24 March Sunday

താടിമുടിലൈംഗിക ജീവിതം

ശതമന്യു Monday Aug 6, 2018


മുകളിൽനിന്ന് കെട്ടിയിറക്കപ്പെടുന്ന മാനവികതയുടെ  മൂല്യത്തിൽ ജ്ഞാനോദയപ്പെടാൻ ഞങ്ങളില്ല എന്നു പറഞ്ഞാണ് മനുഷ്യസംഗമത്തിനു പകരം അമാനവസംഗമം സംഘടിപ്പിച്ച് കുറെ അതിബുദ്ധിജീവികൾ ഫാസിസ്റ്റുവിരുദ്ധ യുദ്ധത്തിന് സ്വന്തമായി അങ്കത്തട്ടുണ്ടാക്കിയത്. ആ തട്ടിൽ ഫാസിസം ഇതുവരെ കയറിയിട്ടില്ല. താടിയും മുടിയും നീട്ടി പാതികൂമ്പിയ മിഴികളും അലസഗമനവും അലക്കാത്ത കുപ്പായവുമായാൽ പുരോഗമനമായി എന്നാണ് അമാനവ അതിബുദ്ധികളുടെ പൊതുധാരണ. എതിർക്കുമ്പോൾ മാർക്‌സിസ്‌റ്റ‌് പാർടിയെ ആദ്യം എതിർക്കണമെന്നത് അവരുടെ അലംഘനീയ തത്വവുമാണ്. വലിയ വാക്കുകളേ പറയാറുള്ളൂ. ചുംബനസമരം അഥവാ വിപ്ലവം ചുണ്ടുകളിലൂടെ എന്ന മുരളിച്ചയും ഇടയ്ക്ക‌് കേട്ടു. അമാനവൻ എന്നാൽ മാനവനല്ലാത്തവൻ എന്നാണർഥം. മനുഷ്യരല്ലാത്തവരുടെ, മനുഷ്യസംബന്ധമില്ലാത്ത സംഗമം സംഘടിപ്പിച്ചാണ് ഫാസിസത്തെ തുരത്തേണ്ടതെന്ന പ്രഖ്യാപനവും ചുമന്ന‌് സംഗമം നയിച്ച ചിലരെ കണ്ടപ്പോൾ അന്നേ പലരും പറഞ്ഞതാണ് ഇത് മനുഷ്യരൊന്നും അല്ലെന്ന‌്. ആ വാക്കാണിപ്പോൾ ശരിയായത്. വലിയ വായിൽ ദളിത് രാഷ്ട്രീയം, സ്ത്രീസമത്വം, സ്വാതന്ത്ര്യം, ഞങ്ങടെ മീശ, ഞങ്ങടെ താടി, ചുംബനം പുത്തൻ സമരരൂപം എന്നൊക്കെ പറഞ്ഞവർ  ഇന്നു നിൽക്കുന്നത്, വിശ്വസിച്ച‌് കൂടെനിന്ന പെൺകുട്ടികൾക്കുമേൽ കാമവെറിയോടെ ചാടിവീണ അമാനവരായിട്ടാണ്. അമാനവൻ എന്നല്ല, വകതിരിവില്ലാത്ത മൃഗമെന്നും വിളിക്കാം. അതിലും നല്ല ചെല്ലപ്പേര് പൂവൻകോഴി എന്നുതന്നെ.

ഒരുഘട്ടത്തിൽ ഇവരുടെ കൂടെനിന്ന ആക്ടിവിസ്റ്റ് ഇങ്ങനെ എഴുതുന്നു:  ‘ദളിത് ആക്ടിവിസ്‌റ്റ‌് എന്ന നില ഉപയോഗിച്ച് സകലരെയും വിചാരണ ചെയ്യുന്ന ഇവനൊക്കെ സ്വന്തം ചെയ്തികൾ നാട്ടുകാർ അറിയില്ലെന്ന‌് ഉറപ്പിക്കുന്നത് എന്തുകൊണ്ടാണ്? തങ്ങൾ അപമാനിക്കുന്ന പെണ്ണുങ്ങളൊക്കെ കുറെ സമരം ചെയ്താണ് ഈ സ്‌പെയ്‌സിൽ നിൽക്കുന്നതെന്ന‌് അവർക്ക് അറിയാം. ഒരു പ്രശ്‌നം ഉണ്ടായാൽ അതിനെക്കുറിച്ച് പരസ്യമായി പരാതി പറഞ്ഞാൽ വീട്ടുകാരും നാട്ടുകാരും കുറ്റപ്പെടുത്തുകയും ഒറ്റയ്ക്കാകുകയും, പിന്നെ വീടിനു പുറത്തുപോലും ഇറക്കില്ലെന്നും ആ പെൺകുട്ടികൾക്ക് അറിയാമെന്ന ആ അറിവ് തരുന്ന ധൈര്യമുണ്ടല്ലോ, അതാണ് ഇവരെക്കൊണ്ട് അത് ചെയ്യിക്കുന്നത്. പരാതി പറയാനും വേണല്ലോ അൽപ്പമെങ്കിലും പ്രിവിലേജ്! ഇവരുടെ ഒപ്പം തൊഴിലിന്റെ ഭാഗമായോ അല്ലാതെയോ ഇടപെടുന്ന, യാത്രചെയ്യുന്ന പലപ്പോഴും കീഴാളമായ സാഹചര്യത്തിൽ വരുന്ന പെൺകുട്ടികളോട് അതെ, വൾനറബിൽ ആയവരോടാണ് ഇതൊക്കെ ചെയ്യുന്നത്... തങ്ങളുടെ ആരാധകരും ലൈംഗികകോളനികളുമായി തങ്ങളുടെ സർക്കിളിലേക്ക‌് വരുന്നവരെ മാറ്റുക എന്നതാണ് ഇവരുടെ ആത്യന്തികലക്ഷ്യം.' സംഗതി ചെറിയതല്ല.

രാഷ്ട്രീയ സാമൂഹിക വശപ്പെടുത്തലുകളുടെ ഫലമായി കൂടെകൂട്ടുന്ന പെൺകുട്ടികളുടെ നിസ്സഹായാവസ്ഥയും ദുർബലതയും മുതലെടുത്ത് അവർക്കുനേരെ ലൈംഗികാക്രമണം നടത്തുന്നു എന്ന്. ഇത് മറ്റാരെങ്കിലും ആരോപിക്കുന്നതല്ല. ഇരകളുടെ തുറന്നുപറച്ചിലുകളാണ്. അച്ഛനുമമ്മയും കൂടെയില്ലാത്ത സമയത്ത് അഭയം തേടിച്ചെന്ന, കുട്ടിയായിരുന്ന തന്നെ ലൈംഗിക അതിക്രമത്തിനിരയാക്കി എന്നു തുറന്നടിച്ചത്, കേരളീയർക്ക് സാമാന്യം പരിചയമുള്ള പെൺകുട്ടിയാണ്. സഹായിക്കാനെന്ന ഭാവേന അടുത്തുകൂടി തന്നെ ദുരുപയോഗം ചെയ്തുവെന്നാണ് അവൾ പറയുന്നത്. കുറ്റവാളിയുടെ പേരുണ്ട് രജേഷ് പോൾ.  സ്വയംപ്രഖ്യാപിത മാവോയിസ്റ്റും അമാനവസംഗമം നേതാവും സാമൂഹ്യമാധ്യമ ആക്ടിവിസ്റ്റുമായ ഇയാളുടെ യഥാർഥ പണി, പെൺവേട്ടയാണത്രേ. ദളിത് ആക്ടിവിസ്റ്റും സംവിധായകനുമായ രൂപേഷ് കുമാറിന്റെ ലൈംഗികാക്രമണമാണ് മറ്റൊരു ഫെയ‌്സ്ബുക് പോസ്റ്റിൽ പുറത്തുവന്നത്.  ചിത്രകാരനും ശിൽപ്പിയുമായ ജീവൻ തോമസ്   അപമര്യാദയായി പെരുമാറിയ സംഭവം പ്രമുഖ എഴുത്തുകാരിയാണ് വെളിപ്പെടുത്തിയത്.

അന്തംവിട്ടുപോകുന്ന വെളിപ്പെടുത്തലുകളാണ് തുടരെ ഉണ്ടാകുന്നത്. അതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതടക്കമുള്ള കുറ്റകൃത്യങ്ങളുണ്ട്. തൊഴിൽവാഗ്ദാനം നൽകി പെൺകുട്ടിയെ ലൈംഗിക അടിമയാക്കിയതിന്റെ ദുരന്താനുഭവമുണ്ട്.

ദളിതരോടും സ്ത്രീകളോടും മുസ്ലിങ്ങളോടും ഐക്യപ്പെടുന്നുവെന്ന് പറഞ്ഞ് ബുദ്ധിജീവികളായി നടക്കുകയും അമാനവസംഗമം അടക്കമുള്ള പരിപാടികൾ നടത്തുകയും ചെയ്യുന്ന ആക്ടിവിസ്റ്റുകൾ, അവരുടെ സ്വകാര്യജീവിതത്തിൽ എത്ര വഷളന്മാരാണെന്ന് തെളിയിക്കുന്ന അനേകം വിഷയങ്ങൾ നിരത്തി ലേഖാ രാജ് എന്ന ആക്ടിവിസ്റ്റ് എല്ലാ പെൺകുട്ടികളുടെയും ദുരനുഭവങ്ങൾ വിവരിച്ചിട്ടുണ്ട്.

ഇടതുതീവ്രവാദികളും നാട്യക്കാരും അരാജകവാദികളുമടക്കമുള്ളവർ കേരളസമൂഹത്തിന്റെ ഇടതുപക്ഷാഭിമുഖ്യത്തെ വഴിതെറ്റിക്കാൻ സജീവമായി രംഗത്തുണ്ട്. അരാജകജീവിതത്തിന് പുരോഗമനത്തിന്റെ ലേബലൊട്ടിച്ചും രാഷ്ട്രീയപ്രവർത്തനം ലൈംഗികനായാട്ടിന്റെ വേദിയാക്കിയും അഴിഞ്ഞാടിയ അനേകരുടെ പൊയ‌്‌മുഖമാണ്  ഒറ്റയടിക്ക് പെൺകുട്ടികൾ പിച്ചിച്ചീന്തിയെറിയുന്നത്. ആക്രമിക്കപ്പെട്ട ഒട്ടുമിക്ക പെൺകുട്ടികളും ദളിത് വിഭാഗത്തിൽപ്പെട്ടവരാണ്. ജന്മിമാരുടെയും പ്രമാണിമാരുടെയും കാമാർത്തി പതിഞ്ഞ‌് കെട്ടുപോകുന്ന ദളിത് സ്ത്രീ ജീവിതത്തെ ഭൂപരിഷ്‌കരണത്തിലൂടെയും ക്ഷേമനടപടികളിലൂടെയും കൈപിടിച്ചുയർത്തിയതാണ് കേരളത്തിന്റെ പാരമ്പര്യം. അത് സാധ്യമാക്കിയ കമ്യൂണിസ്റ്റുകാരെ ശത്രുപക്ഷത്തുനിർത്താൻ അച്ചാരം വാങ്ങിയവരാണ് ഈ താടിമുടിലൈംഗിക ജീവികൾ. വലതുപക്ഷത്തിന്റെ ക്വട്ടേഷൻകൂടി  ഈ അമാനവസംഘം ഏറ്റെടുത്തിട്ടുണ്ട്. അതൊക്കെ പുറത്തുവരുമ്പോൾ ആക്ഷേപകരമായ മറുപടിയുമായി അവർ എത്തും. ഇപ്പോൾ പുറത്തുവന്നത് വലിയൊരു സത്യമാണ്. കേസ് അതിന്റെ വഴിക്കുപോകുമ്പോൾത്തന്നെ, സമൂഹവും ചിന്തിക്കേണ്ടതുണ്ട്. ഇവന്റെയൊക്കെ കൂടെ ആണോ പെണ്ണോ ആയ ആരും പെട്ടാൽ ആക്രമിക്കപ്പെടും എന്നോർക്കുകയും ഓർമിപ്പിക്കുകയും വേണം. ഇനിയും പലതും വരാനുണ്ടെന്ന‌് അവർതന്നെ പറഞ്ഞിട്ടുമുണ്ട്. വിശ്വസിച്ച‌് കൂടെനിന്ന പെൺകുട്ടിയെ  കയറിപ്പിടിച്ചപ്പോൾ അവൾ എതിർക്കുന്നുഹേ നീ വെറും ചീപ്പ് മൊറാലിസ്റ്റാണോ എന്ന ചോദ്യമാണ് അവളോട്. കപടസദാചാരം, സദാചാര പൊലീസ് എന്നൊക്കെ പറഞ്ഞ‌് ലോകത്തെയാകെ നോക്കി പുച്ഛിച്ചുചിരിച്ചവരുടെ പിന്നാലെ ഒരു കമ്പനി സദാചാര പൊലീസ് പോകേണ്ട സ്ഥിതിയാണ്. അതല്ലെങ്കിൽ, ഒരുപാട് പെൺകുട്ടികളുടെ കണ്ണുനീര് ഇനിയും വെളിപ്പെടുത്തലായി വരും.

സോഷ്യൽ മീഡിയയിൽ ശമ്പളമില്ല. നിയന്ത്രണവും ഇല്ല. പത്രത്തിലും ചാനലിലും രണ്ടുമുണ്ട്. സോഷ്യൽ മീഡിയയിലാണ് സർവ കുഴപ്പവും  എന്നാണ‌്  ഇരുത്തംവന്ന മാധ്യമങ്ങളുടെ പുതിയ മറുപടി. അതിന‌് മുഖ്യമന്ത്രി പിണറായി മനോരമയുടെ മടയിൽ ചെന്ന് നൽകിയ മറുപടി, ആദ്യം നിങ്ങൾ സ്വയം ചികിത്സിക്കൂ, എന്നിട്ട‌് സോഷ്യൽ മീഡിയയുടെ മെക്കിട്ടുകയറാം എന്നായിരുന്നു. മുറിയിൽ അടച്ചിട്ടുചെയ്യേണ്ട കാര്യങ്ങൾ പരസ്യമായി ചെയ്യുമ്പോൾ അത് തെറ്റാണെന്ന‌് വിളിച്ചുപറയുന്ന പിണറായിയെ മാധ്യമങ്ങൾ ഇഷ്ടപ്പെടുന്നതിന‌് വേറെ കാരണമൊന്നും തിരക്കി പോകേണ്ടതില്ല.

 Top