Deshabhimani

പാർടി കോൺഗ്രസിലൂടെ

10-ാം കോൺഗ്രസ്: അടിയന്തരാവസ്ഥയ്‌ക്ക്‌ പിന്നാലെ

cpim-10th-party-congress jalandhar
avatar
Research Desk

Published on Mar 25, 2025, 10:53 AM | 2 min read

മധുരയിൽ നടന്ന ഒമ്പതാം പാർടി കോൺഗ്രസ് കഴിഞ്ഞ് ആറ് വർഷത്തിനുശേഷമാണ് 10-ാം കോൺഗ്രസ് 1978 ഏപ്രിൽ രണ്ട്‌ മുതൽ എട്ട്‌ വരെ പഞ്ചാബിലെ ജലന്ധറിൽ ചേർന്നത്. രാജ്യത്തെ പ്രത്യേക സാഹചര്യങ്ങളാണ്‌ പാർടി കോൺഗ്രസ്‌ ചേരുന്നത്‌ വൈകാൻ ഇടയാക്കിയത്‌. രാജ്യത്ത്‌ ഭരണം കയ്യാളിയിരുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ഏകാധിപത്യപ്രവണതകൾ ശക്തിപ്പെടുകയും 1975 ജൂൺ 25ന് ഇന്ദിരാഗാന്ധിസർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്‌തു. 1977-ലാണ്‌ അടിയന്തരാവസ്ഥ പിൻവലിച്ചത്‌. അക്കൊല്ലം മാർച്ചിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തൂത്തെറിഞ്ഞ്‌ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ജനതാ പാർടി സർക്കാർ അധികാരത്തിലെത്തി. ഈ സവിശേഷ കാലഘട്ടത്തിലാണ്‌ പാർടി കോൺഗ്രസ്‌ ചേർന്നത്‌.


ഇക്കാലയളവിലെ രാഷ്ട്രീയനയ പരിപാടികളെപ്പറ്റി എം ബസവപുന്നയ്യ അവലോകന റിപ്പോർട്ടവതരിപ്പിച്ചു. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഏകകക്ഷി ഭരണത്തിന് അറുതി വരുത്തിയത്‌ പ്രധാന രാഷ്‌ട്രീയ മാറ്റമായി റിപ്പോർട്ട്‌ വിലയിരുത്തി. രാഷ്‌ട്രീയ സമീപനം അടിസ്ഥാനപരമായി ശക്തമാണ്‌; യോജിച്ച പ്രവർത്തനം, ഇടതു ജനാധിപത്യശക്തികളുടെ ഐക്യം, ഏകാധിപത്യത്തിനുള്ള പ്രവണതകളും കൂട്ടുകക്ഷികളെ തേടലും, സംഘർഷഷങ്ങളും വൈരുധ്യങ്ങളും അവഗണിച്ചു പ്രതിരോധ മുന്നേറ്റത്തിനുള്ള പാർടിയുടെ സംഭാവന, 1977 മാർച്ചിലെ തെരഞ്ഞെടുപ്പും പാർടിയുടെ രാഷ്ട്രീയ നിലപാടും എന്നീ വിഷയങ്ങളും ചർച്ച ചെയ്‌തു.


വിയറ്റ്‌നാം ലാവോസിലും കമ്പൂച്ചിയയിലും ജനങ്ങൾ അമേരിക്കക്കെതിരെ നേടിയ വിജയം കാലഘട്ടത്തിലെ ഏറ്റവും വലിയ നേട്ടമായി രാഷ്‌ട്രീയ പ്രമേയം വിലയിരുത്തി. ചിലിയിൽ സാമ്രാജ്യത്വശക്തികൾ അവരുടെ ഏജന്റുമാരിലൂടെ അലൻഡെ സർക്കാരിനെ തകിടം മറിച്ച് ഫാസിസത്തെ പ്രതിഷ്‌ഠിച്ചത്‌, ബംഗ്ലാദേശിൽ മുജീബുർ റഹ്മാൻ വധം, തായ്‌‌ലന്റിൽ തുടർച്ചയായി നടക്കുന്ന പട്ടാളഅട്ടിമറി ശ്രമങ്ങൾ എന്നിവയും രാഷ്‌ട്രീയ പ്രമേയത്തിന്റെ ഭാഗമായി.


അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളോടുള്ള രോഷം ജനങ്ങൾ പ്രകടിപ്പിച്ചത്‌ മൂന്നു പതിറ്റാണ്ടിലെ കോൺഗ്രസ്‌ ഭരണകുത്തക അവസാനിപ്പിച്ചാണ്‌. സകല പൗരാവകാശങ്ങളും ഹനിക്കപ്പെട്ടപ്പോഴും ജനങ്ങൾ ത്യാഗ നിർഭരമായ ചെറുത്ത്‌ നിൽപ്പാണ്‌ നടത്തിയത്‌. ഇതിന്റെ ഭാഗമായി പാർടി സംസ്ഥാന– ജില്ലാതലങ്ങളിൽ നിരവധി സമരങ്ങൾ സംഘടിപ്പിച്ചു. സംഘർഷങ്ങൾ തുടരും, വിശാലവേദി, വർഗശക്തികളുടെ പരസ്‌പര ബന്ധം, സാമ്പത്തിക പ്രതിസന്ധി, ജനങ്ങളുടെമേലുള്ള ആക്രമണം, ലോകബാങ്കിന്റെ വർധിച്ചുവരുന്ന പങ്ക്, അപകടകരമായ പുതിയ സംഭവവികാസം, ജനത പാർടിയുടെ സാമ്പത്തിക നയം, സംസ്ഥാനങ്ങൾക്ക് സ്വയംഭരണാധികാരം, ഇടതുജനാധിപത്യ മുന്നണി രൂപീകരണത്തിൽ ഇടതുപക്ഷത്തിന്റെയും ജനാധിപത്യശക്തികളുടെയും പങ്ക്, ഐക്യജനകീയ ഇടപെടലുകൾ, തൊഴിലാളി സംഘടനാ ഐക്യവും, കർഷകപ്രസ്ഥാനം, രാഷ്ട്രീയ പാർടികൾ, പാർടിയുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ പ്രമേയത്തിൽ വിശദീകരിച്ചു.


പാർടി പ്ലീനത്തെപ്പറ്റി ഇഎംഎസ് പ്രത്യേക പ്രമേയം അവതരിപ്പിച്ചു. പാർടി സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനെപ്പറ്റി ചർച്ച ചെയ്യുന്നതിന് 1978 വർഷാവസാനത്തിനുമുമ്പ് പ്രത്യേക പ്ലീനം ചേരാൻ പി ബിയെയും സിസിയെയും ചുമതലപ്പെടുത്തി. 44 അംഗ കേന്ദ്ര കമ്മിറ്റിയെയും സെക്രട്ടറിയായി ഇ എം എസിനെയും പാർടി കോൺഗ്രസ്‌ തെരഞ്ഞെടുത്തു. 11 അംഗങ്ങളായിരുന്നു പിബിയിൽ.





deshabhimani section

Related News

View More
0 comments
Sort by

Home