21 March Thursday

ആന്റണിയോട് ഇത് വേണ്ടായിരുന്നു

ശതമന്യു Monday Oct 1, 2018


വിവാദത്തിലൊന്നുംപെടാതെ വിശ്രമത്തിന‌് മുൻ‌തൂക്കംനൽകി ഒരരികിൽ കഴിയുന്ന എ കെ ആന്റണി ചില വലിയ സ്ഥാനങ്ങൾ മോഹിച്ചിരുന്നു. ഇനി അതിനൊന്നും അവസരമില്ല. പതിറ്റാണ്ടുകൾക്കു മുമ്പ‌് ധരിച്ച മുതിർന്ന  നേതാവിന്റെ കുപ്പായംമതി ഇനി എന്നുധരിച്ച‌്, സ്വന്തം പേരിലുള്ള ഗ്രൂപ്പിനെ പോലും തിരിഞ്ഞുനോക്കാതെ ജീവിക്കുന്ന ആന്റണിക്കാണ് രമേശ് ചെന്നിത്തല നെഞ്ചുതകർക്കുന്ന ഇടി കൊടുത്തത്.

രമേശ് ചെന്നിത്തലയ്ക്കിപ്പോൾ അത്യാവശ്യംവേണ്ട ഒരേ ഒരു കാര്യം താൻ പ്രതിപക്ഷമാണ് എന്ന് തെളിയിക്കലാണ്. ഓഖി ദുരന്തം വന്നപ്പോൾ ദുരന്തബാധിതരെ സഹായിക്കുന്നതിനുപകരം സർക്കാരിനെ  ആക്രമിക്കുന്നതിലായിരുന്നു ചെന്നിത്തലയുടെ ശ്രദ്ധ. പിന്നീട് അദ്ദേഹം പരസ്യമായി പറഞ്ഞത്, ഓഖി ദുരന്ത ഫണ്ട് പിണറായി സർക്കാർ വകമാറ്റി ചെലവിട്ടു എന്നാണ്. പ്രളയം വന്നപ്പോൾ ആദ്യം ന്യായമായി ചിന്തിച്ചു. മുഖ്യമന്ത്രിക്കൊപ്പം ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു, അതോടെ ജനങ്ങൾക്കുതോന്നി പ്രയാസഘട്ടത്തിൽ കക്ഷിഭേദം നോക്കാതെ കർമനിരതനാകുന്ന നല്ല പ്രതിപക്ഷനേതാവ് എന്ന്. അത് പക്ഷേ സഹിക്കാഞ്ഞത് കോൺഗ്രസിലെ പഴയ ആന്റണിപക്ഷമാണ്. സർക്കാരിനോട് കൈകോർത്ത‌് ദുരിതാശ്വാസത്തിനിറങ്ങിയ ചെന്നിത്തല അയോഗ്യൻ, അനഭിമതൻ എന്നവർ തുറന്നടിച്ചുപറഞ്ഞു. എല്ലാറ്റിലും വലുത് സ്വന്തം പദവിയാണ്; അത് ഇപ്പോൾ പോയാൽ പിന്നെ ഒരിക്കലും കിട്ടില്ല എന്നതാണ് ചെന്നിത്തലയുടെ ഉലയാത്ത വിശ്വാസം. അതു കൊണ്ട്, പദവി സംരക്ഷിക്കാൻ പുതിയ തന്ത്രം ഇറക്കി.
മഴ പെയ്യിച്ചതും ഡാമുകളിൽ വെള്ളം കയറ്റിയതും സർക്കാരാണ് എന്ന കണ്ടുപിടിത്തമായിരുന്നു ആ തന്ത്രം. ഓഖി ദുരന്തഫണ്ട് വകമാറ്റി എന്ന ദുരാരോപണവും അതുപോലെയാകരുത‌്  പ്രളയഫണ്ട് എന്ന ഉപദേശവും കൂടെ വന്നു. എല്ലാത്തിനും കണക്കിന് മറുപടി  കിട്ടിയപ്പോൾ ചെന്നിത്തല ചുരുങ്ങി; ഇളക്കിവിട്ട ആന്റണി ഗ്രൂപ്പുകാർ ചിരിച്ചു.

സ്വയം പരാജയമാണ് എന്ന് സമ്മതിക്കാൻ ആരും തയ്യാറാകില്ല. ബെന്നി ബഹനാനും വി ഡി സതീശനും കോൺഗ്രസിലെ ഭൂരിപക്ഷവും പറഞ്ഞാലും അതങ്ങനെ സമ്മതിച്ചുകൊടുക്കാൻ ചെന്നിത്തലയ്ക്ക് കഴിയില്ല.  പ്രതിപക്ഷനേതാവ് എന്ന നിലയിലുള്ള പ്രവർത്തനം സർക്കാരിന്റെ വണ്ടിക്ക‌് അള്ളുവയ‌്ക്കലാണ് എന്നതാണ് അദ്ദേഹത്തിന്റെ ബോധ്യം. അതിനിടയിൽ ഹെലികോപ്റ്റർ കണ്ടാൽ കയറാം എന്നൊരു ദൗർബല്യം ഉണ്ട‌് എന്നേയുള്ളൂ. 'പ്രതിപക്ഷനേതാവിന് എന്ത് പറ്റി എന്നറിയില്ല’ എന്ന് മുഖ്യമന്ത്രി  പറഞ്ഞപ്പോഴും, പ്രളയാനന്തര  കേരളത്തെ നിർമിക്കാനുള്ള സാലറി ചലഞ്ച് തകർക്കാൻ  ശ്രമിക്കുന്നതിന‌് ചെന്നിത്തലയ്ക്ക്  മടിയുണ്ടായില്ല.
സ്ഥിരോത്സാഹികൾ രണ്ടോ മൂന്നോ പത്തോ തോൽവികൾക്കുമുന്നിൽ തോറ്റുമടങ്ങില്ല. അടുത്ത വിജയത്തിനായി അവർ പുതിയ   കളി തുടങ്ങും. അങ്ങനെയൊരു കളിയാണ്, മദ്യത്തിൽതൊട്ട് നെടുങ്കൻ അഴിമതി ആരോപണവുമായി രംഗത്തിറങ്ങിയതിന്റെ യഥാർഥ പിന്നാമ്പുറം. പ്രതിപക്ഷനേതാവ് ഒരു ആരോപണം ഉന്നയിച്ചാൽ സാധാരണ ഗതിയിൽ അത് വലിയ വാർത്തയും ചർച്ചയുമാകും. പക്ഷേ ചെന്നിത്തലയുടെ ആരോപണം ഒരുമാതിരി ബുദ്ധിയുള്ള മാധ്യമപ്രവർത്തകരൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്തേക്കുവിട്ടു. വാർത്ത ആഘോഷിക്കപ്പെട്ടുമില്ല, വികാരം കത്തിയതുമില്ല. ആരോപണം കേട്ട എക്സൈസ് മന്ത്രി രണ്ടു മണിക്കൂർ ചിരി നിർത്തിയില്ലത്രെ. 

പടക്കം ചീറ്റിപ്പോകുമ്പോൾ വരുന്നത്  നൈരാശ്യംതന്നെയാണ്. ചെന്നിത്തലയ്ക്കും അതുണ്ടായതിൽ   അത്ഭുതത്തിനവകാശമില്ല. കുറെ കടലാസുകളുമായി വാർത്താസമ്മേളനം നടത്തി ഉന്നയിച്ച ആരോപണം കേട്ട് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ ചിരിക്കുന്നത് എങ്ങനെ സഹിക്കും? പരാജിതജന്മം എന്ന വിളി വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഉണ്ടാകുന്ന വിഷമം അനുഭവിച്ചുതന്നെ അറിയണം.

ഒറ്റനിമിഷംകൊണ്ടാണ് ബ്രൂവറി  ബൂമറാങ്ങായത്.  1999നുശേഷം ഡിസ്റ്റിലറികൾക്കും ബ്രൂവറികൾക്കും അനുമതി നൽകിയിട്ടില്ലെന്ന വാദമാണ‌് ആരോപണത്തിന് കനം കൂട്ടാൻ ചെന്നിത്തല വച്ച് കാച്ചിയത്. കേരളത്തിൽ ബാറു വേണ്ട, ബിയർ വേണ്ട, ചാരായം തീരെ വേണ്ട എന്ന് ആർത്തലച്ചിരുന്ന  എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ 2003ൽ ബ്രൂവറിക്ക‌് ലൈസൻസ‌് നൽകി എന്ന വിവരം വന്നതോടെ ആരോപണം ചീറ്റിപ്പോകുകയല്ല, തിരിഞ്ഞു പാഞ്ഞ‌് ചെന്നിത്തലയുടെ വെടിപ്പുരയിൽ ത്തന്നെ വീണു കത്തുകയാണുണ്ടായത്.  ലൈസൻസ്  നൽകുക എന്നത് ചെറിയ കളിയല്ല. അനേകം സാങ്കേതിക അനുമതികളും തീരുമാനങ്ങളും വേണ്ട വലിയ പ്രക്രിയയാണ്. അത് ആന്റണി വിജയകരമായി ചെയ്‌തിട്ടുണ്ട്‌. അതിനർഥം, ഇന്ന് ചെന്നിത്തല എൽഡിഎഫ് സർക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് സർവാത്മനാ ഏറ്റുവാങ്ങി പുളകം കൊള്ളേണ്ടത് എ കെ ആന്റണിയാണ് എന്നുതന്നെ.

മികച്ച പ്രതിപക്ഷനേതാവാകാൻ കൊതിച്ച‌്, സ്വന്തം നേതാവിനെ കുഴിയിലിറക്കിയത് അബദ്ധംകൊണ്ടാകാൻ വഴിയില്ല. കുറ്റകൃത്യം നടത്തുമ്പോൾ  ഉദ്ദേശ്യവും പ്രചോദനവുംവേണം. ആന്റണി ഗ്രൂപ്പുകാർ ചെന്നിത്തലയെ ചെവിക്കുപിടിച്ചു പുറത്താക്കാൻ നോക്കുന്നവരാണോ. പകരം ആന്റണിക്കിട്ട‌് ഒന്നുകൊട്ടാമെന്ന തോന്നൽ വരുന്നത് ന്യായം.   1999ൽ ലൈസൻസ‌് നൽകൽ നിർത്തിവച്ചു എന്ന ചെന്നിത്തലയുടെ വാദം മുഖവിലയ്‌ക്കെടുത്താൽ,   2003ൽ  എങ്ങനെയാണ‌് ലൈസൻസ‌് നൽകിയതെന്ന‌് വിശദീകരിക്കേണ്ടിവരും.  അതിനുമുണ്ട‌് ചെന്നിത്തലയ‌്ക്ക‌് മണ്ടൻ മറുപടി. 1998ൽ നായനാർ സർക്കാരിന്റ കാലത്താണ‌് പ്രാഥമികാനുമതി നൽകിയത‌്. പിന്നീട‌് സർക്കാരിന‌് ഒന്നും ചെയ്യാനാകില്ലത്രെ. ഇതെന്തൊരു മണ്ടത്തരമാണ‌്. പ്രാഥമികാനുമതിക്ക‌് ശേഷം 22 വകുപ്പുകൾ പരിശോധിച്ച‌് അനുമതി നൽകിയാലേ അന്തിമ ലൈസൻസ‌് നൽകാനാകൂ. 1998ൽ പ്രാഥമികാനുമതി നൽകിയതാണെങ്കിൽത്തന്നെ 22 വകുപ്പുകളുടെ അനുമതിക്കുശേഷം ലൈസൻസ‌് നൽകാമോ? ഏതെങ്കിലും ഒരു വകുപ്പിന്റെ അംഗീകാരം നിഷേധിച്ച‌് ലൈസൻസ‌് നൽകാതിരിക്കാലോ? അതല്ലെ ഹീറോയിസം? അതല്ലെങ്കിൽ 98ന‌് ശേഷമല്ലേ 99? 99ൽ പുതിയ ഉത്തരവ‌് കാണിച്ച‌് 98ലെ പ്രാഥമിക അനുമതി റദ്ദാക്കാലോ? അപ്പോൾ ഹീറോയിസം കട്ട ഹീറോയിസമാകില്ലേ? ഇതൊന്നും ചെന്നിത്തലയ‌്ക്ക‌് മനസ്സിലാകില്ല.  സംസ്ഥാനരൂപീകരണത്തിനുശേഷം ആരംഭിച്ച 16 ഡിസ്റ്റിലറിയിൽ 11 എണ്ണവും അനുവദിച്ചത‌് യുഡിഎഫ‌് സർക്കാരുകളുടെ കാലത്താണ‌് എന്നുകൂടി വ്യക്തമായ സ്ഥിതിക്ക്, സ്വന്തം കുഴിതന്നെ തോണ്ടിയതിനുള്ള  സെൽഫ‌് ഗോൾ പുരസ്കാരവും ചെന്നിത്തലയെ തേടിയെത്തിയേക്കും. ഈ ആഭാസമൊന്നും കർണാടകം, ഗോവ മദ്യലോബികൾക്കുവേണ്ടിയുള്ളതല്ല എന്ന് തെളിയിക്കാനുള്ള അവസരം കൂടി ചെന്നിത്തലയുടെ മുന്നിലുണ്ട്.

വിശ്വാസവും മതവും ദൈവവും വിഷയമാകുമ്പോൾ കൈവിട്ട കളി നടത്തിക്കളയാം എന്ന് ചിലർ ധരിച്ചു വശംകെടും. അക്കാര്യത്തിൽ അവർക്കിടയിൽ മതേതരത്വമാണ്. കൈവെട്ടുകാരനും ശബരിമല വിധിയിൽ കോലിട്ട് ഇളക്കാൻ പോകുന്നവരും ബലാത്സംഗക്കേസിൽ അറസ്റ്റിലായ ബിഷപ്പിനെ നിരപരാധിയാക്കാൻ തുനിഞ്ഞിറങ്ങിയവരും തമ്മിൽ ഇക്കാര്യത്തിൽ  വ്യത്യാസമില്ല. ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്ന വിധി ഇന്ത്യാ രാജ്യത്തെ പരമോന്നത കോടതിയാണ് പ്രഖ്യാപിച്ചത്. അത് നടപ്പാക്കാൻ സർക്കാരും അനുസരിക്കാൻ ജനങ്ങളും ബാധ്യസ്ഥരാണ്. പക്ഷേ, അതിനെ അതേപടി അംഗീകരിക്കുന്നതിനുപകരം വിശ്വാസത്തിന്റെ വൈകാരികത കുത്തിക്കയറ്റി ഒരു കൈ നോക്കാം എന്നാണ് ചില കേന്ദ്രങ്ങളുടെ താല്പര്യം. 

എവിടെനിന്നാലാണ് മുതലെടുപ്പിന് അവസരം എന്ന് ഇതുവരെ കൃത്യമായ തീരുമാനമായിട്ടില്ല. ആർഎസ‌്എസ‌് ഒന്നു പറയുന്നു; കേരളത്തിലെ ബിജെപി മറ്റൊന്ന് പറയുന്നു. മനോരമ ഒതുക്കത്തിൽ ഇടതുപക്ഷത്തെ കക്ഷിയാക്കാൻ നോക്കുന്നു. ശിവസേന ഹർത്താൽ പ്രഖ്യാപിച്ചത് മണിക്കൂറുകൾക്കകം പിൻ‌വലിക്കുന്നു. പോകുമെന്നും പോകില്ലെന്നും ശരിയെന്നും തെറ്റെന്നും പറഞ്ഞു രംഗത്തിറങ്ങുന്നവരും കുറവല്ല. സ്ത്രീപുരുഷ സമത്വത്തിന്റെ പ്രശ്നമാണ് സുപ്രീംകോടതി പരിശോധിച്ച് വിധികല്പിച്ചതെന്ന വസ്തുത മറന്ന‌് അഭിഭാഷകവേഷമിട്ട നേതാക്കൾപോലും പ്രതികരിക്കുന്നുണ്ട്.  സ്ത്രീകൾ നിർബന്ധമായി ശബരിമലയിൽ പോകണം എന്നല്ല വിധി. അപ്പീൽ കൊടുത്ത് ഇല്ലാതാക്കാൻ കഴിയുന്ന  ഒന്നുമല്ല ആ വിധി.  അത് നടപ്പാക്കുക എന്ന അനിവാര്യതയിലേക്കുനീങ്ങുമ്പോൾ ആ സന്ദർഭത്തിന്റെ ആനുകൂല്യം ഊറ്റിക്കുടിക്കാൻ കാത്തിരിക്കുന്നവരുടെ പ്രകടനമാണ് ഇപ്പോൾ കാണുന്നത്.

 Top