21 March Thursday

ഉപ്പുതിന്നവർ വെള്ളം കുടിക്കും

ശതമന്യു Monday Sep 24, 2018തെളിവെവിടെ, തെളിവെവിടെ എന്ന് ചോദിച്ചു ജനങ്ങൾക്കുമുന്നിൽ കൈമലർത്തിനിന്നിട്ടില്ല. തെളിവുകൾ മുക്കിയിട്ടില്ല.  തെളിവില്ലാതെ ജനങ്ങളെ ബോധ്യപ്പെടുത്താൻ എന്തെങ്കിലും കാട്ടിക്കൂട്ടിയിട്ടുമില്ല.  കൃത്യമായ തെളിവ് ശേഖരിച്ച‌് കുറ്റവാളിയെ പൂട്ടേണ്ട തരത്തിൽ പൂട്ടി. ബിഷപ‌് കന്യാസ്ത്രീയെ ബലാത്സംഗംചെയ്‌താലും പിണറായി സർക്കാരിന്റെ കുറ്റം എന്ന് അലമുറയിട്ടവരൊക്കെ ഏതോ മാളത്തിലാണ്. മഹാനടനായാലും പുരോഹിതപ്രമുഖനായാലും മുനിയായാലും മുക്രിയായാലും സ്ത്രീകൾക്കുനേരെ മുക്രയിട്ടാൽ പിടിച്ചുകെട്ടും എന്നതാണ് പുതിയ കാലത്തെ പൊലീസ‌് നയം. അത് ഇടതു പക്ഷത്തിന്റെ നയമാണ്. ആ നയം ഉൾക്കൊള്ളാൻ പ്രയാസമുള്ളവരെ കുറ്റം പറയരുത്. അവർ അവസാനം വായിച്ച നോവലിന്റെ പേര്  'സോളാർ കാലത്തെ ഇളക്കങ്ങൾ’ എന്നാണ്.

മനഃസാക്ഷിയുടെ കോടതിയിലായിരുന്നു സോളാർ കാലത്തെ കേസ് നടത്തിപ്പ്.  ഉപ്പുതിന്നവർ അന്ന് നല്ല കുലുക്കി സർബത്താണ് കുടിച്ചത്. അന്ന് കാലുതടവിച്ചതും രാപകൽഭേദമില്ലാതെ പ്രണയപാരവശ്യത്തിൽ ഒഴുകിനടന്നവരും പ്രണയത്തിന‌്  പ്രതിഫലമായി കനോലി കനാൽ മുതൽ കല്ലായി പാലം വരെ വാഗ്ദാനംചെയ‌്തവരും യുഡിഎഫിന്റെ അടുക്കളയിലും തട്ടിൻപുറത്തും നടുമുറ്റത്തുമൊക്കെ ഇപ്പോഴും ഉണ്ട്. അതുകൊണ്ട് ബിഷപ്പിനെ സർക്കാർ സംരക്ഷിക്കുന്നു എന്ന് പറയുമ്പോൾ 'അത് പുതിയ കാര്യമല്ലല്ലോ’ എന്ന് ആർക്കും തോന്നിപ്പോകും. സർക്കാർ മാറി എന്ന ബോധ്യമില്ലെങ്കിൽ ഉറപ്പായും ആ തോന്നലുണ്ടാകും. 

അതുകൊണ്ടാണ്, ബിഷപ്പിന്റെ അറസ്റ്റിനായി കന്യാസ‌്ത്രീകൾ സമരം ചെയ്തപ്പോൾ പന്തലിനുചുറ്റും തേനീച്ചകളെ പോലെ ചില ജന്മങ്ങൾ എത്തിയത്. അവർക്ക‌് കുറ്റവാളിയുടെ അറസ്റ്റ‌് അല്ല വേണ്ടത‌്.  ഉമ്മൻചാണ്ടി ഭരണത്തിൽ സമാന സംഭവങ്ങളുണ്ടായപ്പോൾ ഈ സംഘത്തിലെ ആരെയും ഒരു സമരപ്പന്തലിലും കണ്ടതല്ല. 'സമരം ചെയ്യാനുണ്ടോ’ എന്ന വിളിയുമായാണ് നീലകണ്ഠന്റെ ഇപ്പോഴത്തെ നടപ്പ്. സ്വന്തമായി ഒരു പാർടിയുണ്ടെങ്കിലും അതിനുവേണ്ടി പ്രത്യേക ജോലിയൊന്നും ചെയ്യാനില്ല. കുത്തിത്തിരിപ്പിൽ ബിരുദമെടുത്ത സകലരും  ആ പന്തലിനുചുറ്റും വട്ടംകറങ്ങി. സ്വന്തം കൂട്ടത്തിലെ ഒരു പെൺകുട്ടി, താൻ സഹപ്രവർത്തകനാൽ പീഡിപ്പിക്കപ്പെട്ടു എന്ന് വിളിച്ചു പറഞ്ഞത് കേട്ട ഭാവം നടിക്കാതെ പീഡകരക്ഷാ പ്രവർത്തനത്തിനിറങ്ങിയവരും അനാക്രി വേഷത്തിൽ 'സമര സജ്ജരാ’യിരുന്നു. തങ്ങളെ രക്ഷിക്കേണ്ട പുരോഹിതപ്രമുഖൻ പീഡകനായപ്പോൾ അന്തംവിട്ട‌്,  ഉമ്മൻചാണ്ടിയുടെ കാലത്തെന്നപോലെ സ‌്ത്രീകൾക്ക‌് നീതി നിഷേധിക്കപ്പെടും എന്ന് ഭയന്നാണ് കന്യാസ‌്ത്രീകൾ സമരത്തിനിറങ്ങിയത്. അവരുടെ സമരം മറയാക്കി, അവരെ തെറ്റിദ്ധരിപ്പിച്ച‌് സർക്കാർ വിരുദ്ധ അജൻഡ നടപ്പാക്കാനാണ്  നീലകണ്‌ഠരും ഭാഗവതരും അമാനവരും അനാക്രികളും   അരാജക പ്രമുഖരും ഒടുവിൽ മഹിളാ കോൺഗ്രസിന്റെ ലതിക സുഭാഷും രംഗത്തിറങ്ങിയത്.

കേസ് കേസിന്റെ വഴിക്കുപോയി.   ഫ്രാങ്കോയുടെ അറസ്റ്റിന് ആരെയാണ് അഭിവാദ്യംചെയ്യേണ്ടത് എന്ന് ചോദിച്ചുവന്ന ഉത്തമൻമാർ സങ്കടത്തിലാണ്.   അഭിവാദ്യംവേണ്ടത് പൊലീസിനുതന്നെയാണ്. സമരം നടന്നാലും ഇല്ലെങ്കിലും കുറ്റവാളി പിടിക്കപ്പെടും എന്ന് മനസ്സിലാക്കാൻ കോൺഗ്രസിന്റെ  ഭരണകാലത്തേക്കല്ല നോക്കേണ്ടത്. പിണറായി വിജയൻ മുഖ്യമന്ത്രിയായ കാലത്തേക്കുതന്നെയാണ്. ദിലീപ് എന്ന ജനപ്രിയനടൻ പ്രതിയായപ്പോൾ, അറസ്റ്റുണ്ടാകില്ല, കേസ് തേച്ചു മാച്ചു കളയാൻ പോകുന്നു എന്ന് പറഞ്ഞവർ ഇപ്പോൾ എവിടെയാണോ എന്തോ! വൈകുന്നേരങ്ങളിൽ നാലും അഞ്ചും ആളുകളെ ക്ഷണിച്ചിരുത്തി,  അറസ്റ്റ‌് അകലെയോ, ബിഷപ്പിന‌് പിടിവള്ളിയോ, അടിയറവുപറഞ്ഞോ അന്വേഷണ ഉദ്യോഗസ്ഥൻ,  തെരുവിലെ ഐക്യം വഴിത്തിരിവാകുമോ, തെരുവിലിറങ്ങിയാലും നീതി അകലെയോ എന്നിങ്ങനെയുള്ള തലക്കെട്ടുകൾ നിരത്തി ചർച്ച നയിക്കുകയായിരുന്നു. ഈ  മഹാന്മാരൊക്കെ ഇപ്പോഴും വൈകിട്ടെന്താ പരിപാടി എന്ന് ചോദിച്ച‌് അലഞ്ഞുനടക്കുന്നുണ്ട്. ഇവർക്ക‌് ഇതുവരെ ജനങ്ങളെ മനസ്സിലായിട്ടില്ല എന്നതാണ് അപ്രിയസത്യം.

ഭൂമികുലുക്കിപ്പക്ഷികളും ഏതാനും ചാനൽ അവതാരകരും മാത്രമല്ല, സമാനസ്വഭാവമുള്ള മറ്റുചിലരുമുണ്ട്.  താനാണ് ലോകം  തിരിക്കുന്നത് എന്ന് സ്വയം ധരിക്കുന്ന അത്തരത്തിലൊരാൾ കഴിഞ്ഞ ദിവസം കോഴിക്കോട്ട‌് ഒരു വ്യത്യസ‌്തമായ പ്രകടനം നടത്തി. മറ്റേ നടന്റെ പീഡന വാർത്ത വന്നകാലത്ത‌് ഈ സ്വഭാവനടന‌് മൗനചികിത്സയായിരുന്നു.   ഇപ്പോൾ കന്യാസ്ത്രീകൾക്കുവേണ്ടി മൗനം ഭഞ്ജിച്ച് പ്രകടനം നടത്തി.  കോഴിക്കോട്   മിഠായിത്തെരുവ്   പ്രകടനങ്ങൾക്ക് നിരോധനം പ്രഖ്യാപിച്ച സ്ഥലമാണ്.  മറ്റൊന്നും കൊണ്ടല്ല, അവിടത്തെ തിരക്കിനിടയിൽ ഏതെങ്കിലും പ്രകടനംനടന്നാൽ മൊത്തം അലങ്കോലമാകും എന്നതുകൊണ്ടാണ്.  ജോയ‌് മാത്യുവിന് അവിടെത്തന്നെ സമരം നടത്തണം. അങ്ങനെ ചെയ്‌താൽ പൊലീസ‌് പിടിക്കും. കേസ് വരും. നിയമത്തിന‌് ജോയ‌്മാത്യു വല്യ നടനാണ് എന്നൊന്നും അറിയില്ലല്ലോ.


എല്ലാ മേഖലയിലുമുണ്ട് വിചിത്രവേഷങ്ങൾ.   ബിജെപി എന്നുപറഞ്ഞാൽ ബല്ലാത്ത ജാതിപ്രസ്ഥാനമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല.  കഴിഞ്ഞദിവസം അഞ്ച‌് ളോഹയിട്ട പുരോഹിതന്മാർ    ആ പാർടിയുടെ ഓഫീസിലെത്തി പ്രസിഡന്റ‌ിനെ കണ്ടു.  ഉടനെ പ്രസിഡന്റ‌് അഞ്ചുപേർക്കും ഏറ്റവും വിലപ്പെട്ടത് തന്നെ നൽകി.   ഒരു  ശവസംസ‌്കാരച്ചടങ്ങിന‌് പോയി  തിരിച്ചെത്തുമ്പോൾ  കൂട്ടത്തിലൊരച്ചന്റെ ബിജെപി പ്രണയംകൊണ്ട‌് കയറിപ്പോയതാണ്. ചെന്നപ്പോൾ എല്ലാവർക്കും  സ്വീകരണം. ചായയും കാവി ഷാളും.  കിട്ടിയ ഷാൾ  കഴുത്തിലിട്ട് ചിത്രത്തിന് പോസ് ചെയ‌്തതാണ‌് കുഴപ്പമായത്. പുരോഹിതന്മാർ പുറത്തിറങ്ങിയ ഉടനെ ശ്രീധരൻപിള്ള പ്രഖ്യാപിച്ചു: ഇതാ, അഞ്ചുപുരോഹിതരും  ബിജെപിയിൽ  ചേർന്നിരിക്കുന്നു. 

മരണവീട്ടിൽ പോകുന്നവഴിക്ക് ഓഫീസിൽ കയറിയാലും മിസ‌്കോൾ അടിച്ചാലും ഒന്ന് നോക്കി ചിരിച്ചാലും കണ്ണെറിഞ്ഞാലും  14 സെക്കൻഡിൽ കുറഞ്ഞ സമയം ശ്രീധരൻപിള്ളയെ തുറിച്ച‌് നോക്കിയാൽപോലും നിങ്ങൾക്ക് ബിജെപി ആകാം.  കോൺഗ്രസിൽ മെമ്പർഷിപ‌് കിട്ടണമെങ്കിൽ പോലും ഖദർമുണ്ടുടുക്കണം; രാഹുലിന് ജയ‌് വിളിക്കണം. ബിജെപിയിൽ ഒന്നും ചെയ്യേണ്ടതില്ല. പോകുന്ന വഴിയിൽ ശ്രീധരൻപിള്ളേ എന്ന് വിളിച്ചാൽ പോലും കിട്ടും നരേന്ദ്ര മോഡിക്കുള്ള അതേ അംഗത്വം.  ബിജെപിയുടെ ഔദ്യോഗിക മാധ്യമത്തിൽ കണ്ടപ്പോഴാണ് ഫാദർ മാത്യു മാനാവാത്ത, താൻ ബിജെപിയായ കാര്യം അറിഞ്ഞത്. അദ്ദേഹം അപ്പോൾത്തന്നെ മറുപടി പറഞ്ഞു: 'ഈ പേജിന്റെ ഉത്തരവാദപ്പെട്ടവർ തെറ്റ് തിരുത്തണം. എന്റെ പേര് പട്ടികയിൽനിന്ന‌് നീക്കണം. ഞാൻ ബിജെപി  മെമ്പർ അല്ല. എല്ലാ രാഷ്ട്രീയനേതാക്കളോടും ബഹുമാനമുള്ള ഒരു ക്രിസ‌്ത്യൻ പുരോഹിതൻ മാത്രം’. ശ്രീധരൻപിള്ളയ‌്ക്ക‌് പാർടി വളർത്താൻ 'ഇതിലും നല്ല’ വേറെ വഴി ഉണ്ടോ എന്ന് നോക്കാം.

കോൺഗ്രസിന് വൈസ് പ്രസിഡന്റുമാർ ഇല്ല എന്നാണ് ഒടുവിലത്തെ പ്രഖ്യാപനം.  വൈസ് പ്രസിഡന്റ‌്  എന്ന് പറഞ്ഞാൽ പ്രസിഡന്റിനെ സഹായിക്കുന്ന ആളാണ്.  പ്രസിഡന്റിന്റെ  അഭാവത്തിൽ ഉത്തരവാദിത്തം നിർവഹിക്കാൻ വൈസ് പ്രസിഡന്റ് വേണ്ടെന്നു പറയുമ്പോൾ അത്രയും അമാനുഷികശേഷിയുള്ളയാളാണ് പ്രസിഡന്റ്  എന്ന് ധരിച്ചുപോകും. മുല്ലപ്പള്ളിയെക്കുറിച്ച് തെറ്റിദ്ധാരണ അരുത‌്.

അദ്ദേഹം നോൺ വർക്കിങ് പ്രസിഡന്റാണ്.  വർക്കിങ് കണ്ടീഷനിൽ ഉള്ള  3 വർക്കിങ‌് പ്രസിഡന്റുമാർ  വേറെയുണ്ട്. അവരുടെ പഴയപേര് വൈസ്  പ്രസിഡന്റ‌് എന്നായിരുന്നു എന്ന്  മാത്രം.  വർക്ക് ചെയ്യുന്ന മൂന്നു  പ്രസിഡന്റുമാരും   വാർകുഴലിൽ മുല്ലപ്പൂവെന്നപോലെ  പ്രചാരണ സമിതി അധ്യക്ഷനും.  കട്ടപ്പുറത്ത് വച്ച വണ്ടിക്ക‌്  എന്തിനാണ് അഞ്ച‌് ഡ്രൈവർമാർ  എന്ന ചോദ്യമൊക്കെ വെറുതെയാകും.  കോൺഗ്രസ്  കട്ടപ്പുറത്ത് തന്നെയാണെങ്കിലും    ഉമ്മൻചാണ്ടി   ആന്ധ്രയിലാണെങ്കിലും ചെന്നിത്തല തോറ്റ പ്രതിപക്ഷ നേതാവാണെങ്കിലും   സുധീരൻ പാതിവഴിയിൽ ഇട്ടെറിഞ്ഞു പോയെങ്കിലും  പത്തായത്തിലോ തട്ടിൻപുറത്തോ  കയറി കോൺഗ്രസിനുള്ള ഉത്തേജകമരുന്ന് പരതിയെടുക്കാനുള്ള പാരമ്പര്യവും ആദർശവുമൊക്കെ ഇപ്പോഴും മുല്ലപ്പള്ളി രാമചന്ദ്രനുണ്ട്.

 Top