പാർടി കോൺഗ്രസിലൂടെ
വർഗീയതയ്‌ക്കെതിരെ ചെറുത്തുനിൽപ്പ്| പന്ത്രണ്ടാം പാർടി കോൺഗ്രസ്


Research Desk
Published on Mar 26, 2025, 04:23 PM | 2 min read
രാജ്യം പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ നേരിട്ടുകൊണ്ടിരിക്കെയാണ് പന്ത്രണ്ടാം പാർടി കോൺഗ്രസ് 1985 ഡിസംബർ 25 മുതൽ 30 വരെ കൊൽക്കത്തയിൽ നടന്നത്. ഉദ്ഘാടന പ്രസംഗത്തിൽ ജനറൽ സെക്രട്ടറി ഇ എം എസ് ഛിദ്ര ശക്തികൾക്കും ഏകാധിപത്യ പ്രവണതകൾക്കുമെതിരെ ഐക്യം വളർത്തിയെടുക്കുക, ജനവിരുദ്ധ നയങ്ങൾ, സംവരണത്തിന്റെ പ്രശ്നങ്ങൾ, വിശാല ഐക്യം, ഇടത് ഐക്യം എന്നീ വിഷയങ്ങളിലാണ് ഊന്നിയത്.
പഞ്ചാബ് പ്രശ്നം രൂക്ഷമായപ്പോൾ സൈന്യം നടത്തിയ ബ്ലൂസ്റ്റാർ ഓപ്പറേഷൻ പ്രശ്നം കൂടുതൽ വഷളാക്കാനേ ഇടയാക്കു എന്ന പാർടി നിലപാട് പിന്നീട് ശരിയാണെന്ന് തെളിഞ്ഞതായി ബി ടി രണദിവെ അവതരിപ്പിച്ച രാഷ്‌ട്രീയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. വർഗീയ ശക്തികളുടെ വളർച്ചയും അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റിയും പാർടി വിലയിരുത്തി. രാമജന്മഭൂമി വിഷയത്തിലൂടെ ഹിന്ദുത്വ വർഗീയവാദികളും വിദേശ സഹായത്തോടെ ഇസ്ലാമിക മൗലികവാദവും അപടകരമാംവിധം വളരുകയാണെന്ന് പ്രമേയത്തിൽ വിശദമാക്കിയിരുന്നു. സമാധാനത്തിനുവേണ്ടിയുള്ള സമരം, ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ, ജനാധിപത്യത്തിന്റെ തകർച്ച, വിശാല ഐക്യം എന്നി വിഷയങ്ങളെപ്പറ്റി സൂചിപ്പിച്ചു കൊണ്ട് അന്തർദേശീയ സാഹചര്യങ്ങളെക്കുറിച്ചും പ്രമേയം വിശദീകരിച്ചു.
പാർടി ജനറൽ സെക്രട്ടറി ഇഎംഎസ് മൂന്നു ഭാഗങ്ങളായുള്ള സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഒന്നാം ഭാഗത്ത് പാർടി നയങ്ങളുടെ അവലോകനവും രണ്ടാം ഭാഗം സംഘടനയും മൂന്നാംഭാഗം വർഗബഹുജന സംഘടനകളെ സംബന്ധിച്ചുമാണ്. പതിനൊന്നാം പാർടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ സമകാലീന പശ്ചാത്തലത്തിൽ നയങ്ങളുടെ പരിശോധനയാണ് റിപ്പോർടിലുണ്ടായിരുന്നത്. ഇന്ദിരാഗാന്ധിയുടെ വധവും അതിനുശേഷവും, ജനാധിപത്യത്തിന്റെ കാവലാളായ ഇടതുപക്ഷ സർക്കാരുകൾ, ബഹുരാഷ്ട്ര കുത്തക കമ്പനികളും സംയുക്ത സംരംഭങ്ങളും, ഇടതുപക്ഷ ഐക്യത്തിനു വേണ്ടിയുള്ള സമരങ്ങൾ, ഇടതു ജനാധിപത്യ ബദലിനുള്ള സമരങ്ങൾ എന്നീ വിഷയങ്ങളാണ് ആദ്യ ഭാഗത്തുള്ളത്. പാർടി ഏറ്റെടുക്കേണ്ട അടിയന്തര കർത്ത്യവങ്ങൾ സൂചിപ്പിച്ചാണ് റിപ്പോർട്ട് അവസാനിക്കുന്നത്.
പാർടി ഭരണഘടനയ്‌ക്ക് നിർദേശിച്ച ഭേദഗതികൾ അംഗീകരിച്ചു. കരട് രാഷ്‌ട്രീയ സംഘടനാ റിപ്പോർടിനെ സംബന്ധിച്ച് ചച്ചയിൽ ഉയർന്ന വിശകലനങ്ങൾ പരിശോധിച്ച് അതിന് അംഗീകാരം നൽകാൻ പുതിയ കേന്ദ്ര കമ്മിറ്റിയെ ചുമത്തലപ്പെടുത്തി. ദേശീയ വിമോചന പോരാട്ടങ്ങളോട് ഐക്യദാർഢ്യം, വനിതകൾക്ക് തുല്യപദവി നൽകൽ, ഇറാനിലെ അടിച്ചമർത്തലുകൾ, ശ്രീലങ്കൻ തമിഴരെ സംബന്ധിച്ച്, ഭോപ്പാൽ വിഷവാതക ദുരന്തം തുടങ്ങിയ പ്രമേയങ്ങളും കോൺഗ്രസ് അംഗീകരിച്ചു. 70 അംഗ കേന്ദ്ര കമ്മിറ്റിയിലേക്ക് 66 പേരെ പാർടി കോൺഗ്രസ് തെരഞ്ഞെടുത്തു. നാല് പേരെ പിന്നീട് കോപ്‌റ്റ് ചെയ്യാൻ തീരുമാനിച്ചു. ജനറൽ സെക്രട്ടറിയായി ഇഎംഎസിനെ തെരഞ്ഞെടുത്തു. 10 അംഗങ്ങൾ ഉൾപ്പെട്ടതായിരുന്നു പി ബി.
0 comments