20 March Wednesday

ഇണക്കമുള്ള ഇനം

ശതമന്യ‍ു Monday Feb 12, 2018


കോൺഗ്രസിന്റെ രേഖകൾ എഐസിസി ഓഫീസിലാണുണ്ടാകുക. പൊലീസിന്റെ രേഖ സ്റ്റേഷനിൽ. സിബിഐയുടെ രഹസ്യ രേഖകൾ കിട്ടിയത് മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ വീട്ടിൽ നിന്നാണ്. പറയുന്നത് മറ്റാരുമല്ല, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ്. ചിദംബരം ധനമന്ത്രി ആയിരിക്കെ മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐഎൻഎക്സ് മീഡിയക്ക് വിദേശനിക്ഷേപം ലഭ്യമാക്കാൻ മകൻ കാർത്തി അനധികൃത ഇടപെടൽ നടത്തിയെന്നാണ് കേസ്. ഇതിലാണ് സിബിഐ അന്വേഷണം നടത്തി മുദ്രവച്ച കവറിൽ സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ട്ചിദംബരത്തിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തത്. ഒപ്പുവയ്ക്കാത്ത റിപ്പോർട്ടാണ് കിട്ടിയത്. അതിനർഥം കോടതിയിൽ സമർപ്പിക്കുന്നതിനു മുമ്പുതന്നെ റിപ്പോർട്ട് ചോർന്നു എന്ന്. അതിനും അപ്പുറം ചിദംബരത്തെ കാണിച്ച് സമ്മതം വാങ്ങിയാണ് സിബിഐ ചിദംബരത്തിനെതിരായ കേസിൽ അന്വേഷണ റിപ്പോർട്ട് കോടതിക്ക് കൊടുത്തതെന്ന്.

കൂട്ടിലടച്ച കിളിയെന്ന് സിബിഐയെ വിളിച്ച സുപ്രീംകോടതി ലജ്ജിക്കണം. ഇത് കൂട്ടിലടച്ച കിളിയല്ല‐ കൂടും കുടുക്കയുമില്ലാതെതന്നെ കൊട്ടാരത്തിന്റെ അടുക്കളപ്പുറത്തും സിംഹാസനത്തിന്റെ കാൽച്ചുവട്ടിലും വാലാട്ടിനിൽക്കുന്ന ഇണക്കമുള്ള ഇനമാണ്.

നേരറിയാൻ സിബിഐ എന്നാണ് പണ്ടുപറഞ്ഞത്. അതൊക്കെ പോയകാലം. കോൺഗ്രസ് സിബിഐയെ വെടക്കാക്കി. ബിജെപി ചാടിക്കാനും ഓടിക്കാനും കടിപ്പിക്കാനുമുള്ള മൃഗമാക്കി അതിനെ വളർത്തി. 

ബിജെപിയെമാത്രം  കുറ്റംപറഞ്ഞിട്ട് കാര്യമില്ല. മുമ്പേ ഗമിച്ച ഗോമാതാവ് കോൺഗ്രസാണ്. പോറ്റാനും കൊല്ലാനുമാണ് കോൺഗ്രസ് പഠിപ്പിച്ചത്. ആകെ മുങ്ങി കുളിരില്ലാതായപ്പോൾ എന്തുംചെയ്യാനുള്ള ലൈസൻസ് കൂടിയാണ് കിട്ടിയത്.  വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ നശിപ്പിക്കാൻ സിബിഐ  തന്നെ ഇറങ്ങിയതായാണ് പുതിയ വാർത്ത. സൊഹറാബുദീൻ‐ കൗസർബി വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായുടെ പങ്ക് പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനെതിരെ വ്യാജ കേസുകളാണ് ആയുധമാക്കുന്നത്.  സൊഹറാബുദീൻ‐കൗസർബി, തുളസീറാം പ്രജാപതി, ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ എന്നീ കേസുകൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥനായ സന്ദീപ്  തമാങ് 2011 ഒക്ടോബർമുതൽ 2015 ഒക്ടോബർവരെ സിബിഐയിൽ പ്രവർത്തിക്കുമ്പോഴാണ് ഈ കേസുകൾ അന്വേഷിച്ചത്. റിപ്പോർട്ടും കുറ്റപത്രവും സമർപ്പിച്ചതോടെ തമാങ് ബിജെപിയുടെ കണ്ണിലെ കരടായി. സിബിഐയെക്കൊണ്ടുതന്നെ തമാങ്ങിനെ ഇല്ലാതാക്കാൻ കേസുകളുടെ ഘോഷയാത്രയാണിപ്പോൾ. വ്യാജ ഏറ്റുമുട്ടൽ കേസിൽനിന്ന് അമിത് ഷായെ വിടുവിക്കാൻ നൂറുകോടിയും ആഡംബര ഫ്ളാറ്റും ജഡ്ജിക്ക് കോഴ നൽകാൻ ശ്രമിച്ചു എന്ന ആരോപണം നേരിടുന്ന പാർടിക്ക് ഇതൊക്കെ നിസ്സാരം. 

സിബിഐ എന്നത് ക്രിമിനൽ ബ്യൂറോ ഓഫ് ഇഡിയറ്റ്സ് അല്ല എന്ന് തെളിയിക്കാൻ ഏറെ പാടുപെടേണ്ടിവരുന്ന അവസ്ഥയാണ്. അത് ഒറ്റപ്പെട്ട അവസ്ഥയല്ല. വി ടി ബൽറാമിനെ 'വെട്ടി ത്തിരുത്തുന്ന ബൽറാം'’എന്നാണ് ഇപ്പോൾ ചിലർ വിളിക്കുന്നത്. ബൽറാം പ്രതിനിധാനംചെയ്യുന്ന മണ്ഡലത്തിനും മറുപേര് കിട്ടുന്നു അത് തൃത്താലയല്ല‐ തിരുത്താലയായി എന്ന്. സംഗതി വേറൊന്നുമല്ല. താൻ വമ്പരിൽ മുമ്പനാണ്, പ്രതിച്ഛായയുള്ള കോൺഗ്രസുകാരനാണ്, വ്യത്യസ്തനാണ് എന്നൊക്കെ സ്വയം പറഞ്ഞും ഫെയ്സ്ബുക്കിൽ കിട്ടുന്ന ലൈക്കിന്റെ എണ്ണത്തിൽ മേനിനടിച്ചും ഞെളിയുന്ന കൊച്ചുകൊച്ചു പൊങ്ങച്ചമേ നേരത്തെ ഉണ്ടായിരുന്നുള്ളൂ. പോകെപ്പോകെ അതിന് അഹന്തയുടെ രൂപം വന്നു. കമ്യൂണിസ്റ്റുകാരെ കമ്മികളെന്ന് വിളിച്ചുതുടങ്ങി. നേരെ ചൊവ്വെ വർത്തമാനം പറയില്ല. എ കെ ജിയെ അധിക്ഷേപിച്ചത് കമ്മികളുടെ നേതാവെന്നും സുശീലയെ പ്രായപൂർത്തിയാകുംമുമ്പ് പ്രണയിച്ചയാളെന്നും. തൃത്താലയിലെ ന്യൂനപക്ഷവോട്ടിൽ കണ്ണിട്ട് സഖാക്കളെ സംഘാക്കൾ’എന്ന് വിളിച്ച് ബിജെപിയാക്കാനും മടിച്ചില്ല ബൽറാം. കടിഞ്ഞാണില്ലാതെയാണ് ഓടിയത്. ആർക്കും അടങ്ങില്ല എന്നാണ് പ്രഖ്യാപിച്ചത്. അതിനിടെ അതാവരുന്നു പഴയൊരു മാർക്ക് തിരുത്തലിന്റെ കഥ. അതിനുള്ള ബൽറാമിന്റെ മറുപടി വിചിത്രമാണ്‐ താൻ വലിയ വലിയ ബിരുദമുള്ളയാളല്ലേ; ഒരു കൊച്ചു മാർക്ക് കഥ കൊണ്ടുവന്ന് ആക്രമിക്കാമോ എന്ന്. "ഒരുപക്ഷേ ഇനി വി ടി ബൽറാം അങ്കണവാടിയിൽ പഠിക്കുമ്പോൾ ടീച്ചറെ സ്വാധീനിച്ച് ഒരു പ്ലേറ്റ് ഉപ്പുമാവ് കൂടുതൽ നേടിയതിനെക്കുറിച്ചും ...രളി പൂപ്പൽ ചാനൽ ബ്രേക്കിങ് ന്യൂസ് പുറത്തുവിടുമായിരിക്കും.''’’ഇതാണ് നിയമസഭാംഗവും സഭ്യതയെക്കുറിച്ച് ജ്ഞാനമുള്ളവനും ഉന്നത ബിരുദധാരിയുമായ ബൽറാമിന്റെ വാക്കുകൾ. മാർക്ക് തിരുത്തിച്ചതിന്റെ ആധികാരികരേഖ പുറത്തുവിട്ട ചാനലിനെ അശ്ലീലം കലർത്തി വിളിക്കാൻ എംഎൽഎയ്ക്ക് ലജ്ജയില്ല.

മാർക്ക് തട്ടിപ്പ് സമ്മതിച്ചുകഴിഞ്ഞു. അതത്ര സാരമുള്ളതല്ല,  അങ്കണവാടിയിൽ ഒരുപ്ലേറ്റ് ഉപ്പുമാവിന് ചോദിക്കുന്നതുപോലെയേ ഉള്ളൂ എന്നാണ് ന്യായീകരണം. അനർഹമായ സൗജന്യങ്ങളിൽമാത്രമാണ് കണ്ണ്.

സ്വന്തം പാർടിയെപ്പോലും ധിക്കരിച്ച് വാർത്തയ്ക്കായി ആർത്തിപിടിച്ച് നടക്കുമ്പോൾ 'വിമൽകുമാർ' സ്വയം പറഞ്ഞത് താൻ ഒന്നാന്തരം ആർഎസ്എസ് വിരുദ്ധ പോരാളിയാണ് എന്നത്രെ. തൃത്താലയിലെ ന്യൂനപക്ഷ വോട്ടിനുവേണ്ടി ഇടയ്ക്കൊക്കെ സംഘിവിരോധം പ്രകടിപ്പിക്കാറുണ്ട് എന്നത് നേര്. പക്ഷേ എ കെ ജിയെക്കുറിച്ച് വേണ്ടാതീനം പറഞ്ഞപ്പോൾ സപ്പോർട്ടുമായി ആദ്യമെത്തിയത് കെ സുരേന്ദ്രനാണ്. സംഘിവിരോധം അളക്കാൻ സോഷ്യൽ മീഡിയയിലെ ചില വിരുതന്മാർ ബൽറാമിന്റെ ഫെയ്സ്ബുക്കിലൂടെ സഞ്ചരിച്ചുനോക്കി. കണ്ടെത്തിയത് വിസ്മയകരമായ കാര്യങ്ങളാണ്. ഈ വർഷം ഇതുവരെ (2018) ആകെ പോസ്റ്റുകൾ 26, സിപിഐ എമ്മിനെതിരെ 18, സംഘപരിവാറിനെതിരെ പൂജ്യം. കുരീപ്പുഴവിഷയത്തിൽപോലും സംഘപരിവാറെന്ന് മിണ്ടിയില്ല. ആർഎസ്എസ് നാട്ടിൽനിന്ന് അവധിയെടുത്ത് വിദേശത്തുപോയതുകൊണ്ടാണോ ഈ മൗനമെന്ന് സമാധാനിക്കാം

 Top