗീകരിച്ചു. ആർടിക്കിൾ 15ൽ ഖണ്ഡിക അഞ്ചിൽ ഉപഭാഗമായി സെൻട്രൽ കമ്മിറ്റി അംഗങ്ങൾക്കിടയിൽനിന്നും ഒരു സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുക്കേണ്ടതാണെന്നും അംഗങ്ങളുടെ എണ്ണം സിസിക്കു നിശ്ചയിക്കാവുന്നതാണെന്നും പൊളിറ്റ് ബ്യൂറോയുടെ മാർഗനിർദേശങ്ങൾക്കനുസരിച്ച് പാർടി സെന്ററിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും സെൻട്രൽ കമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കുന്നതിലും പിബിയെ സഹായിക്കുക എന്നതുമാണ് കർത്തവ്യങ്ങൾ എന്നുകൂടി ചേർത്തു. 70 അംഗ കേന്ദ്ര കമ്മിറ്റിയിൽ 66 പേരെ പാർടി കോൺഗ്രസ്‌ തെരഞ്ഞെടുത്തു. നാല്‌ ഒഴിവ്‌ പിന്നീട്‌ നികത്താനും തീരുമാനിച്ചു. ഇഎംഎസിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 12 പേർ ഉൾപ്പെട്ടതായിരുന്നു പി ബി.



deshabhimani section

Related News

0 comments
Sort by

Home