27 May Wednesday

പരകായപ്രവേശം

ശതമന്യു Monday Mar 4, 2019


ഞാനാണ് രാഷ്ട്രം എന്ന് പറഞ്ഞത് ലൂയി പതിനാലാമൻ ആണ്. ഭരിച്ചു ഭരിച്ച‌് സ്വയം മറന്നപ്പോൾ അദ്ദേഹത്തിന് അങ്ങനെ തോന്നിയതാണ്. പിന്നെ അതുപോലെ ഒരു വർത്തമാനം ലോകചരിത്രത്തിൽ കേട്ടത് ഇന്ത്യയിൽനിന്നാണ്. ഇന്ദിര എന്നാൽ ഇന്ത്യ, ഇന്ത്യയെന്നാൽ ഇന്ദിര എന്ന‌് ഈണത്തിൽ പാടി നടന്ന കോൺഗ്രസുകാർ ഇന്നും നാട്ടിലൊക്കെയുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം വേണ്ട, പാർലമെന്റ‌് വേണ്ട, പൗരാവകാശങ്ങൾ വേണ്ടേവേണ്ട എന്ന് കരുതിയ ഇന്ദിര ഗാന്ധിക്കു ചുറ്റും സ്തുതിപാഠകർ ആയിരുന്നു. അവരാണ് പറഞ്ഞത് ഇന്ത്യ എന്നാൽ ഇന്ദിര ആണെന്ന്. ആ വർത്തമാനവുംകൊണ്ട് 1977 തെരഞ്ഞെടുപ്പിന് പോയി ഇന്ദിര ഗാന്ധിക്ക് കിട്ടിയത് യഥാർഥ ഇന്ത്യയുടെ താങ്ങാൻ പറ്റാത്ത പ്രഹരമാണ്. ചരിത്രത്തിലാദ്യമായി കോൺഗ്രസ് ഭരണം മൂക്ക് കുത്തി താഴെ വീണു. അന്നുവരെ ഇന്ദിരയുടെ വലംകൈയായി നടന്ന എ  കെ ആന്റണി ഉൾപ്പെടെ കളം മാറ്റിച്ചവിട്ടി കോൺഗ്രസിൽനിന്ന് പുറത്തുകടന്നതും അതിനുപിന്നാലെതന്നെ. പിന്നെ ഒരാളും ഞാനാണ് രാഷ്ട്രം എന്ന് പറയുന്നത് കേട്ടിട്ടില്ല.

ഇടക്കാലത്ത് ഗുജറാത്തിൽനിന്ന് അത്തരമൊരു വർത്തമാനം ഉയർന്നിരുന്നു. താനാണ് ഗുജറാത്ത് ഗുജറാത്ത് മാതൃക എന്ന ഒരു വീമ്പ് പറച്ചിൽമാത്രമായി അത‌് അവസാനിച്ചു. ഗുജറാത്തിലെ കക്കൂസുകളുടെയും ആശുപത്രികളുടെയും ജനങ്ങളുടെ ജീവിതത്തെയും ശരിയായ ചിത്രം പുറത്ത് വന്നപ്പോൾ അത്തരം അവകാശവാദങ്ങൾ മണ്ണടിഞ്ഞുപോവുകയും ചെയ്തു. ഇപ്പോഴിതാ അതേ ശബ്ദത്തിൽ വീണ്ടും വേറൊരു വീരവാദം കേൾക്കുന്നു. നരേന്ദ്ര മോഡിക്ക് ഒരു സുപ്രഭാതത്തിൽ തോന്നുകയാണ് തന്നെ വിമർശിക്കുന്നവർ ഇന്ത്യ രാജ്യത്തെ വിമർശിക്കുന്നവരാണ് എന്ന്. മോഡി സമം രാജ്യമെന്ന് മോഡിതന്നെ ധരിക്കുന്നു. അത് ഒരു പ്രത്യേക മാനസികാവസ്ഥയാണ്. കുട്ടിക്കാലത്ത് മുതലയെ കൊന്നതുപോലെ, ചായ വിറ്റതുപോലെ, ഹിമാലയത്തിന്റെ ഗുഹാന്തരങ്ങളിൽ ദീപാവലിക്കാലത്ത് ചെന്ന് തപസ്‌ ഇരുന്നതുപോലെ, ആരും കാണാത്ത ഡിഗ്രി കൈക്കലാക്കിയതുപോലെ, വിവാഹംചെയ്ത് വീട്ടിൽ കൊണ്ടുവന്ന് യശോദാബെന്നിനെ ഉപേക്ഷിച്ച് സ്വയം സേവനത്തിന് ഇറങ്ങിയതുപോലെ ഒരു ഉൾവിളികൊണ്ട് സംഭവിക്കുന്നതാണ് ഈ തോന്നൽ. അഞ്ചുകൊല്ലത്തെ ഭരണം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഇന്ത്യ എന്തായി എന്നുമാത്രം പറയില്ല. താൻ ഇന്ത്യയായി എന്നാണ് മോഡിക്ക് തോന്നുന്നത്. 

പുൽവാമയിൽ ആക്രമണം നടന്നശേഷം ഓരോ ദിവസവും മോഡി നടത്തിയ യാത്രകളും ധരിച്ച വസ്ത്രങ്ങളും പ്രകടിപ്പിച്ച ഭാവങ്ങളും കഴിഞ്ഞ ദിവസം ഒരു ദേശീയ പത്രം പ്രസിദ്ധീകരിച്ചു. ഓരോ ദിവസവും മാറിമാറിയുള്ള വസ്ത്രവിതാനവും പശ്ചാത്തലത്തിന‌് അനുസരിച്ചുള്ള ഭാവഹാവാദികളും പുഞ്ചിരിയും ചെറുചിരിയും പൊട്ടിച്ചിരിയും മോഡിയിൽ നിറഞ്ഞ കാലമായിരുന്നു അത്. എല്ലാം കഴിഞ്ഞ് രാജ്യസ്നേഹത്തെക്കുറിച്ച് പുട്ടിന് പീര എന്നപോലെ പറയും. അതുതന്നെയാണ് രാജ്യസ്നേഹം എന്ന്‌ പാടിപ്പുകഴ്ത്താൻ ആസ്ഥാന ഗായകർ ഉള്ളതുകൊണ്ട് യെദിയൂരപ്പയും മോഡിയും അമിത് ഷായും ഒരുപോലെ രക്ഷപ്പെട്ടുപോകുന്നുണ്ട്. അത് ആത്യന്തികമായ രക്ഷപ്പെടലാണ് എന്നു പറയാൻ ചരിത്രവസ്തുതകളുടെ പിൻബലമില്ല. ഇതുപോലെ കരുതിയ ജർമനിയിലെ ഫ്യൂറർ അവസാനം സ്വന്തം തലയ്ക്കാണ് വെടിവച്ചത്.

നരേന്ദ്ര മോഡിയെ വിമർശിക്കുന്നത് ഇന്ത്യയെ വിമർശിക്കുന്നതുപോലെയാണെന്നും അത് രാജ്യദ്രോഹമാണെന്നും പറയുന്ന ആർഎസ്എസുകാരെ സഹിക്കാം. അവർക്ക് അത്രയ്ക്കുള്ള ബുദ്ധിയേ ഉള്ളൂ. എന്നാൽ, അത് പറയുന്നതിന് താളംപിടിക്കുന്ന മാധ്യമങ്ങളെ സഹിക്കുക പ്രയാസമാണ്. അത് ഉൽക്കൃഷ്ടമായ മലയാളഭാഷയിൽ ഇറങ്ങുന്ന പത്രം ആകുമ്പോൾ വളരെയേറെ പ്രയാസം. കഴിഞ്ഞദിവസം ഗാന്ധിജിയുടെ ചിത്രവുമായി ഇറങ്ങുന്ന ദേശിയ പത്രത്തിലെ ഞായറാഴ്ച കാർട്ടൂൺ കേരളത്തിലെ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയെ പാക‌് പ്രധാനമന്ത്രി ഇമ്രാൻഖാൻ സൈക്കിളിന്റെ പുറകിലിരുത്തിക്കൊണ്ടുള്ളതാണ്. കാർട്ടൂണിസ്റ്റ് അല്ലേ, കാർട്ടൂൺ അല്ലേ എന്തും ആയിക്കോട്ടെ എന്ന് നിഷ്കളങ്കമായി കരുതാം. എന്നാൽ, കാർട്ടൂണിനുള്ളിൽ കാളകൂടവിഷം നിറച്ച് കാശ് കൊടുക്കുന്ന വായനക്കാരന്റെ മുഖത്തേക്ക് എറിഞ്ഞുകൊടുക്കുന്നത് അത്ര നിസ്സാരമായ കാര്യമല്ല. രാജ്യത്തെ അംഗീകൃത പാർടിയായ സിപിഐ എമ്മിന്റ പൊളിറ്റ്ബ്യൂറോ അംഗത്തെ അയൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയോട് ചേർത്ത് കെട്ടുകയും രാജ്യത്തിന്റെ ശത്രു എന്ന് പരോക്ഷമായി ആക്ഷേപിക്കുകയും ചെയ്യുന്നത് മാധ്യമപ്രവർത്തനവും അല്ല, പത്രം സ്വാതന്ത്ര്യവും അല്ല, ആവിഷ്കാരസ്വാതന്ത്ര്യവും അല്ല. അതിന് പറയുന്ന പേര് തനി തോന്ന്യാസം എന്നാണ്.

ഒരു കാർട്ടൂണിസ്റ്റ് എന്ത് വരച്ചാലും പത്രത്തിൽ അച്ചടിച്ചുവരില്ല. വരണമെങ്കിൽ പത്രാധിപന്മാർ കനിയണം. അങ്ങനെ കരുതുന്ന പത്രാധിപന്മാരുടെ പിന്നാമ്പുറമാണ് യഥാർഥത്തിൽ ചികഞ്ഞ് പുറത്ത‌് എടുക്കേണ്ടത്. ഇന്ത്യാരാജ്യത്ത് നിയമവിധേയമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർടിയെ മറ്റൊരുതരത്തിൽ ചിത്രീകരിക്കുന്നത് തികഞ്ഞ രാജ്യദ്രോഹമാണ്. ആർഎസ്എസിൽ പ്രസ്തുത കാർട്ടൂണിസ്റ്റ് രാജ്യദ്രോഹി എന്ന വിളിമാത്രമേ അർഹിക്കുന്നുള്ളൂ. രാജ്യത്തെ ദ്രോഹിക്കുന്ന ഇതുപോലുള്ള ജന്മങ്ങളെ തീറ്റിപ്പോറ്റുന്നവരാണ് ബാക്കി കാര്യങ്ങൾ ആലോചിക്കേണ്ടത്. 

കൊലപാതക രാഷ്ട്രീയത്തിനെതിരെ ചന്ദ്രഹാസം മുഴക്കിയ കോൺഗ്രസ് ഒടുവിൽ കൊല്ലത്ത് ചെന്ന് ഒരു വയോധികനെയാണ്‌  കൊന്നത്. എന്നിട്ടും തങ്ങൾ സമാധാനത്തിന്റെ മാലാഖമാരാണെന്ന് പറയാൻ അവർക്ക് ഒരു മടിയുമില്ല. പക്ഷേ, മര്യാദയ‌്ക്ക് ആരാണ് എന്ന് നെഞ്ചിൽ കൈവച്ച് പറയാൻ കഴിയുമെന്ന് തോന്നുന്നില്ല. കോൺഗ്രസിന്റെ പുതിയ മുഖമാണ് താനെന്ന അവകാശവാദവുമായി രംഗത്തുള്ളത്‌ വി ടി ബൽറാം ആണ്‌.  ആ വീട്ടിൽ വി ടി ബൽറാം കെപിസിസി അധ്യക്ഷനെ വിരട്ടുകയാണെത്രേ. നേരിട്ട് വിരട്ടുകമാത്രമല്ല ക്വട്ടേഷൻ സംഘത്തെ വിട്ട് ആക്രമിക്കുകയാണ്. ബൽറാമിന്റെ ലോകം സൈബർലോകം ആയതുകൊണ്ട് അവിടെയാണ് ക്വട്ടേഷൻ സംഘത്തെ വിന്യസിച്ചിരിക്കുന്നത്.

ആദ്യത്തെ ആക്രമണം ടി സിദ്ദിഖിനു നേരെയായിരുന്നു. അന്ന് മറ്റ് കോൺഗ്രസുകാർ കരുതിയത് സിദ്ദിഖ് അല്ലേ രണ്ട്‌ കിട്ടിയാലും കുഴപ്പമില്ല എന്നാണ്. അടുത്തഘട്ടം വരുന്നത് സാക്ഷാൽ കെപിസിസി അധ്യക്ഷനുനേരെയാണ്. കയറൂരിവിട്ടതിന്റെ കുഴപ്പം. രാജ്യമാകെ ആദരിക്കുന്ന സ്വാതന്ത്ര്യസമരസേനാനി എ കെ ജിയെ പുലഭ്യം പറഞ്ഞപ്പോൾ പുഞ്ചിരി പൊഴിച്ചുകൊണ്ടുനിന്ന കോൺഗ്രസുകാർക്ക് ഇതുതന്നെ കിട്ടണം. വി ടി ബൽറാം ഇനിയുമിനിയും ഇതുപോലെ സ്വന്തം പക്ഷത്തേക്ക‌് ആക്രമണം നടത്തുകതന്നെ വേണം. എന്നാൽ മാത്രമേ കോൺഗ്രസ് പഠിക്കൂ.

 Top