Deshabhimani

പാർടി കോൺഗ്രസിലൂടെ

സോഷ്യലിസ്റ്റ്‌ ചേരിക്ക്‌ തിരിച്ചടിയേറ്റഘട്ടം| പതിനാലാം പാർടി കോൺഗ്രസ്‌

CPIM 14th Party Congress
avatar
Research Desk

Published on Mar 27, 2025, 02:26 PM | 1 min read

സോവിയറ്റ്‌ യൂണിയന്റെ പതനത്തെ തുടർന്ന്‌ ലോകത്ത്‌ സോഷ്യലിസ്റ്റ്‌ ചേരി വലിയ തിരിച്ചടി നേരിട്ട കാലഘട്ടത്തിലാണ്‌ പതിനാലാം പാർടി കോൺഗ്രസ്‌ മദ്രാസിൽ നടന്നത്‌. 1992 ജനുവരി മൂന്നു മുതൽ ഒമ്പത്‌ വരെയായിരുന്നു പാർടി കോൺഗ്രസ്‌. ഇന്ത്യ നവ ഉദാരവൽകരണ– ആഗോളവൽക്കരണ നയം സ്വീകരിച്ചതും ഈ കാലഘട്ടത്തിലാണ്‌. ഇന്ത്യയിൽ കോൺഗ്രസിന്റെ ഏകകക്ഷി ഭരണം അവസാനിക്കുകയും ചെയ്‌തിരുന്നു.


സോഷ്യലിസ്റ്റ്‌ ശക്തികളും ദേശീയ വിമോചന മുന്നേറ്റങ്ങളും വർഗ പ്രസ്ഥാനങ്ങളും പ്രതിസന്ധി നേരിട്ട കാലമായിരുന്നു. നെൽസൺ മണ്ടേലയെ വിട്ടയച്ച്‌ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനെയും കമ്യൂണിസ്റ്റ്‌ പാർടിയെയും നിയമവിധേയമാക്കി. ചിലിയിൽ പിനാഷോയുടെ സർവാധിപത്യം തകർന്നതും പ്രതീക്ഷ നൽകി. ഇത്തരം സാർവദേശീയ സാഹചര്യം പാർടി കോൺഗ്രസിലെ രാഷ്‌ട്രീയ പ്രമേയം വിശദമായി ചർച്ച ചെയ്തു.

കോൺഗ്രസിന്‌ ഒറ്റക്ക്‌ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതെയിരുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചും ദിനംപ്രതി വഷളാകുന്ന ബാബറി മസ്‌ജിദ്‌ പ്രശ്‌നവുമെല്ലാം രാഷ്‌ട്രീയ പ്രമേയത്തിലെ ദേശീയ സാഹചര്യത്തിൽ വിശദീകരിച്ചു. ദേശീയ ഐക്യത്തിനെതിരായ ഭീഷണികൾ, ശക്തിപ്പെടുന്ന വർഗീയ വിപത്തുകൾ, ബിജെപിയുടെ നേട്ടങ്ങൾ, ആദിവാസികളുടെ അവകാശങ്ങൾക്ക്‌ വേണ്ടിയുള്ള സമരങ്ങൾ, വ്യാപകമാകുന്ന അഴിമതി, ഇടത്‌ ഐക്യം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്നിവ ചർച്ച ചെയ്‌തു.


രാഷ്‌ട്രീയ അവലോകന റിപ്പോർട്‌, പ്രത്യശാസ്‌ത്രപരമായ ചില പ്രശ്‌നങ്ങളിന്മേലുള്ള പ്രമേയങ്ങൾ, സംഘടനയെയും കർത്തവ്യങ്ങളെയും സംബന്ധിച്ച റിപ്പോർടും അവതരിപ്പിച്ചു. സോവിയറ്റ്‌ യൂണിയന്റെ തകർച്ച പ്രതിപാദിക്കുന്ന ‘പ്രത്യശാസ്‌ത്രപരമായ ചില പ്രശ്‌നങ്ങളിന്മേലുള്ള പ്രമേയ’ത്തിൽ മാർക്‌സിസം– ലെനിനിസത്തിലുള്ള വിശ്വാസം പാർടി ആവർത്തിച്ച്‌ ഉറപ്പിച്ചു. തൊഴിലാളി സർവാധിപത്യം, ഈ സംഭവ വികാസങ്ങളുടെ ലോക പ്രത്യാഘാതം എന്നീ ഭാഗങ്ങളുമാണുണ്ടായിരുന്നത്‌.


പാർടി പരിപാടി കാലോചിതമായി പരിഷ്‌കരിക്കുന്നതിനായി കമീഷനെ നിശ്ചയിക്കാൻ കേന്ദ്ര കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഈ റിപ്പോർട്‌ പ്രത്യേക സമ്മേളനം വിളിച്ച്‌ ചർച്ച ചെയ്യണമെന്നും നിർദേശിച്ചു. പാർടി ഭരണഘടനയിലെ ആർടിക്കിൾ 18ൽ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും കൺട്രോൾ കമീഷൻ എന്ന ഭാഗത്തിന്‌ നിർദേശിച്ച ഭേദഗതി അംഗീകരിച്ചു. 62 അംഗങ്ങൾ അടങ്ങിയതായിരുന്നു കേന്ദ്ര കമ്മിറ്റി. ജനറൽ സെക്രട്ടറിയായി ഹർകിഷൻ സിങ്‌ സുർജീതിനെ തെരഞ്ഞെടുത്തു. പിബിയിൽ 17 അംഗങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Home