29 May Friday

മമത വെറും വിഗ്രഹമല്ല

ശതമന്യു Monday Jun 17, 2019

മമത മാർക്സിസ്റ്റുകാരെ തലങ്ങുംവിലങ്ങും കൊന്നുതള്ളുമ്പോൾ  ബംഗാളിൽ ജനാധിപത്യത്തിന്റെ പുതുവസന്തം ആയിരുന്നു. മൂന്ന‌്‌ പതിറ്റാണ്ടുകാലത്തെ മാർക്സിസ്റ്റ് ഭരണത്തിന് വിരാമംകുറിച്ച് ജനാധിപത്യത്തേരിലേറി ജൈത്രയാത്ര നടത്തുന്ന ഝാൻസി റാണി എന്നാണ‌്    മമത ബാനർജി വിശേഷിപ്പിക്കപ്പെട്ടത്.  തൃണമൂൽ കോൺഗ്രസ‌് നടത്തിയ  കൂട്ടക്കശാപ്പുകൾ  മറച്ചുവച്ചു  ഘോരഘോരം പ്രസംഗിച്ചത് മാർക്സിസ‌്റ്റ‌് യുഗത്തിന്റെ അന്ത്യത്തെക്കുറിച്ചാണ്. മാർക്സിസ്റ്റ് പാർടിക്ക് ബംഗാൾ നഷ്ടപ്പെട്ടതായിരുന്നു ആഘോഷം. അവിടെ നടന്നത് ജനാധിപത്യക്കുരുതിയാണ്; മാനവികതയ്ക്കുനേരെയുള്ള കടന്നാക്രമണമാണ്  എന്നൊന്നും ആരും  കണ്ടതുമില്ല; പറഞ്ഞതുമില്ല.  മമത  ഏത് ആയുധംകൊണ്ടാണോ  സിപിഐ എമ്മിനെ ആക്രമിച്ചത‌്, അതേ ആയുധം  ബിജെപി മമതയ്‌ക്കെതിരെ പ്രയോഗിക്കുന്നതാണ് കൊൽക്കത്തയിൽനിന്നുള്ള പുതിയ വാർത്ത.  മനോരമ പറയുന്നത് നോക്കുക:  "ഗ്രാമീണ ബംഗാളിൽ കമ്യൂണിസ്റ്റുകൾ യാഥാർഥ്യമാക്കിയ ജാതിരഹിത മതനിരപേക്ഷസമൂഹം പെട്ടെന്ന് ഇല്ലാതായിരിക്കുന്നു. ലോക‌്സഭാ തെര‍ഞ്ഞെടുപ്പിൽ ബംഗാൾ വോട്ടുചെയ്തത് ജാതി അടിസ്ഥാനത്തിലല്ല, മതാടിസ്ഥാനത്തിലായിരുന്നെങ്കിലും ജാതി ഇവിടെ തിരിച്ചെത്തിയിരിക്കുന്നു.’

പ്രമുഖ സിപിഐ എം നേതാവിന്റെ വാക്കുകളും മനോരമ ഉദ്ധരിക്കുന്നുണ്ട്: ‘ഹിന്ദുത്വരാഷ്ട്രീയത്തെയും മുസ്ലിംലീഗ് പോലുള്ള പാർടികളെയും ബംഗാളിൽ വളരാൻ അനുവദിക്കാതിരുന്നത് ഞങ്ങളുടെ ഫലപ്രദമായ ശ്രമങ്ങൾകൊണ്ടായിരുന്നു. അതുണ്ടായിരുന്നില്ലെങ്കിൽ ബംഗാൾ, വിഭജനത്തെ അതിജീവിക്കില്ലായിരുന്നു.’
ബംഗാൾ കൈവിട്ടുപോകുകയാണ്. അവിടെ വർഗീയത വിളയുകയാണ്. ജനാധിപത്യം കുഴിച്ചുമൂടപ്പെടുകയാണ്. ത്രിപുരയിലും മറ്റൊന്നല്ല സംഭവിച്ചത്. അവിടെ ഉണ്ടായത് യഥാർഥ ജനവിധി അല്ല. ആസൂത്രിതമായി പണം, ആയുധം, അധികാരം, വർഗീയത  എന്നിവ ഉപയോഗിച്ചുള്ള ജനാധിപത്യക്കശാപ്പ് ആണ്. പരാജയപ്പെട്ടത് കമ്യൂണിസ്റ്റുകാരായതിനാൽ   ജനാധിപത്യധ്വംസനം ആരും കണ്ടില്ല. ഏറ്റവുമൊടുവിൽ ബിജെപിയുടെ നേതൃയോഗത്തിലും  അമിത് ഷാ പറഞ്ഞത് കേരളം പിടിക്കുന്നതിനെക്കുറിച്ചാണ് . ഇനി സിപി ഐ എമ്മിന് ശക്തിയുള്ള ഒരു സംസ്ഥാനം കേരളമാണ്.  ഇന്ത്യാരാജ്യത്തെ   ചെറിയ സംസ്ഥാനമായ കേരളത്തെക്കുറിച്ച്  ആഭ്യന്തരമന്ത്രികൂടിയായ ബിജെപി അധ്യക്ഷന് ഇത്രയേറെ വേവലാതി എന്തിന‌് എന്ന് ചിന്തിച്ചു നോക്കുക.  കേരളം പിടിച്ചാലേ അമിത് ഷായ്ക്ക് തൃപ്തിയാകൂ എന്നുണ്ടെങ്കിൽ കേരളത്തിന് എന്തോ പ്രത്യേകത വേണം. ആ പ്രത്യേകത ഇടതുപക്ഷമാണ്. ഇടതുപക്ഷത്തെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽനിന്ന് മാറ്റിനിർത്തുക എന്നത് അമിത‌്‌ ഷായുടെയും ബിജെപിയുടെയും അതിനെ നയിക്കുന്ന ആർഎസ്എസിന്റെയുംമാത്രം താല്പര്യമല്ല. അത് കോൺഗ്രസിന്റെകൂടി താൽപ്പര്യമാണ്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വംപോലും അത്തരമൊരു ലക്ഷ്യം മുന്നിൽക്കണ്ടാണ് എന്ന് വിശകലനം വന്നിട്ടുണ്ട്.

കമ്യൂണിസ്റ്റുകാരെ ഏറ്റവും കൂടുതൽ വെറുക്കുന്നത്  വർഗീയശക്തികൾ മാത്രമല്ല; അവരെയും നയിക്കുന്ന കോർപറേറ്റുകൾകൂടിയാണ്. രാജ്യം കോർപറേറ്റുകൾക്ക് തീറെഴുതുന്നതിൽ കോൺഗ്രസും ബിജെപിയും അണ്ണൻതമ്പിമാരാണ്. ഇരുകൂട്ടർക്കും അളവറ്റ  പണം കിട്ടുന്നത് പ്രധാനമായും കോർപറേറ്റുകളിൽനിന്നാണ്.   കോർപറേറ്റ് അനുകൂലനയം അഥവാ നടപടി ബിജെപി ഗവൺമെന്റ‌് കൊണ്ടുവന്നാൽ കോൺഗ്രസിൽനിന്ന് എതിർപ്പ് ഉണ്ടാകില്ല. കോൺഗ്രസ് കൊണ്ടുവന്നപ്പോൾ ബിജെപിയും എതിർത്തിരുന്നില്ല. കോർപറേറ്റുകളെ സന്തോഷിപ്പിക്കുന്നത് ഇരുകൂട്ടരുടെയും സംയോജിത  അജൻഡയാണ്.   കോർപറേറ്റ് താല്പര്യങ്ങൾക്കെതിരെ നിൽക്കുന്ന ഇടതുശക്തികളെ തുടച്ചുനീക്കുന്നതും  ഇരുകൂട്ടരുടെയും പൊതുതാല്പര്യം ആകുന്നു. വർഗീയതയുടെ കാര്യത്തിലും കോൺഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം അജഗജാന്തരം എന്നു പറയാവുന്ന അത്ര  വലുതല്ല. ഇരുവരും  വർഗീയപ്രീണനം നടത്തുന്നു.

മമത ബാനർജിയും ഇതുപോലെ ഒരു ചട്ടുകം ആയിരുന്നു. അവരെക്കൊണ്ട് ഇനി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. കാരണം അവിടെ സിപിഐ എമ്മിനെ  ആക്രമിച്ച‌് ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യം അവർ പൂർത്തിയാക്കിക്കഴിഞ്ഞു. ഇനി  മമത ഇല്ലാത്ത  ബംഗാൾ ഉണ്ടാക്കാൻ   ബിജെപിക്ക‌് വലിയ പ്രയാസമില്ല.  സ്വന്തം  സ്വഭാവമഹിമകൊണ്ട് ബംഗാളിലെ ജനങ്ങളെ മമത അത്രയേറെ സന്തോഷിപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷത്തുനിന്ന് ന്യൂനപക്ഷങ്ങളെ അടർത്തിയെടുത്തും  അക്രമത്തിലൂടെ ഇടതുപാർടികളെ  കീഴ്പ്പെടുത്തിയും  തെരഞ്ഞെടുപ്പ് പ്രഹസനമാക്കിയും നേടിയ സാമ്രാജ്യം ഒരു ദശാബ്ദം പൂർത്തിയാകുംമുമ്പ്  നഷ്ടപ്പെടുകയാണ് മമതയ്ക്ക്. നേരത്തെ സിപിഐ എം ഓഫീസുകളാണ് തൃണമൂൽ കോൺഗ്രസ് പിടിച്ചെടുത്തിരുന്നതെങ്കിൽ ഇന്ന്  തൃണമൂൽ ഓഫീസുകളിൽ ബിജെപി കൊടി കെട്ടുകയാണ്. മമത ബിജെപിയെ കൊല്ലുമ്പോൾ ബിജെപി തിരിച്ചുകൊല്ലുന്നു. മനോരമ പറയുംപോലെ വീണുടയുന്ന നായികാ സങ്കല്പം എന്ന പൈങ്കിളിക്കഥയല്ല ബംഗാളിന്റേത്. ഇടതുപക്ഷ വിരോധവും വേട്ടയും ജനാധിപത്യത്തെ എങ്ങനെ തകർക്കും എന്നതിന്റെ നേർചിത്രമാണ്.              

രണ്ടില  ഞെട്ടിൽനിന്നടർന്ന‌്  രണ്ട് ഇലയായി മാറിയെന്നാണ് ഒടുവിലത്തെ വാർത്ത. പിതാവിന്റെ  ചെയർമാൻ കസേരയിൽ മകൻ കയറി ഇരുന്നിട്ടുണ്ട്. വർക്കിങ് ചെയർമാൻ മിക്കവാറും യഥാർഥ ചെയർമാനായി വേറെ പാർടി ഉണ്ടാക്കാനുള്ള സാധ്യത തെളിയുന്നു.  വളരുന്തോറും പിളരും എന്നായിരുന്നു പിതാവിന്റെ സൂക്തം എങ്കിൽ ഇപ്പോൾ തളർന്നുകിടക്കുകയാണ്.  ഒരു ആശ്വാസം ഉള്ളത് തർക്കങ്ങളിൽ  ഈ നിമിഷംവരെ രാഷ്ട്രീയം എന്ന വസ്തു കടന്നുകൂടിയിട്ടില്ല  എന്നതാണ്.  ആര്  ചെയർമാൻ, ആര്   നിയമസഭാകക്ഷിനേതാവ് , ആർക്ക് കാർ, ആർക്ക് കസേര   എന്ന തർക്കത്തിന് അപ്പുറമുള്ള മാനം ഒന്നും  കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് വിശേഷങ്ങളിൽ ഇല്ല. അത് ഉണ്ടാകാത്ത കാലത്തോളം  അങ്ങോട്ട് നോക്കുന്നതിൽ വലിയ കാര്യവുമില്ല.

 Top